യോഹന്നാൻ 15 : 1 – 8
മുന്തിരിയും ശാഖകളും.
പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്.
അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ.
പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. പരസ്പരമുള്ള സ്നേഹമാണ് എല്ലാ ബന്ധങ്ങളുടേയും അടിസ്ഥാനം.
അവനോട് സ്നേഹബന്ധത്തിലായിരുന്നാൽ, മറ്റുള്ളവരേയും സ്നേഹിക്കാതെ വയ്യ. കാരണം, അവനെ സ്നേഹിച്ചാൽ, അവന്റെ കല്പനകൾ പാലിക്കണം. അവന്റെ കല്പന ‘നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ’ എന്നതുതന്നെ.
കൂടുതൽ ഫലം പുറപ്പെടുവിക്കാൻ, വെട്ടിയൊരുക്കൽ അനിവാര്യമാണ്. അത് വേദന ഉളവാക്കുന്നതെങ്കിലും, ഭാവിയെ മുൻനിർത്തി അത് സഹിച്ചേ മതിയാകൂ. കാരണം, സ്നേഹം… ത്യാഗവും, സഹനവും, മറ്റ് പല സുഖസൗകര്യങ്ങളും പരിത്യജിക്കാൻ നമ്മോട് ആവശ്യപ്പെടും.
അവന്റെ വചനത്താൽ വെട്ടിയൊരുക്കപ്പെട്ടു, കൂടുതൽ ഫലം ചൂടാൻ നമുക്കാവട്ടെ. അവിടുത്തെ വചനത്തിൽ വേരൂന്നി, ദൈവഹിതത്തിന് സ്വയം സമർപ്പിക്കാം. അതുവഴി നാം വെട്ടിയൊരുക്കപ്പെട്ടു വിശുദ്ധീകരിക്കപ്പെടട്ടെ.