CMI -സഭയ്ക്ക് നാല്പത്തഞ്ച് നവവൈദികർ…

Simon Varghese CMI

“അമൂല്യമാം യൗവനം
യേശുവിനേകുന്നു
സമ്പൂർണ്ണമാം സ്നേഹമെൻ
നാഥനിലാണല്ലോ”


ഒന്നരദശത്തോളം നീളുന്ന അനന്യമായ പരിശീലന പക്രീയ
അവിടെ സംഭവിക്കുന്നത് അത്ഭുതമാണ്
അവിശ്വസനീയമായ അത്ഭുതം.
അതിനിടെ ഒരേ ബഞ്ചിൽ
ഇരുപുറവുമുളളവർ കൊഴിഞ്ഞുപോകുന്നു;
ചിലർ
ഇഴഞ്ഞു നീങ്ങുന്നു.

Carmelites of Mary Immaculate (CMI) jubilant over 45 Newly Ordained Priests.


പുതുസൗഹൃദങ്ങൾ വരുന്നു.
ശാസ്ത്രം പഠിക്കുന്നു;
തത്വം രുചിക്കുന്നു;
വചനം ഗ്രഹിക്കുന്നു;
നിശബ്ദതയുടെ വിലയറിയുന്നു.


ശുദ്ധശാസ്ത്രികൾ
വേദശാസ്ത്രികൾ
തത്വശാസ്ത്രികൾ
മന:ശാസ്ത്രികൾ
ഭാരതവിചാരധാര തലയ്ക്കു പിടിച്ച് കഷായമുണ്ടു ധരിച്ചു മണ്ടിനടക്കുന്ന “മുണ്ടുസ്വാമികൾ”
ഗുരുക്കന്മാരങ്ങനെ പലതരം.


ക്ലാസുകളുമുണ്ട് പല വിധം
സാധാരണ തരം
ചിന്തോദ്ദീപകം
ഉറങ്ങിപ്പോയാൽ “പൊന്തി(ഫി)പ്പിക്കൽ “
എന്നിങ്ങനെ…
ആശയപരമായ സംവാദങ്ങൾ,
ആമാശയപരമായ ആശ്വാസങ്ങൾ
തീ പാറുന്ന ഡിബേറ്റുകൾ, സംഘട്ടനാത്മക കളിക്കളം, സംശയങ്ങൾ, നിവാരണങ്ങൾ
കലാ-സാഹിത്യ മത്സരങ്ങൾ,
കുടിലൻ വാഗ്വാദങ്ങൾ,
കിടിലൻ സമവായ ചർച്ചകൾ.


എന്തും തുറന്നു സംസാരിക്കാൻ ആത്മീയപിതാക്കന്മാർ
ഒന്നും സംസാരിക്കാൻ അനുവാദമില്ലാത്ത സമയക്രമങ്ങൾ;
ഉല്ലസിക്കാൻ പ്രത്യേകസ്ഥലങ്ങൾ; സമയങ്ങൾ..
പണ്ടു പഠിച്ചതു പലതും തെറ്റെന്നുള്ള തിരിച്ചറിവ് – അൺലേണിങ്ങ് ആൻ്റ് റീലേണിങ്ങ്.


മൂല്യശ്രേണി തലകീഴായ് മറിയുന്ന അനുഭവങ്ങൾ
പുറംലോകം കാണാത്ത മാസങ്ങൾ, സ്വന്തം വീടുമായി യാതൊരുതരം ബന്ധവുമില്ലാത്ത അവസ്ഥകൾ ( അതിനിടയിലുള്ള “ഒരിക്കലും മരിക്കരുതെന്നാഗ്രഹിച്ച ” പ്രിയരുടെ മരണങ്ങൾ; താങ്ങാവുന്നതിലധികം മിസ്സാവുന്ന വിവാഹങ്ങൾ.. )


സംസ്ഥാനങ്ങൾ കടന്നുള്ള ഒറ്റയ്ക്കും കൂട്ടമായതുമായ യാത്രകൾ, താമസം, പുതുസംസ്കാരങ്ങൾ, കാലാവസ്ഥ, അസുഖങ്ങൾ… ആശുപത്രി, സൗഖ്യം
വിരുന്നുകൾ, ഉപവാസങ്ങൾ, ഉപദേശങ്ങൾ, പരിഹാരങ്ങൾ, പരിഹാസങ്ങൾ, ഉപഹാരങ്ങൾ, തിരുത്തലുകൾ..


“മോൻ അച്ചനായി കാണാൻ അമ്മച്ചിക്ക് കഴിയുമോ മോനേ “
ഇല്ലെന്ന് ഉറപ്പായിട്ടും ദാഹത്തോടെ കാത്തിരിക്കുന്ന വല്യപ്പച്ഛനും, വല്യമ്മയും
ചക്കരക്കുട്ടൻ അച്ചനാവാൻ കൊന്തയുരുട്ടി തഴമ്പേറ്റുന്ന പ്രായമേറിയ മറ്റുപ്രിയർ.
അവസാനം
ഔദ്യോഗിക അനുവാദം ലഭിക്കുന്ന നിമിഷം!


പിന്നെ ഒരുക്കങ്ങൾ
പേരിലും, കടമയിലും കാഴ്ചപ്പാടിലും വരുന്ന മാറ്റങ്ങൾ….
പതിനഞ്ചു വർഷത്തോളമാണ്
പറന്നങ്ങു പോകുന്നത്
കുടുംബത്തേക്കാളുപരിസ്നേഹത്തോടെയാണ് സ്വന്തം സന്യാസസമൂഹം ഈ അച്ചൻപിറവിക്കായി കാത്തിരിക്കുന്നതെന്നത് കോൾമയിർ കൊള്ളിക്കുന്ന സത്യം.


അവസാനം
ഒരൊറ്റ സന്യാസസഭയിൽ നിന്ന്
ഒരൊറ്റബാച്ചിൽ
അരശതത്തോളം നവവൈദികർ!
അവരെല്ലാം എറണാകുളം സി.vഎംഐ ജനറൽ ഹൗസിൽ – ചാവറ ഹിൽസ് – ഒന്നുചേർന്ന് ഏകമനസ്സോടെ ബലിയർപ്പിക്കുന്ന സുന്ദരമുഹൂർത്തമാണ് കാമറ ഒപ്പിയെടുത്തിരിക്കുന്നത്.


തിളയ്ക്കുന്ന ചെറുപ്പത്തിൻ്റെ നിറവിൽ ദൃഢനിശ്ചയത്തോടെയുള്ള ഈ നിൽപ്പ്, ചൈതന്യം നിറഞ്ഞ ഈ ബലിയർപ്പണം, സഭയോടുള്ള സ്നേഹാദരവ്… വിശ്വാസിക്കിത് ആത്മാവിനെ ആകാശത്തിനപ്പുറമെത്തിക്കുന്ന ആത്മീയാനന്ദാനുഭൂതിതന്നെ.


ഇവരാണ്
സഭയുടെ ചെറുപ്പം..
ഇവരിലാണ്
സഭയുടെ ചുറുചുറുക്ക്..
പ്രതീക്ഷയ്ക്കും,
പുത്തനുണർവിനും
ഇതിലുമുപരി എന്ത് ഉണർത്തുപാട്ടു വേണം വിശ്വാസസമൂഹത്തിന്!
സാഭിമാനം!

error: Content is protected !!