മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നേടിയ ദൈവത്തോട് ഉത്ഥാനനുഭവത്തിനായി പ്രാർത്ഥിക്കാം..

യോഹന്നാൻ 11: 32 – 44
നിത്യജീവനിലേക്കുള്ള കവാടം

ഒരേസമയം, ദൈവപുത്രനും മനുഷ്യപുത്രനുമായവൻ. വേദനിക്കുന്ന മനുഷ്യരോട്, അവരുടെ കണ്ണീരിൽ പങ്കുപറ്റി, നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നവൻ. പാപത്തിന്റേയും മരണത്തിന്റേയും അടിമത്വത്തിലായിരുന്ന, മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പ് തന്നെയായിരുന്നല്ലോ, അവന്റെ മനുഷ്യാവതാരലക്ഷ്യവും.

അതിനായി, അവൻ സ്വയം മരണവിധേയനാവുകയും, സ്വജീവൻ വിലയായി നൽകി, നിത്യജീവൻ നമുക്ക് നേടിത്തരികയും ചെയ്തു. അതിലൂടെ, അവൻ ഒരു സത്യം നമുക്ക് വെളിവാക്കിത്തന്നു, മരണമെന്ന യാഥാർഥ്യത്തിലൂടെ കടന്നുപോയാലെ, നിത്യജീവനെന്ന ദൈവദാനം സ്വയത്തമാക്കാൻ കഴിയൂ.

തുടർന്ന്, തന്റെ പ്രാർത്ഥന ശ്രവിച്ച പിതാവായ ദൈവത്തോടുള്ള, യേശുവിന്റെ കൃതജ്ഞതാ പ്രകാശനമാണ്. പിതാവുമായി എപ്പോഴും പ്രാർത്ഥനയിൽ ഒന്നായിരിക്കുന്നതിനാൽ, തന്റെ ആവശ്യം അവിടുന്ന് നിരസിക്കില്ലായെന്ന്, യേശുവിന് നന്നായറിയാം. ഇതിൽനിന്നും വലിയ ഒരു പാഠം അവൻ നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ പ്രാർത്ഥനകളും ആവശ്യങ്ങളും ഫലപൂർണ്ണമാകാൻ, ദൈവവുമായി പ്രാർത്ഥനയിലൂടെ ഗാഢബന്ധം പുലർത്തുക അനിവാര്യമാണ് എന്ന സത്യം. കൂടാതെ, നമ്മുടെ ഓരോ പ്രാർത്ഥനകളും, ദൈവമഹത്വത്തിനായി പരികർമ്മം ചെയ്യപ്പെടണം.

നമ്മുടെ പ്രാർത്ഥന കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക്, അതിലൂടെ ദൈവസാന്നിധ്യം അനുഭവവേദ്യമാകണം. നമ്മുടെ അനുദിനപ്രാർത്ഥനകളെ, ആത്മശോധന ചെയ്തു, പരിവർത്തനവിധേയമാക്കാം.

ലാസറിന്റേത് ഉത്ഥാനമല്ല, പുനരുജ്ജീവനമാണ്. കാരണം, അത് പഴയ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്. അത് മഹത്വജീവിതത്തിലേക്കല്ല, നിത്യജീവനിലേക്കല്ല, ജീവനിലേക്കുള്ള മടങ്ങിവരവാണ്.

ഉത്ഥാനം മഹത്വീകൃതമാണ്, അത് മരണത്തിൽനിന്നും നിത്യജീവനിലേക്കുള്ള കടന്നുപോക്കാണ്. നമ്മുടെ മരണവും, ഉത്ഥാനത്തിലൂടെ നിത്യജീവനിലേക്കുള്ള കടന്നുപോകലാകണം. എങ്കിലേ, അവനോടൊപ്പം, അവന്റെ മഹത്വത്തിൽ നാം പങ്കുകാരാകൂ.

നമ്മുടെ മരണമെന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട്, നിത്യജീവനെ പ്രത്യാശയോടെ കാത്തിരിക്കാം. മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നേടിയവൻ, നമുക്കും അവന്റെ ഉത്ഥാനനുഭവം പ്രദാനം ചെയ്യട്ടെ.

error: Content is protected !!