Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ ഇരുപത്തിമൂന്നാം ദിനം; വലിയ കാര്യങ്ങൾ ചെല്ലുന്ന ശക്തനായ ദൈവം

ഫാ. ജയ്സൺ കുന്നേൽ mcbs

വചനം

ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌. ലൂക്കാ 1 : 49

വിചിന്തനം

മറിയത്തിൻ്റെ സ്തോത്രഗീതം, തന്‍റെ ജീവിതത്തില്‍ ദൈവം വർഷിച്ച അത്ഭുതാവഹമായ കാര്യങ്ങള്‍ങ്ങൾക്കുള്ള മറിയത്തിൻ്റെ നന്ദിയായിരുന്നു. ദൈവപുത്രനു വാസസ്ഥലമൊരുക്കാൻ മറിയത്തെ തിരഞ്ഞെടുത്ത പിതാവായ ദൈവം വലിയ കാര്യമാണ് മറിയത്തിൻ്റെ ജീവിതത്തിൽ ചെയ്തത്.

ഈശോയുടെ തിരുപ്പിറവിയ്ക്കു മുമ്പിൽ നിൽക്കുമ്പോൾ ശക്തനായ ദൈവം നമ്മുടെ ജീവിതത്തിൽ വർഷിക്കുന്ന വലിയ കാര്യങ്ങൾ നിരന്തരം ഓർമ്മയിൽ നിലനിർത്തണം. അതു വഴി ദൈവിക നന്മകള്‍ അംഗീകരിച്ചും അവയ്ക്കു നന്ദി പറഞ്ഞും നമുക്ക് ജീവിക്കാൻ പരിശ്രമിക്കാം.

പ്രാർത്ഥന

നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിൻ്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിൻ്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ.

നിൻ്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം

സർവ്വശക്തനായ ഉണ്ണീശോ, നീ എൻ്റെ ജീവിതത്തിൻ്റെ രാജാവാകണമേ.