അയർലൻഡ് സിറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസിന്‍റെ നാഷനൽ ഗ്രാന്‍റ് ഫിനാലെ -ബിബ്ലിയ 24 കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടന്നു. അയർലൻഡിലെ നാലു റീജനിലെ ഒൻപത് കുർബാന സെന്‍ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ പ്രഥമ നാഷനൽ കിരീടം ടീം ലൂക്കൻ സ്വന്തമാക്കി.
ഡബ്ലിൻ റീജനൽ തലത്തിലും ലൂക്കൻ കുർബാന സെന്‍റർ വിജയികളായിരുന്നു. കാസിൽബാർ (ഗാൽവേ റീജൻ) കുർബാന സെന്‍റർ രണ്ടാം സ്ഥാനം നേടി, ഗാൽവേ റീജനിൽ രണ്ടാം സ്ഥനം നേടിയ ടീമാണ്. മൂന്നാം സ്ഥാനം കോർക്ക് കുർബാന സെന്‍ററും (കോർക്ക് റീജൻ), സ്ലൈഗോ കുർബാന സെന്‍ററും(ഗാൽവേ റീജൻ) പങ്കുവച്ചു.
ഒന്നാം സ്ഥനം നേടിയ ലൂക്കൻ കുർബാന സെന്‍ററിന്‍റെ ടീം അംഗങ്ങൾ – ബ്രയൻ മാത്യു ബിനീഷ്, ജെറാൾഡ് മാർട്ടിൻ, അന്നാ ജോബിൻ, ആഗ്നസ് മാർട്ടിൻ, നിസ്സി മാർട്ടിൻ. രണ്ടാം സ്ഥനം നേടിയ കാസിൽബാർ കുർബാന സെന്‍ററിന്‍റെ ടീം അംഗങ്ങൾ – ഈമെൻ സോജൻ, ഈവോൺ സോജൻ, ജൊറോൺ വർഗീസ്, സൗമ്യ.
മൂന്നാം സ്ഥനം നേടിയ കോർക്ക് കുർബാന സെന്‍ററിന്‍റെ ടീം – ക്രിസ്റ്റീൻ ഷൈജു, ഡിയ ലിസ്ബേത്ത് അനിഷ്, എവിലിൻ മോബിൻ, ക്രിസ്റ്റ ജോസഫ്, ഷൈനി എബ്രാഹം. സ്ലൈഗോ കുർബാന സെന്‍ററിന്‍റെ ടീം. – സങ്കീർത്തനാ ഷാജു, ആദം ആന്‍റണി അലൻ, ആരോൺ ജോസഫ് വർഗ്ഗീസ്, ജെഫ് ജോമോൻ, ദീപ വി. ജയിംസ്.
ഈ മാസം 17 ന് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ബിബ്ലിയ മത്സരം കാവൻ സെന്‍റ് പാട്രിക്ക് ആന്‍റഡ് ഫെലിം കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ ഫാ. കെവിൻ ഫേ ഉദ്ഘാടനം ചെയ്തു. സിറോ മലബാർ നാഷനൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.സെബാസ്റ്റ്യൻ വെള്ളാമത്തറ അധ്യക്ഷനായിരുന്നു. മത്സരങ്ങൾ ക്വിസ് മാസ്റ്ററായ ഫാ. സെബാസ്റ്റ്യൻ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.
വിജയികൾക്കുള്ള സമ്മാനദാനം അയർലൻഡ് സിറോ മലബാർ സഭയുടെ നാഷനൽ കോർഡിനേറ്റർ ഫാ.ജോസഫ് ഓലിയക്കാട്ട് നിർവ്വഹിച്ചു. ഫാ.ഷിന്‍റോ സന്നിഹിതനായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സര (ഗ്ലോറിയ 2023) വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
വിശ്വാസ പരിശീലന ഡയറക്ടർ ഫാ.റോയ് വട്ടക്കാട്ട്, അസി.ഡയറക്ടറും കാവൻ വികാരിയുമായ ഫാ.ബിജോ ഞാളൂർ, വിശ്വാസ പരിശീലന നാഷനൽ ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ജോസ് ചാക്കോ, നാഷനൽ പാസ്റ്ററൻ കൗൺസിൽ ട്രസ്റ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിറയത്ത് കാവൻ കുർബാന സെന്‍റർ ഹെഡ്മാസ്റ്റർ ജോജസ്റ്റ് മാത്യു, ട്രസ്റ്റിമാരായ് സോജി സിറിയക്ക്, സാബു ജോസഫ്. ഡബ്ലിൻ സോണൽ ട്രസ്റ്റി ബിനുജിത്ത് സെബാസ്റ്റ്യൻ, ബിനോയ് ജോസ്, ജോബി ജോൺ ചിൽഡ്രൻസ് മിനിസ്ട്രി സെക്രട്ടറി ജിൻസി ജിജി, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ലിജി എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ബൈബിളിനെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം അയർലണ്ടിലെ മുഴുവൻ കുർബാന സെന്‍ററുകളിലും സംഘടിപ്പിച്ചു.
അയർലണ്ടിലെ 29 കുർബാന സെന്‍ററുകളിലെ ആയിരത്തി മുന്നോറോളം വിശ്വാസികൾ ബൈബിൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളായ ടീമുകൾ ആണു നാഷനൽ ഗ്രാന്‍റ് ഫിനാലെയിൽ പങ്കെടുത്തത്. എവർ റോളിങ്ങ് ട്രോഫികളും നാഷനൽതല വിജയികൾക്കുള്ള സമ്മാനങ്ങളും മെയ് പതിനൊന്നിനു നടക്കുന്ന ഓൾ അയർലൻഡ് നോക്ക് തീർഥാടന മധ്യേ വിതരണം ചെയ്യും.