ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ…

ഫാ. ഷിന്റോ വെളീപ്പറമ്പിൽ

പ്രായപൂർത്തിയായ ഒരു പെൺകുട്ടി പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ടി ഒരു ചെറുവീടിന്റെ ഇരുണ്ട മൂലകളിലായി പത്തുവർഷം ഒളിച്ചു കഴിഞ്ഞത്, മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെട്ടെങ്കിലും പ്രണയത്തിനു മാത്രം കഴിയുന്ന അസാമാന്യമായ പ്രവൃത്തിയായി വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

“ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ” എന്ന ചുള്ളിക്കാടിന്റെ വരികൾ ഹൃദയംകൊണ്ട് പാടിയ പ്രണയികളും ഏറെയുണ്ട്. ജീവിതപങ്കാളിയുടെ മരണത്തിനുശേഷം ഇനി ജീവിതം മക്കൾക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെ ജീവിക്കുന്നവരെയും, സംശയം കൊണ്ട് കൂർത്ത നോട്ടത്തോടെയാണെങ്കിലും അധികം അസഹിഷ്ണുത കാട്ടാതെ ജീവിക്കാനും മലയാളികൾ പരിശ്രമിക്കാറുണ്ട്.

എന്നാൽ കന്യാസ്ത്രീകൾ, സിസ്റ്റേഴ്സ് എന്ന് വിളിക്കപ്പെടുന്ന സമർപ്പിത ജീവിതത്തെ ഒരു ജീവിത സാധ്യതയായിപ്പോലും കാണാൻ കഴിയാത്ത തരത്തിലുള്ള നിലപാടാണ് സമകാലീന കേരളം സ്വീകരിച്ചിരിക്കുന്നത്. സന്യാസ ജീവിതം മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ക്ഷണം മാത്രമായി കരുതാൻ ആരാണ് നമ്മളെ നിർബന്ധിക്കുന്നത്?

ശരീരത്തിന് സുഖത്തേക്കാളും ഉന്നതമായ ഒരു ആനന്ദം ജീവിതത്തിൽ കണ്ടെത്താൻ സാധിക്കുമെന്ന് ഭാരതത്തിന്റെ ഋഷിജീവിതങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. എന്നിട്ടും സന്യാസ മഠങ്ങളൊക്കെയും വേശ്യാലയങ്ങളാണെന്ന് അല്പയുക്തിയുടെ അലങ്കാരം പോലുമില്ലാതെ പ്രസ്താവന ഇറക്കാനും അതിന് കയ്യടിക്കാനും കഴിയും വിധത്തിൽ അജ്ഞത പുലർത്തുന്നവർ നമുക്ക് ചുറ്റുമുണ്ട്.

മനുഷ്യനെന്നാൽ ശരീരം മാത്രമാണെന്ന, ശരീരത്തിന്റെ സുഖത്തിനപ്പുറം മനസ്സിന്റെ സന്തോഷമോ ആത്മാവിന്റെ ആനന്ദമോ സാധ്യമല്ലെന്ന് കരുതിപ്പോരുന്ന പരിമിതപ്രജ്ഞരുടെ ആക്രോശങ്ങൾക്കും വിലാപങ്ങൾക്കും കേരളത്തിന്റെ പൊതു മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്നു എന്നുള്ളതാണ് അപകടകരവും ശോകാർദ്രവുമായ വസ്തുത. വേട്ടയാടുന്നവൻ തന്നെ “അയ്യോ! നാട്ടുകാരേ, രക്ഷിക്കണേ” എന്ന് നിലവിളിക്കുന്ന മിന്നൽ മുരളിയിലെ പ്രതി നായകനെ ഇവർ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്.

അപചയങ്ങളോ വീഴ്ചകളോ ഇല്ലെന്നല്ല. പ്രണയത്തിലുണ്ടല്ലോ സന്ദേഹങ്ങളും താല്പര്യ രാഹിത്യവും പടിയിറങ്ങിപ്പോകലുമൊക്കെ. എന്നാൽ സന്യാസ ഭവനങ്ങളിൽ ഉള്ളവരൊക്കെയും കാമപാരവശ്യത്താൽ വീർപ്പുമുട്ടി ശമന സാധ്യതകൾ തേടി തുളുമ്പിനിൽക്കുന്നവർ മാത്രമാണെന്ന ധാരണ സ്ത്രീവിരുദ്ധതയെക്കാളും എത്രയോ മനുഷ്യ വിരുദ്ധമാണ്.

ഒരു മനുഷ്യായുസിന്റെ എല്ലാ ചോദനകൾക്കും വിവാഹം പരിഹാരമാണെന്ന് കരുതുന്നവർ ഏതു മൂഢ സ്വർഗത്തിലാണ്. മനുഷ്യന്റെ അഭിനിവേശങ്ങളിൽ ഒന്നുമാത്രമാണ് ലൈംഗികത. മരണത്താലോ വിവാഹമോചനത്തിലോ പങ്കാളി നഷ്ടപ്പെട്ട കുറെ പേരെ കേട്ടിട്ടുണ്ട്; അവരുടെ സങ്കടം ശരീരത്തിന്റെ ആകുലതകൾ ആയിരുന്നില്ല, കരുതാനായി ഒരാൾ കൂടെ ഇല്ലാത്തതിന്റെ, ഒറ്റയായതിന്റെ വ്യഥയായിരുന്നു.

ഓർക്കണം, മനുഷ്യന്റെ മാത്രം സാധ്യതയാണ് ഒരു ആശയത്തിനായി, ഒരു നിലപാടിനെ പ്രതി, ഒരു പേരിനു വേണ്ടി ഏതു കൊടിയ പീഡയും നേരിടാനുള്ള നിശ്ചയം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അത്തരം ജീവിതങ്ങളെയും കാണാനാവും. നമുക്കൊക്കെയും അത് അറിയുകയും ചെയ്യാം.

ശ്രേഷ്ഠമായ ലക്ഷ്യങ്ങൾ വച്ചു പുലർത്തിയതുകൊണ്ട് വിവാഹം കഴിക്കാൻ പോലും മറന്ന കുറെ പേരെയെങ്കിലും നമുക്ക് പരിചയവുമുണ്ട്. അതുപോലെ ക്രിസ്തുവിനു സമർപ്പിച്ച കന്യകാത്വം സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ട കന്യകകൾ ഏറെയുണ്ട് സഭാചരിത്രത്തിൽ. മരിയ ഗൊരെത്തി, ബ്രിജിറ്റ് തുടങ്ങിയവ ഒരു നീണ്ട പട്ടികയുടെ സൂചന മാത്രമാണ്.

ക്രിസ്തുവെന്ന സ്നേഹമൂല്യത്തെ പ്രതി ജീവിതപ്പുഴയ്ക്ക് എതിരെ നീന്താൻ ശ്രമിച്ചവരാണ് സമർപ്പിതർ. സമർപ്പണ ജീവിതത്തിന്റെ ആനന്ദമറിഞ്ഞ കുറേ ജീവിതങ്ങൾ ഭൂമിയെ തൊട്ടു കടന്നു പോയിട്ടുണ്ട്. അവർ ഒരു വിശുദ്ധ പ്രലോഭനമായിരിക്കണം. ഒപ്പം ക്രിസ്തുവിനോടുള്ള സ്നേഹത്തിനു എന്തെങ്കിലും വിലകൊടുക്കണം എന്നുള്ള ആവേശവും ഉള്ളിലുണ്ടാകും.

താൻ കഴുകി കെട്ടുന്ന മുറിവുകളുടെ ദുർഗന്ധം ക്രിസ്തു സ്നേഹത്തെപ്രതി അല്ലാതെ തനിക്കും അസഹനീയമാണെന്ന് മദർ തെരേസ പറഞ്ഞത് ഓർക്കുന്നത് നല്ലതാണ്. ആ പ്രേരണയാലാണ് ചിലർ ഇത്തരം ഒരു നിലപാട് എടുക്കുന്നത്. അതൊരു ശ്രമമാണ്. തങ്ങളാൽ ആവില്ല എന്ന് കരുതുകയോ തിരിച്ചറിയുകയോ ചെയ്യുന്നവർ സന്യാസം ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നുണ്ട്; സഹജീവനം സാധ്യമല്ല എന്നുകരുതി വിവാഹമോചനം തേടുന്നതുപോലെതന്നെ.

ഇതൊക്കെയും സാധാരണ ജീവിതത്തിൽ അറിവുള്ള കാര്യങ്ങൾ ആണെന്നിരിക്കെ എന്തിനാവും ആ നിർമല ജീവിതങ്ങളോട് ചിലർ ഇത്രമേൽ അസഹിഷ്ണുത കാട്ടുന്നത്? എന്താണെങ്കിലും, സന്യാസ ജീവിതം നയിക്കണമെന്ന തീരുമാനത്തോടെ മഠങ്ങളിലേയ്ക്ക് എത്തുന്നവർ ഇപ്പോഴുമുണ്ട്.

ഇന്ന് യേശു ദേവാലയത്തിൽ സമർപ്പിക്കപ്പെട്ടതിന്റെ ഓർമ ആചരിക്കുമ്പോൾ സഭ സമർപ്പിത ജീവിതത്തിന്റെ മഹത്വം ആദരവോടെ ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. ഗൂഢ താല്പര്യങ്ങളും അജ്ഞതയും കൊണ്ട് ആക്ഷേപച്ചെളി വാരിയെറിയുന്നവരുടെ ഇടയിലും സമർപ്പണത്തിന്റെ ആനന്ദം അറിയാനും അനുഭവിക്കാനും പകരാനും സന്യാസ ജീവിതത്തിൽ ആയിരിക്കുന്ന എല്ലാവർക്കും ആവട്ടെ എന്നാശിക്കുന്നു.

error: Content is protected !!