ലൂക്കാ 12 : 13 – 21
സ്വർഗ്ഗീയ സമ്പന്നത
ഈ ലോകസമ്പത്തുകൊണ്ട്, മറുലോകത്തിൽ സമ്പന്നനാകാൻ മരപ്പണിക്കാരനീശോ പഠിപ്പിക്കുന്നു. എക്കാലത്തും, സമ്പത്തെന്നും ഒരുതർക്കവിഷയമാണ്. കൂടുംതോറും നമ്മിൽ മോഹം വിരിയിക്കുന്ന, അത്യാഗ്രഹം ജനിപ്പിക്കുന്ന ഒന്നാണത്. എന്നാൽ, ഈ ലോകസമ്പത്തിനെക്കാൾ, നന്മപ്രവർത്തികൾക്കൊണ്ടും ദാനധർമ്മം കൊണ്ടും, ആത്മാവിൽ സമ്പന്നരാകാൻ ഈശോ നമ്മെ ഉപദേശിക്കുന്നു.
മറുജീവിതത്തെപ്പറ്റി ചിന്തിക്കാതെ, ഈ ലോകത്തിൽ എല്ലാം മറന്നാസ്വദിച്ചു ജീവിക്കുന്നവരെ, അവൻ വിളിക്കുന്ന ഓമനപ്പേരാണ് “ഭോഷൻ”. ഈ ലോകത്തിന്റെ നശ്വരത മനസ്സിലാക്കാതെ ജീവിക്കുന്നവരാണവർ. പലപ്പോഴും നാം ‘സുരക്ഷ’ യുടെ മാനദണ്ഡമായി സമ്പത്തിനെ കാണുമ്പോൾ, ‘രക്ഷ ‘യുടെ ഉപകരണമാക്കി സമ്പത്തിനെ മാറ്റാൻ, മരപ്പണിക്കാരനീശോ നമ്മോട് ആവശ്യപ്പെടുന്നു.
ഈ ലോകസമ്പത്തിന്മേലുള്ള അധികാരം, നമ്മുടെ മരണത്തോടെ അവസാനിക്കുമെന്നിരിക്കെ, കരുതിവെക്കേണ്ടതും കൂടെകൂട്ടേണ്ടതും, നിത്യജീവനുതകുന്ന നന്മപ്രവർത്തികളെയല്ലേ? ധനസമ്പാതനം നമ്മിൽ ശാന്തതയല്ല, ഉത്കണ്ഠയുടെ മൂടുപടം തീർക്കുമെന്ന്, അവൻ ഈ ഉപമയിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ധനികൻ കണ്ട സ്വപ്നങ്ങൾ ചീട്ടുകൊട്ടാരംപോലെ തകർന്നടിയുമ്പോൾ, നഷ്ടസ്വപ്നങ്ങളുടെ പഴങ്കഥയായി, ഭോഷനായ ധനികൻ മാറുന്നു. നമ്മിലെ നന്മയുടെ സമ്പന്നതായാൽ, സ്വർഗ്ഗീയനിക്ഷേപം കരുതി വയ്ക്കാം. ഒരിക്കലും മരപ്പണിക്കാരനീശോയുടെ “ഭോഷൻ”എന്ന വിളിക്ക് നമ്മൾ അർഹരാകാതിരിക്കട്ടെ.