മത്തായി 10:5 -15
തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും, ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല.
സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം.
അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ ഇത് ഭരിക്കാനുള്ള അധികാരമല്ല. സേവിക്കാനുള്ളതാണ്.
യേശു നൽകുന്ന അധികാരം എന്ന ദാനം സ്വന്തമായുള്ളവൻ തനിക്കായി ഒന്നും കരുതേണ്ടതില്ല. വെള്ളിയോ ചെമ്പോ കരുതേണ്ട, ഒന്നിനെക്കുറിച്ചും ആകുലതയും വേണ്ട, മറിച്ച് സമാധാനത്തിൻ്റെ വക്താക്കളായി മാറുക.
അതുകൊണ്ടാണ് അവൻ തന്റെ ശിഷ്യരോട് പറയുന്നത് നിങ്ങൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പ്രവേശിയ്ക്കുമ്പോൾ അവിടെയുള്ളവർക്ക് സമാധാനം ആശംസിക്കുകയെന്ന്.
സമാധാനത്തിന്റെയും ദൈവീകതയുടെയും ദൂതന്മാരാകുക. ഇതാണ് ഓരോ ക്രിസ്തുശിഷ്യന്റെയും വിളിയും ദൗത്യവും. ഇത് അവൻ്റെ അതേ മനോഭാവം സ്വന്തമാക്കാനുള്ള വിളിയാണ്.
ശിഷ്യരായ നമ്മളെല്ലാവരും വ്യത്യസ്തരാണ്, എങ്കിലും അവൻ നമ്മെ തിരഞ്ഞെടുത്തതിലൂടെ നമ്മളെല്ലാവരും ഏകരാണ്. അവനിലുള്ള ഈ ഏകതയാണ് നമ്മുടെ ശിഷ്യത്വത്തിൻ്റെ പൂർണ്ണതയും.