മാനസാന്തരപ്പെടാം, പരിശുദ്ധാത്മാവിനാൽ നിറയാം

യോഹന്നാൻ 3 :1 – 12
അവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്കുള്ള വളർച്ച.

ഉള്ളിൽ വിശ്വാസവെളിച്ചം ഉണ്ടെങ്കിലും, അവിശ്വാസത്തിൻ അന്ധതനിറഞ്ഞ രാത്രിയിലാണ്, നിക്കോദേമൂസ്‌ യേശുവിനെ കാണാൻ വരുന്നത്. എന്നാൽ, ഇതവന്റെ വിശ്വാസത്തിലേക്കുള്ള ഒരു യാത്രയായി മാറി. അവനെ തേടിയുള്ള നിക്കോദേമൂസിന്റെ വരവ് തന്നെ വിശ്വാസത്തിന്റെ ആദ്യചുവടാണ്.

പുതിയ ജീവിതത്തിൻ്റെ തുടക്കം. “വീണ്ടും ജനിക്കണം” എന്നതിലൂടെ ഈശോ അർത്ഥമാക്കിയതും, ഈ പുനർജനി തന്നെ. എന്നാൽ, പുനർജനനം ആത്മാവിനാലും ജലത്താലും ആകണം എന്നുമാത്രം. പരിശുദ്ധാത്മാവാണ് ഒരുവനിൽ വിശ്വാസത്തിന്റെ വിത്ത് ജനിപ്പിക്കുന്നത്‌. അതാണ് ആത്മാവിൽ ഉള്ള ജനനം. ഈ ആത്മാവ് നമ്മിൽ നിരന്തരം പ്രവർത്തിക്കുന്നു.

നമ്മുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനം ഈ ആത്മാവാണ്. മാമ്മോദീസ ജലത്തിലൂടെ നമ്മിലെ പുനർജനനം പൂർത്തീകരിക്കപ്പെടുന്നു. അതാണ് ജലത്താൽ ഉള്ള ജനനം. ഭൗതികമായ അറിവിനായി കടന്നു വന്ന നിക്കോദേമൂസിനെ, അവിടുന്ന് ആത്മീയമായി വളർത്തുകയാണ്. അവൻ മാനസാന്തരത്തിലൂടെ പ്രകാശത്തിലേക്ക് കടന്നു വരുന്നു, വിശ്വാസത്തിൽ അടിയുറയ്ക്കുന്നു.

നമ്മുടെ ഉള്ളിലെ ആത്മാവിന്റെ പ്രവർത്തികളോട് തുറവിയുള്ളവരാകാനും, മാനസാന്തരത്തിലൂടെ പുനർജനിക്കാനും ഈശോ നമ്മെ ക്ഷണിക്കുന്നു. ആത്മാവിന്റെ പ്രവർത്തികളെ ബാഹ്യനയനങ്ങൾ കൊണ്ട് കാണാൻ കഴിയില്ല, എന്നാൽ ഫലങ്ങളിൽ നിന്നും തിരിച്ചറിയാം. ആത്മാവിന്റെ ഫലങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കാം. ഈശോ നമ്മെ നയിക്കട്ടെ.

error: Content is protected !!