പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയത്തിന്റെ മുന്നിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം: കേരള നജ്‌വത്തുൽ മുജാഹിദീൻ നേതാവ് ഹുസൈൻ മടവൂർ നടത്തിയ പരാമർശങ്ങളോട് ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചില മുസ്‌ലിം ചെറുപ്പക്കാരെ മാത്രം തെരഞ്ഞ് പിടികൂടി കേസിൽ അകപ്പെടുത്തുകയായിരുന്നു ആ വിഷയത്തിൽ സംഭവിച്ചത് എന്നായിരുന്നു ഹുസൈൻ മടവൂരിന്റെ ആരോപണം.
പൂഞ്ഞാർ വിഷയത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന വ്യാജ പ്രചാരണം മുമ്പുതന്നെ വ്യാപകമായി ചിലർ നടത്തിയിരുന്നു.
പള്ളി പരിസരത്ത് പ്രശ്നമുണ്ടാക്കിയവരിൽ എല്ലാ മതസ്ഥരും ഉൾപ്പെട്ടിരുന്നെന്നും എന്നാൽ മുസ്‌ലിം യുവാക്കളെ മാത്രം അറസ്റ്റ് ചെയ്ത് പ്രശ്നത്തെ പോലീസും ക്രൈസ്തവ സമൂഹവും വർഗ്ഗീയവൽക്കരിക്കുകയായിരുന്നെന്നും അത്തരക്കാർ ആവർത്തിച്ച് ആരോപിക്കുകയും അനേകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് (06/ 03/ 2024) നടന്ന ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് വ്യക്തത വരുത്തിയിരിക്കുകയാണ്. പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയത്തിന്റെ മുന്നിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവം തെമ്മാടിത്തമെന്നാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.
മുസ്‌ലിം സമുദായത്തെ തെരഞ്ഞുപിടിച്ച് കേസിൽ അകപ്പെടുത്തുകയായിരുന്നു എന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും എന്നാൽ അതിൽനിന്ന് അദ്ദേഹം രക്ഷപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാരുടെ സെറ്റെന്ന് പറയുമ്പോൾ സാധാരണഗതിയിൽ കരുതുക അതിൽ എല്ലാ വിഭാഗക്കാരും ഉൾപ്പെടുമെന്നാണ്. എന്നാൽ, ഇവിടെ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. കേസിന്റെ ഭാഗമായി ഒരു വിഭാഗത്തെ പോലീസ് തെരഞ്ഞുപിടിച്ചതല്ല എന്നും കുറ്റം ചെയ്തവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹുസൈൻ മടവൂരിനെ പോലെ വലിയ സ്ഥാനങ്ങളിൽ ഉള്ളവർ അബദ്ധ ധാരണകൾ വച്ച് പുലർത്തരുത് എന്നും അദ്ദേഹം പറയുകയുണ്ടായി. പോലീസിന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടാകാമെന്നും, അത് ചൂണ്ടിക്കാണിച്ചാൽ നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, കേരളത്തെ മുഴുവൻ അമ്പരപ്പിച്ച അനിഷ്ട സംഭവത്തിന് ശേഷം പന്ത്രണ്ടു ദിവസത്തോളമായി തുടരുന്ന വ്യാജ പ്രചരണങ്ങൾക്കാണ് മുഖ്യമന്ത്രി നേരിട്ട് വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്.
അന്യ സമുദായത്തോടും അവരുടെ മത വിശ്വാസത്തോടും അനാദരവ് പ്രകടിപ്പിക്കുന്ന വിധത്തിൽ പ്രവർത്തിക്കുകയും അത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ അക്രമ വാസന പ്രകടിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം യുവാക്കളുടെ പ്രവൃത്തിയെ അപലപിക്കാനും തിരുത്താനും തയ്യാറാകുന്നതിന് പകരം അവരെ ന്യായീകരിക്കാനും ആരോപണം ഉന്നയിച്ചവരെ പ്രതിക്കൂട്ടിൽ നിർത്താനും ചിലർ നടത്തിയ ശ്രമങ്ങൾ തികഞ്ഞ അവിവേകമാണ്.
ഒരു കത്തോലിക്കാ പുരോഹിതന് എതിരെ ഉണ്ടായ അതിക്രമത്തെ അപലപിക്കാൻ പോലും കൂട്ടാക്കാതെ വ്യാജ പ്രചാരണം നടത്തിയവരെ കൂടി നിയമ നടപടികൾക്ക് വിധേയമാക്കേണ്ടതുണ്ട്. വർഗ്ഗീയ ധ്രുവീകരണത്തിനും വിദ്വേഷ ചിന്തകൾക്കും വഴിയൊരുക്കുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ഇനി ഈ സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.