പാലാ:കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു.
ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
പാവപ്പെട്ടവർക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചിലവിൽ നൽകണമെന്നുള്ള ക്രിസ്ത്യൻ മൂല്യങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ് ആശുപത്രിയുടെ വിജയത്തിനു കാരണം.
നാലര വർഷം കൊണ്ട് 40 വർഷത്തിന്റെ വളർച്ച നേടാൻ ആശുപത്രിക്കു സാധിച്ചു. കാൻസർ രോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ പാവപ്പെട്ടവർക്ക് അഭയമാകുന്ന സത്രമായി മാറുമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിദേശ രാജ്യങ്ങളിൽ ലഭ്യമാകുന്ന കാൻസർ ചികിത്സ സംവിധാനങ്ങൾ നാട്ടിൻ പുറത്തെ സാധാരണക്കാർക്കും ലഭ്യമാക്കണം എന്ന ലക്ഷ്യത്തിലാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നിർമ്മിക്കുന്നതെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഗവേഷകർക്കു കൂടി പ്രയോജനപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രം മാർ സ്ലീവാ മെഡിസിറ്റിയുടെ ചരിത്രത്തിൽ നിർണായക നാഴികക്കല്ലായി മാറുമെന്നും ബിഷപ് പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയാണ് രാജ്യാന്തര നിലവാരത്തിലുള്ള കാൻസർ റിസർച്ച് സെന്റർ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.
വിവിധ നിലകളിലായി നിർമ്മിക്കുന്ന സെന്ററിൽ ഏറ്റവും നൂതന ചികിത്സ സംവിധാനങ്ങളാണ് ഒരുക്കുക. കാൻസർ ചികിത്സയിൽ വിദേശത്ത് ലഭ്യമാകുന്ന നൂതന ചികിത്സ രീതികളും സെന്ററിന്റെ പ്രത്യേകതയായി മാറും.
ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സമ്പൂർണ കാൻസർ ചികിത്സ സെന്ററായി മാറാനാണ് ലക്ഷ്യമിടുന്നത്. കാൻസർ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങളും ചികിത്സിച്ചു പൂർണമായി മാറ്റാനുളള സംവിധാനങ്ങളും സെന്ററിൽ ഉണ്ടാകും.
നിലവിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. പുതിയ സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റിലജിൻസ് സംവിധാനത്തോടെയുള്ള സംവിധാനങ്ങൾ കാൻസർ ചികിത്സക്കായി ഒരുക്കുന്നത് പ്രത്യേകതയായി മാറും.
കൂടാതെ ന്യൂക്ലിയർ മെഡിസിനായി പ്രത്യേക സംവിധാനങ്ങൾ, പ്രത്യേക റേഡിയേഷൻ കേന്ദ്രങ്ങൾ, പീഡിയാട്രിക് കാൻസർ ചികിത്സ വിഭാഗം,ഗവേഷണ സൗകര്യങ്ങൾ, ശസ്ത്രക്രിയ കഴിയുന്നവർക്കുള്ള പ്രത്യേക വാർഡുകൾ, പ്രത്യേക കീമോ വാർഡുകൾ, രോഗിയുടെ കൂട്ടിരിപ്പിക്കാർക്കുള്ള പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ, കൗൺസലിംഗ് മുറികൾ എന്നിവ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടാകും.
ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പ്രസംഗിച്ചു. പാലാ രൂപത ബിഷപ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ജോസ്.കെ.മാണി എം.പി, മാണി.സി.കാപ്പൻ എംഎൽഎ എന്നിവർ പങ്കെടുത്തു.