കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്.
ദൈവ തിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാ ശയോടെ ഈ പുതുവർഷത്തെ വരവേൽക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാ മെന്നും അദ്ദേഹം പറഞ്ഞു.
അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരു മാകണമെന്നു മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
വ്യക്തി താല്പര്യങ്ങളും വിഭാഗീയതകളും മാറ്റി വെച്ച് കൂട്ടുത്തരവാദിത്വത്തോടെ ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാം. പ്രശ്നങ്ങൾക്കു നടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ ‘സിനഡാലിറ്റി’യുടെ ചൈതന്യത്തിൽ ഒരുമിച്ചുനടക്കാൻ സാധിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമ 5:5) എന്ന ദൈവവചനത്തെ ആസ്പദമാക്കി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 മഹാജൂബിലി വർഷമായി പ്രഖാപിച്ചിരിക്കുന്നതിനാൽ ദൈവ ത്തിലുള്ള നമ്മുടെ വിശ്വാസം വളർത്താനും, ആശങ്കകളുടെയും വെല്ലുവിളികളുടെയും സമയത്ത് ഈശ്വരദർശനത്തിൽ പുതുക്കപ്പെടാനും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.
മഹാജൂബിലി എന്നത് ക്രൈസ്തവ ജീവിതത്തിന്റെ മഹത്തായ ആഘോഷമാണ്. ഇത് പ്രത്യാശയോടും ഐക്യ ത്തോടും നവീകരിക്കപ്പെടാനും, ദൈവികതയിലേക്ക് മടങ്ങി പോകാനുള്ള കർത്താവിന്റെ വിളി യാണ്. “നമ്മൾ നിരാശയാൽ ചുറ്റപ്പെട്ടുവെന്ന് തോന്നുമ്പോൾ കർത്താവ് പുതിയ പാതകൾ തുറ ക്കുന്നുവെന്ന് മാർപാപ്പയുടെ വാക്കുകൾ നമുക്കാശ്വാസമാണെന്നു മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് പിതാവ് നല്കിയ ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം സിനഡു പിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു.
മാർ ജോർജ് കൂവക്കാട് പിതാവിനെ കർദിനാളായി ഉയർത്തിയതുവഴി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വ്യക്തിപരമായും സീറോമലബാർസഭയെ മുഴുവനായും ആദരിച്ചുവെന്നു മേജർ ആർച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപത യുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ് മാർ തോമസ് തറയിൽ പിതാവിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിനെയും മേജർ ആർച്ചുബിഷപ്പ് അനുമോദനങ്ങൾ അറിയിച്ചു.
രജതജൂബിലി നിറവിലായിരിക്കുന്ന അദിലാബാദ് രൂപതയേയും മേല്പട്ടശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് കുന്നത്ത് പിതാവിനെയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവർ ണ്ണ ജൂബിലി പൂർത്തിയാക്കിയ മാർ ജോസഫ് പെരുന്തോട്ടം പിതാവിനെയും രജതജൂബിലി പൂർത്തി യാക്കിയ മാർ തോമസ് തറയിൽ പിതാവിനെയും മേജർ ആർച്ചുബിഷപ്പ് ആശംസകൾ അറിയിച്ചു.
ഈ വർഷം സീറോമലബാർ സഭയിൽ പൗരോഹിത്യപട്ടമേറ്റ് 283 നവവൈദീകരെയും, സമർപ്പിത സമൂഹങ്ങളിൽ ആദ്യവ്രത വാഗ്ദാനം നടത്തിയ 404 പേരെയും നിത്യവ്രത വാഗ്ദാനം നടത്തിയ 483 പേരെയും മേജർ ആർച്ചുബിഷപ്പ് അഭിനന്ദനങ്ങൾ അറിയിച്ചു.
സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ജനുവരി 11(ശനിയാഴ്ച്ച) സിനഡുസമ്മേളനം സമാപിക്കും.