Meditations Reader's Blog

മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തിനായി പ്രാർത്ഥനയോടെ ജാഗരൂകരായിരിക്കാം

ലൂക്കാ 21:29-36
നിരീക്ഷണപാടവം.

ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ഈ വചനഭാഗത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നു.

കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, നമ്മുടെ കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ.

പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക്, ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാൻ കഴിയട്ടെ.

കാലാവസ്ഥാ വ്യതിയാനങ്ങളും തീവ്രവാദങ്ങളും മതാത്മക കുടിയേറ്റങ്ങളുമെല്ലാം സൂക്ഷ്മമായി നീരീക്ഷിക്കുവാനും അവയെയെല്ലാം കടന്നു പോകാത്ത അവൻ്റെ വചനത്തിൻ്റെ വെളിച്ചത്തിൽ പ്രാർത്ഥനാപൂർവ്വം വിലയിരുത്തുവാനും നമുക്ക് സാധിക്കട്ടെ. സംഭവിക്കാനിരിക്കുന്ന കെണികളെക്കുറിച്ച് ജാഗ്രതയോടെ കരുതലുള്ളവരാകുവാൻ ഈശോ നമ്മെ സഹായിക്കട്ടെ.