Daily Saints Reader's Blog

വിശുദ്ധ സിൽ‌വെസ്റ്റർ ഒന്നാമപ്പാപ്പ :ഡിസംബർ 31

ഏ.ഡി. 280 നോടടുത്ത് റോമിൽ റൂഫിനസിന്റെ മകനായി ജനിച്ചു. സിൽവെസ്റ്റർ ചെറുപ്പത്തിൽ തന്നെ ക്രൈസ്തവ വിശ്വാസത്തിലാണ് വളർന്നു വന്നത്. മതമർദ്ദനം മൂലം ക്രൈസ്തവർ അക്കാലത്ത് രഹസ്യമായാണ് കഴിഞ്ഞു വന്നിരുന്നത്.

കൗമാരപ്രായത്തിൽ അദ്ദേഹം രസഹ്യമായി ക്രൈസ്തവരെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും സമയം കണ്ടെത്തിയിരുന്നു. മതമർദ്ദനത്താൽ രക്തസാക്ഷിത്വം വരിച്ചവരുടെ ശവശരീരങ്ങൾ രഹസ്യമായി സഭാപരമായി സംസ്കരിച്ചിരുന്നു. തുടർന്നുള്ള കാലങ്ങളിൽ സിൽവെസ്റ്റർ പൗരോഹിത്യ വേലകളും അനുഷ്ഠിച്ചു.

ഏ.ഡി.314-ൽ മുൻ മാർപ്പാപ്പയായിരുന്ന മെൽക്കിയാദസിന്റെ അന്ത്യത്തോടെയാണ് സിൽവസ്റ്റർ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രൈസ്തവരെ സ്വവിശ്വാസത്തിൽ നിലനിൽക്കുവാൻ അനുവദിച്ചു. എന്നാൽ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചില്ല. ചക്രവർത്തിയെ ക്രിസ്തുമതവിശ്വാസിയാക്കിയത് സിൽവസ്റ്റർ ആണെന്നു കരുതപ്പെടുന്നു.

അതിനു കാരണമായി പറയുന്നത്:- ഒരിക്കൽ ചക്രവർത്തിയുടെ ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടു. രോഗം ശരീരമാസകലം പടരുകയും തുടർന്നൊരു ദിവസം അദ്ദേഹത്തിനു സിൽവസ്റ്ററിനെ നേരിൽ കാണുവാൻ സ്വപ്നദർശനം ലഭിക്കുകയും ചെയ്തു. അപ്രകാരം ചക്രവർത്തി മാർപ്പാപ്പയെ കാണുകയും സൗഖ്യം ലഭിക്കുകയും ചെയ്തു.

ഈ സംഭവത്തിനു ശേഷമാണ് ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചത്. പിന്നീട് സിൽവെസ്റ്റർ ചക്രവർത്തിയുടെ സഹായത്തോടെ മതപ്രചരണം ശക്തമായി തുടർന്നു. 335 ഡിസംബർ 31 സിൽവെസ്റ്റർ അന്തരിച്ചു.