Reader's Blog Social Media

പ്രിയ യുക്തിവാദി-നിരീശ്വരവാദി സുഹൃത്തുക്കളേ, തിരുവോസ്തി മാംസരൂപം പൂണ്ടിട്ടില്ല എന്ന് തെളിയിക്കാമോ?

എൻ്റെ പ്രിയ യുക്തിവാദി-നിരീശ്വരവാദി സുഹൃത്തുക്കളേ,
നിങ്ങളുടെ നിരീശ്വരവിശ്വാസത്തിനും യുക്തിവാദവിശ്വാസത്തിനും ഭീഷണിയാകും എന്നു വിചാരിച്ചല്ല ഇന്നലെ ഞാൻ FB -യിൽ ഒരു പോസ്റ്റിട്ടത്. നിങ്ങളെ അതു വല്ലാതെ വിറളിപിടിപ്പിച്ചു എന്നു ഞാൻ അതിലെ കമൻ്റുകളിലൂടെ മനസ്സിലാക്കുന്നു. സംഭവങ്ങളെയും വസ്തുതകളെയും ഇത്രമാത്രം ഭയക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്ഷമിക്കണം!


മാടവന സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകപ്പള്ളിയിൽ 2024 ജൂലൈ 21, 28, ആഗസ്റ്റ് 4 എന്നീ തുടർച്ചയായ മൂന്നു ഞായറാഴ്ചകളിൽ ദിവ്യബലിമധ്യേ തിരുവോസ്തി മാംസരൂപം പൂണ്ട സംഭവത്തെക്കുറിച്ചായിരുന്നു പോസ്റ്റ്: https://www.facebook.com/share/p/JiY97mhC8prC2MZg/?mibextid=oFDknk


എൻ്റെ പോസ്റ്റിലെ ആശയത്തെ ഖണ്ഡിക്കാൻ അവഹേളനങ്ങൾ കൊണ്ടോ തെറികൾ കൊണ്ടോ വയനാടുദുരന്ത പരാമർശം കൊണ്ടോ നിങ്ങൾക്ക് സാധിക്കുകയില്ല. താഴെപ്പറയുന്നവ ഒന്നു ശ്രമിച്ചുനോക്കൂ:
1)ഞാൻ എഴുതിയിട്ടുള്ള കാര്യങ്ങൾ ആ മൂന്നു ഞായറാഴ്ചകളിലും നടന്നിട്ടില്ല എന്നു തെളിയിക്കാമോ?

2)ഞാൻ എഴുതിയിട്ടുള്ള കുറിപ്പിൽ വസ്തുതാപരമല്ലാത്ത കാര്യങ്ങൾ അഥവാ തെറ്റുകൾ (factual errors) ഉണ്ട് എന്നു തെളിയിക്കാമോ?
ഞാൻ എഴുതിയവയെല്ലാം സംഭവിച്ചവയാണെന്നും അവയിൽ വസ്തുതാപരമായ തെറ്റുകൾ ഇല്ലായെന്നുമാണ് തെളിയുന്നതെങ്കിൽ പിന്നെ എന്താണ് പ്രശ്നം?
‘അദ്ഭുതം’ എന്നതായിരിക്കും നിങ്ങളുടെ അടുത്ത പ്രശ്നം. ഓകെ.

നടന്ന കാര്യങ്ങൾ അദ്ഭുതമാണെന്ന് എൻ്റെ കുറിപ്പ് പറയുന്നുണ്ടോ? ഇല്ലല്ലോ. നടന്ന കാര്യം സ്വാഭാവിക പ്രതിഭാസമോ അദ്ഭുതമോ മാജിക്കോ തട്ടിപ്പോ എന്ന് എനിക്ക് അറിയില്ല. അതു തെളിയേണ്ടത് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയാണ്. അതിനാൽ, ഇപ്പോഴേ അത് “അദ്ഭുതമെന്നു പ്രചരിപ്പിക്കരുത്” എന്നല്ലേ ഞാൻ എഴുതിയിരിക്കുന്നത്? അതുപോലെ നിങ്ങളോടും ഞാൻ പറയട്ടെ: കണ്ണും മനസ്സും അടച്ച്, “ഇതെല്ലാം തട്ടിപ്പാണ്” എന്നു പ്രചരിപ്പിക്കരുത്.


ഇനി ആ പെൺകുട്ടിയെ കേട്ടു നോക്കൂ: https://youtu.be/dqRe4b_CIrs?si=C65IGOylRkGg9HmP
ഇത്തരം പ്രതിഭാസങ്ങളെല്ലാം കർശനമായ നിരീക്ഷണ-ഗവേഷണങ്ങൾക്കു വിധേയമാക്കി ഔദ്യോഗികമായി തീർപ്പുകല്പിക്കുകയാണ് സഭയുടെ ശൈലി: https://www.vatican.va/…/rc_ddf_doc_20240517_norme…
കൊട്ടിഘോഷിക്കപ്പെട്ട പല “അദ്ഭുതങ്ങളും” ശാസ്ത്രീയമായ പഠനങ്ങൾക്കു ശേഷം സഭ തള്ളിക്കളഞ്ഞിട്ടുണ്ട്: https://www.facebook.com/share/p/cn9yBY2GaX9uWV86/?mibextid=oFDknk


ഇത്തരം പ്രതിഭാസങ്ങളിൽ സഭ പുലർത്തുന്ന നിലപാട്, “എല്ലാം പരിശോധിച്ചുനോക്കുവിന്‍; നല്ലവയെ മുറുകെപ്പിടിക്കുവിന്‍” എന്ന തിരുവചനത്തിൽ അധിഷ്ഠിതമാണ് (1തെസ്സ 5,21). ദൈവിക ഇടപെടലുകളിലും പ്രകൃത്യാതീത പ്രതിഭാസങ്ങളിലും കത്തോലിക്കർ വിശ്വസിക്കുമ്പോൾത്തന്നെ (motiva credibilitatis) അത്തരം അദ്ഭുതങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിൻ്റെയും ഉറപ്പോടെ മാത്രമേ അംഗീകരിക്കാവൂ എന്ന് സഭയ്ക്കു നിർബന്ധമുണ്ട് (CCC 156).


ജൂലൈ 21-ന് നടന്ന സംഭവം ഞാൻ പിറ്റേ ദിവസം അറിഞ്ഞു. ജൂലൈ 28-ന് നടന്ന സംഭവവും ഞാൻ അറിഞ്ഞു. ആഗസ്റ്റ് 4-നും അതു തന്നെ സംഭവിച്ചപ്പോഴാണ് എന്തോ കാര്യമുണ്ടല്ലോ എന്ന് എനിക്കു തന്നെ തോന്നിയത്. പിന്നീട് സൂക്ഷ്മമായി അന്വേഷിച്ച് കൃത്യതയോടെ കുറിപ്പ് എഴുതുകയായിരുന്നു. എടുത്തുചാടി ഒരു നിഗമനവും ഞാൻ നടത്തിയിട്ടില്ല.


എൻ്റെ അവധാനതയുള്ള നിലപാടാണോ, അതോ നിങ്ങളുടെ തിടുക്കം കൂട്ടിയുള്ള അവഹേളനങ്ങളാണോ ഏതാണ് കൂടുതൽ യുക്തിഭദ്രം? ആരുടേതാണ് ശരിക്കും scientific temper?
സ്നേഹത്തോടെ, ആദരത്തോടെ, ഫാ. ജോഷി മയ്യാറ്റിൽ.

അത്ഭുതങ്ങളല്ല സഭയുടെ നിലപാടാണ് എന്റെ വിശ്വാസം വർധിപ്പിക്കുന്നത്: ജോസഫ് ദാസൻ എഴുതുന്നു…

എടുത്ത് ചാടാത്ത ജോഷി മയ്യാറ്റിൽ അച്ചനെക്കുറിച്ചു… “ഈ കത്തോലിക്കാ വൈദീകർ വെറും അവിശ്വാസികളാണ്”. ഒരു ചെറുപ്പക്കാരൻ ഉറഞ്ഞുതുള്ളുകയായിരുന്നു. എന്താണ് കാരണം ? ഞാൻ വെറുതെ തിരക്കി. “എന്ത് അത്ഭുതം കണ്ടാലും ഇളിച്ചോണ്ടിരിക്കും. ഒന്നും വിശ്വസിക്കില്ല. ചിലപ്പോൾ കേട്ട ഭാവം കാണിക്കില്ല. ജാഡ കണ്ടാൽ തോന്നും ശാസ്ത്രജ്ഞന്മാർ ആണെന്ന്.!

ഇക്കാര്യങ്ങൾ അന്വേഷിക്കുകയും അതേക്കുറിച്ചു പറയുകയും ചെയ്യേണ്ടവരല്ലേ ? എനിക്ക് സഭയിലുള്ള വിശ്വാസം പോകുന്നത് ഇവർ കാരണമാണ് “
“അച്ചന്മാർ ഇങ്ങനെയാണെന്നു അടുത്തറിയുന്നതാണ് വിശ്വാസത്തിന്റെ തുടക്കം”. ഞാൻ പറഞ്ഞു. “അതെങ്ങനെ ” ഞാൻ കൂട്ടത്തിൽ കൂടാത്തതിലുള്ള അമർഷം മറച്ചുവെക്കാതെയായിരുന്നു ചോദ്യം.

“എടാ … എല്ലാ അച്ചന്മാരും കേട്ട പാതി കേൾക്കാത്ത പാതി എല്ലാ അത്ഭുതവും പൊക്കിപ്പിടിച്ചു ലോകം മുഴുവൻ കൊണ്ട് നടന്നാൽ എന്ത് സംഭവിക്കും” “എന്ത് സംഭവിക്കാനാ .. അതല്ലേ അവരുടെ ജോലി.” “എന്നാൽ പറയൂ … അതിൽ ഏതെങ്കിലും ഒരത്ഭുതം പിന്നീട് അബദ്ധമാണെന്ന് തെളിഞ്ഞാൽ എന്ത് സംഭവിക്കും ? “


“ഒന്നോ രണ്ടോ അബദ്ധമൊക്കെ ആർക്കും പറ്റുമെന്ന് എല്ലാവര്ക്കും അറിയാം”
“അപ്പോൾ കത്തോലിക്കാ സഭ പഠിപ്പിക്കുന്നതെല്ലാം സത്യമാണെന്നു പിന്നെ പറയാൻ പറ്റുമോ?” “ഇല്ല” “അതേസമയം ആയിരം അത്ഭുതത്തെ എതിർത്താലും ശരിയാണെന്നു പൂർണമായി ഉറപ്പുള്ള ഒരെണ്ണത്തെ മാത്രം ശരിയെന്നു പറയാൻ തുടങ്ങിയാലോ? “
“ശരിക്കു പഠിച്ചിട്ടല്ലാതെ സഭ ഒന്നും ശരിവക്കില്ല എന്ന് പറയും “


കത്തോലിക്കാ സഭ അത്ഭുതം വിറ്റു നടക്കുന്നു എന്ന് പറയുന്ന മടയന്മാർ അറിയാത്ത സഭയുടെ യഥാർത്ഥ മുഖം നീ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് നിന്റെ ഈ അറിവ് അത്ഭുതത്തിന്റെ തുടക്കമാണ് എന്ന് ഞാൻ പറഞ്ഞത്. കത്തോലിക്കാ സഭ ഒരു കാര്യവും ശരിയാണ് എന്ന് 100 ശതമാനം ഉറപ്പില്ലാതെ ശരിയെന്നു പറയുകയില്ല”
സംഭാഷണത്തിന്റെ ഒടുവിൽ ഇറ്റലിയിലെ ലാഞ്ചിയാനോയിൽ ഉൾപ്പെടെ നടന്ന സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഞാൻ അവനു കാണിച്ചു കൊടുത്തു.

മരിച്ചുപോയ വിശുദ്ധരുടെ ശരീരങ്ങൾ അഴുകാതിരുന്നതിനുവരെ അവർ കാരണങ്ങൾ കണ്ടെത്തി. എന്നാൽ ഗോതമ്പപ്പം മാംസമായി മാറി അനേക നൂറ്റാണ്ടുകൾ അഴുകാതിരിക്കുന്ന ഈ അത്ഭുതം Transubstantiation എന്ന സ്വർഗ്ഗത്തിന്റെ പ്രവർത്തിയെക്കുറിച്ചു ആരെയും വിശ്വസിപ്പിക്കാൻ ഉതകുന്നതാണ്.
കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാന എന്താണെന്നും മാർപ്പാപ്പയോടു ചേർന്ന് നിൽക്കുന്ന വൈദീകരുടെമേൽ പ്രവർത്തിക്കുന്ന അത്ഭുത വരദാനം എന്തെന്നും നമുക്ക് തിരിച്ചറിയാൻ ദൈവം ഇത് അനുവദിക്കുന്നു.


ഇത് ഞാൻ എഴുതാൻ കാരണം, മാടവനയിലെ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ചു കേട്ടപ്പോൾ ഒട്ടും എടുത്തു ചാടാതെ പ്രതികരിച്ച ജോഷി മയ്യാറ്റിലച്ചൻ പതിയെ പതിയെ ഈ അത്ഭുതത്തെക്കുറിച്ചു കുറിക്കാൻ ഇടയായ രീതി വായിച്ചപ്പോഴാണ്. അച്ചനും വിഷയം ഗൗരവത്തിലെടുക്കാൻ പ്രധാന കാരണം അത്ഭുതം നേരിട്ടുകണ്ട വൈദീകൻ എടുത്തു ചാടാതെ സംയമനത്തോടെ സഭയുടെ വഴികളെ സമീപിക്കുന്നത് കണ്ടപ്പോഴാണ്.


അങ്ങനെയാണ് വൈദീകർ. അവർ അങ്ങനെ തന്നെ ആയിരിക്കട്ടെ. അതാണ് സഭയെ വിശ്വസിക്കുമ്പോൾ നമുക്കുള്ള ഉറപ്പു. ചുമ്മാതൊന്നും അവരൊന്നും സമ്മതിക്കില്ലെന്ന് ! അതുകൊണ്ടു തന്നെ സമ്മതിച്ചതെല്ലാം നമുക്ക് വിശ്വസിക്കാമെന്നു!
ഇന്ന് ലോകമെങ്ങും ഏറ്റെടുത്ത കരുണയുടെ സന്ദേശം എത്രയോ വര്ഷം സഭ പെട്ടിയിൽ പൂട്ടി വച്ചു. എളിമയോടെ ഫൗസ്റ്റീനാമ്മ അത് സ്വീകരിക്കാൻ കാരണം തന്റെ വെളിപാടുപോലും സഭ അംഗീകരിച്ചാൽ മാത്രമേ സത്യമാകൂ എന്നതുകൊണ്ടാണ്.


നേരിട്ടറിയാവുന്ന അത്ഭുതങ്ങൾ സഭയുടെ ശ്രദ്ധയും അംഗീകാരമോ (നിരോധനമോ ) നേടുന്നത് വരെ നമ്മളെ പ്പോലുള്ള അത്മായർക്കു അതേക്കുറിച്ചു മിതത്വം പാലിച്ചുകൊണ്ടാണെങ്കിലും സംസാരിക്കാൻ തടസമൊന്നുമില്ല.വിളിച്ചു പറയാൻ ആരെങ്കിലും വേണമല്ലോ. മെഡ്ജുഗോറി പോലുള്ള പല മരിയൻ പ്രത്യക്ഷീകരണങ്ങളും ഇങ്ങനെ സഭയുടെ അനുവാദം കാത്തിരിക്കുന്ന അത്മായർ ഏറ്റെടുത്ത സ്വർഗ്ഗത്തിന്റെ ഇടപെടലുകളാണ്.


പിന്നീടൊരിക്കൽ സഭ അത് സ്വർഗത്തിന്റേതല്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനും ഞാൻ പറയുന്ന വിഷയം സഭ അനുവദിക്കുന്നതുവരെ ശരിയെന്നു പൂർണമായി പറയാനാകുകയില്ല എന്ന് പരസ്യമായി സംസാരിക്കാനുമുള്ള തുറവി ഉണ്ടായിരിക്കുക എന്നത് മാത്രമാണ് നമുക്കുണ്ടായിരിക്കേണ്ട ഗുണം. ഒപ്പം ഒന്നും കൈവിട്ടുപോകാതെ നോക്കാനുള്ള ജാഗ്രതയും.