യോഹന്നാൻ 21 : 15 – 19
ആഴമാർന്ന സ്നേഹം.
ശിഷ്യത്വസ്നേഹം “അധികസ്നേഹം” ആവശ്യപ്പെടുന്ന ഒന്നാണ്. അവിടെ മറ്റെല്ലാം ഉപേക്ഷിക്കണം, ത്യാഗം വേണം, സഹനം വേണം, സമർപ്പണം വേണം, ജീവൻപോലും വെടിയാൻ സന്നദ്ധമാകണം.
ഇവയിലൂടെ കടന്നുപോയവരാണ് യഥാർത്ഥശിഷ്യർ. എന്നാൽ, എല്ലാവർക്കും ഈ സ്നേഹത്തിൽ നിലനിൽക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം, ഇതിനു ദൈവത്തിന്റെ പ്രത്യേക കൃപ കൂടിയേ തീരൂ. അതുകൊണ്ടാവണം “എല്ലാം നി അറിയുന്നുവെന്നു” പത്രോസ് പ്രത്യുത്തരിച്ചത്.
മൂന്നുപ്രാവശ്യം യേശു പത്രോസിനോട് ചോദ്യം ആവർത്തിക്കുന്നു. മൂന്ന് തവണ തള്ളിപ്പറഞ്ഞതിന്റെയും, അവന്റെ മരണശേഷം ശിഷ്യത്വമുപേക്ഷിച്ചു പോയതിന്റേയും പരിഹാരം എന്നുവേണമെങ്കിലും ചിന്തിക്കാം. ഒരുപക്ഷേ, അവന്റെ ഉള്ളിലെ ശിഷ്യത്വമെന്ന ചാരംമൂടിയ കനലിനെ യേശു ചോദ്യത്തിലൂടെ ജ്വലിപ്പിച്ചതാകാം.
തുടർന്ന് അവൻ പത്രോസിൽ വരാനിരിക്കുന്ന ത്യാഗജീവിതത്തെ സൂചിപ്പിക്കുന്നു. അവന്റെ സ്വന്തമായാൽ പിന്നീടെല്ലാം സ്വന്ത ഇഷ്ടമല്ല, ദൈവേഷ്ടമാണ് എന്നു സാരം. അവിടെ ജീവൻ വരെ ബലികഴിക്കേണ്ടതായി വരും, നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മുടെ ജീവനാണ്, സ്വജീവനേക്കാൾ ഉപരിയായി അവനെ സ്നേഹിക്കണം എന്നർത്ഥം.
ഒരിക്കൽ അതിനു പത്രോസ് തയ്യാറായതാണ്, എന്നാൽ, പിന്നീട് അവൻ അന്ന് പറഞ്ഞ വാക്കുകൾ യഥാർത്ഥ ശിഷ്യത്വസ്നേഹത്തിൽ അടിസ്ഥിതമായിരുന്നില്ല എന്നു വ്യക്തമാക്കി. എന്നാൽ, പന്തക്കുസ്തക്ക് ശേഷമാണ് ഇത്ര ധൈര്യമായി, ആത്മവിശ്വാസത്തോടെ അവൻ ഏറ്റുപറഞ്ഞ്. കാരണം, ഒരുവനെ ശിഷ്യത്വത്തിൽ ആഴപ്പെടുത്തുന്നതും നിലനിർത്തുന്നതും പരിശുദ്ധാത്മാവാണ്.
അവനിലുള്ള ശിഷ്യത്വജീവിതത്തിൽ വീഴ്ചകളും ഇടർച്ചകളും സ്വാഭാവികമാണ്. എന്നാൽ, തിരിച്ചുവരവിന്റെ, പുനരുദ്ധീകരണ കഥകൂടിയാണ് പത്രോസിന്റെ ജീവിതം എന്നതാണ് സത്യം. ഇതു നമ്മുടെ അനുഭവകഥകൂടിയാണ്. നമ്മുക്കും വീഴ്ചകൾ ഉണ്ടാകാറുണ്ട്. എന്നാൽ, തിരിച്ചു വരവാണ് ചിന്തനീയമാക്കേണ്ടത്. അതിനായി ആത്മാവിന്റെ നിറവിനായി അവിടുത്തോട് പ്രാർത്ഥിക്കാം…..