“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥമറിഞ്ഞ്, സന്തോഷപൂർവ്വം സുവിശേഷപ്രഘോഷണം നടത്താൻ ഏവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
പരിശുദ്ധാരൂപിയുടെ ഫലമായ സന്തോഷവുമായി ബന്ധപ്പെട്ട് നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രബോധനം നടത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും സുവിശേഷപ്രഘോഷകർ സന്തോഷപൂർവ്വം വേണം വചനമറിയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
ദുഃഖമോ ദേഷ്യമോ മൂലം ഇരുണ്ട മുഖത്തോടെയാകരുത് വചനപ്രഘോഷണം നടത്തേണ്ടതെന്നും, വചനത്തിൽ മറഞ്ഞിരിക്കുന്ന വിലയേറിയ മുത്തുകളും നിധിയും കണ്ടെത്തിയതിലെ ആനന്ദം വെളിവാകുന്ന രീതിയിൽ വേണം നാം വചനം പ്രഘോഷിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു.
“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥം സദ്വാർത്ത എന്നാണ്. അതുകൊണ്ടുതന്നെ, വക്രിച്ച വദനത്തോടും, ഇരുണ്ട മുഖത്തോടും കൂടി അത് മറ്റുള്ളവരെ അറിയിക്കാനാകില്ല, മറിച്ച്, അതിൽ ഒളിഞ്ഞിരിക്കുന്ന നിധിയും, വിലയേറിയ മുത്തും കണ്ടെത്തിയ ഒരുവന്റെ സന്തോഷത്തോടെ വേണം അത് പങ്കുവയ്‌ക്കേണ്ടത്” എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പരിഭാഷ. (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം എക്‌സിൽ കുറിച്ചത്.