ദരിദ്ര്യരാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും, യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികർക്കും, സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
ഫെബ്രുവരി 5ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം പോളിഷ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ബുദ്ധിമുട്ടേറിയ അജപാലനമേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചത്.
ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങൾ തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്നയിടങ്ങളിൽ വൈദികരുടെയും സമർപ്പിതരുടെയും സാന്നിദ്ധ്യം, അനേകർക്ക്, ദൈവം തങ്ങളെക്കുറിച്ച് ഇപ്പോഴും അനുസ്മരിക്കുന്നുണ്ട് എന്ന ബോദ്ധ്യമേകുന്നതിന് സഹായകരമാകുന്നുണ്ടെന്ന് പാപ്പാ അനുസമരിച്ചു.
യുദ്ധങ്ങളുടെ അവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി പരിശ്രമിക്കുക. പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത് ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യവേ, യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യവേ, നമ്മുടെ ഈ ലോകം കൂടുതൽ സന്തോഷപൂർണ്ണവും സഹോദര്യപരവുമായി മാറാൻ വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.
ചൈനീസ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത വേളയിൽ, എല്ലായ്പ്പോഴും സമാധാനം സ്ഥാപിക്കുന്നവരായിരിക്കുവാൻ ഏവരെയും പരിശുദ്ധപിതാവ് ആഹ്വാനം ചെയ്യതിരുന്നു.