ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 മണികഴിയുമ്പോൾ ആശീർവ്വാദം നല്കുന്നതിനായി ആശുപത്രിയുടെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, വെളിപ്പെടുത്തി.
പാപ്പായ്ക്കുണ്ടായിട്ടുള്ള ശ്വസന-ചലനപരങ്ങളായ നേരിയ പുരോഗതികളിൽ തുടർച്ചയുണ്ടെന്ന് വാർത്താ കാര്യാലയം, മാർച്ച് 21-ന് (വെള്ളിയാഴ്ച) രാത്രി അറിയിച്ചിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയാണെന്നും വാർത്താകാര്യാലയം അന്നു വെളിപ്പെടുത്തി.
രാത്രിയിൽ ശ്വസനത്തിന് യന്ത്രസഹായം (മെക്കാനിക്കൽ വെൻറിലേഷൻ) ഉപയോഗപ്പെടുത്തുന്നില്ലെയെന്നും എന്നാൽ അതിനു പകരം നാസാരന്ധ്രങ്ങളിലേക്ക് കുഴലുകളിലൂടെ ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നുണ്ടെന്നും പകൽ സമയത്ത് ഇത് കുറച്ചുമാത്രമാണ് ഉപയോഗിക്കുന്നതെന്നും ഈ കാര്യാലയം വ്യക്തമാക്കി.
ചികിത്സ, പ്രാർത്ഥന, ചെറുജോലികൾ എന്നിവയാണ് പാപ്പായുടെ ദിനചര്യയെന്നും അതുപോലെ, കഴിഞ്ഞു പോയ ഞായാറാഴ്ചകളിലെ രീതിയിൽ തന്നെ ആയിരിക്കും ഈ ഞായറാഴ്ചത്തെയും മദ്ധ്യാഹ്നപ്രാർത്ഥനയെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യലയം വെളിപ്പെടുത്തി.