News Reader's Blog Social Media

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ വക്താക്കൾ: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവാമ്പാടി: ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതൽ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുൻപോട്ടു നയിക്കാൻ ആവശ്യമായത് ദൈവം സമയാസമയങ്ങളിൽ നൽകുമെന്നും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

താമരശ്ശേരി രൂപത മരിയൻ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം “ജീവോത്സവ് 2K25′ തിരുവമ്പാടിയിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്.

താമരശ്ശേരി രൂപതയിലെ പ്രോലൈഫിന്റെ ഒന്നര ദശാബ്ദ കാലത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി 700 ഓളം കുടുംബങ്ങൾ നാലും അതിൽ കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങളാണ്. സമ്മേളനത്തിനു മരിയൻ പ്രോ-ലൈഫ് രൂപതാ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു.

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി പ്രോ-ലൈഫ് സമിതി തയ്യാറാക്കിയ “കുഞ്ഞേ നിനക്കായ് പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് നിർവഹിച്ചു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. തോമസ് വി. മേക്കാട്ട്, ഡോ. ഫിലോമിന മാത്യു, ഡോ. ബീന സിഎംസി, അമ്പിളി മാത്യു എന്നിവരെ ആദരിച്ചു.

ഏഴു മക്കളുടെ പിതാവായ ദേവഗിരി ഇടവകാംഗം ജെയ്സൺ ജോണിനെയും കുടുംബത്തെയും നാലു മക്കളിൽ കൂടുതലുള്ള ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെയും വലിയ കുടുംബങ്ങളിൽ നിന്ന് വൈദിക, സന്യസ്ത വിളികൾ സ്വീകരിച്ചവരെയും അനുമോദിച്ചു.

തിരുവമ്പാടി ഫൊറോന അസി. വികാരി ഫാ. ജേക്കബ് തിട്ടയിൽ, എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. റീന ടോം, സിഎംസി സുപ്പീരിയർ സി. പവിത്ര, എംഎസ് സുപ്പീരിയർ സി. കാർമലേറ്റ്, സിമിലി അറക്കപ്പറമ്പിൽ, ടോമി പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.