പൂഞ്ഞാർ പള്ളി വിഷയം: മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തർക്കങ്ങളില്ലാതെ സമാധാനയോഗം

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും ചർച്ച ചെയ്തു. പള്ളി അസിസ്റ്റന്റ് വികാരിക്ക് പരുക്കേൽക്കാനിടയായ അനിഷ്ട സംഭവത്തെ യോഗം അപലപിച്ചു.

നാട്ടിൽ സമാധാന അന്തരീക്ഷം പുലരാൻ എല്ലാവരും പൂർണ പിന്തുണ അറിയിച്ചു. ഇതിനായി പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനിന്ന അസ്വസ്ഥതകൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തും.

18 വയസിനു താഴെയുള്ളവരടക്കം വിദ്യാർഥികൾ കേസിൽ പ്രതിയായിട്ടുള്ള സാഹചര്യം യോഗം വിലയിരുത്തി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കും.

വിദ്യാർഥികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച വസ്തുതകൾ ജില്ലാ പൊലീസ് മേധാവി പരിശോധിക്കും. വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ കൗൺസലിങ് നൽകും. ഞങ്ങളും നിങ്ങളും എന്നതു മാറി നമ്മൾ എന്ന നിലയിൽ പ്രവർത്തിക്കാനാണ് യോഗ തീരുമാനം. എല്ലാവരും പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞ സമാധാനയോഗം പരിപൂർണ വിജയമായിരുന്നു.

നാടിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്നനിലയിൽ വിദ്വേഷപരാമർശങ്ങൾ ഉണ്ടായാൽ കർശനനടപടി സ്വീകരിക്കും. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ദുരുദ്ദേശ്യത്തോടെ ആരെങ്കിലും വന്നാൽ ഒറ്റപ്പെടുത്തുമെന്നും സമാധാന അന്തരീക്ഷം പുലരാൻ എല്ലാ പിന്തുണയും മത-സാമുദായിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചതായും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, പാലാ രൂപത വികാരി ജനറൽ ഫാ. സെബാസ്റ്റിയൻ വേത്താനത്ത്, സെന്റ് മേരീസ് പള്ളി അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴി, ശാഹുൽ ഹമീദ്, മുഹമ്മദ് ഇസ്മയിൽ, പൊലീസ് ഉദ്യോഗസ്ഥർ, അറസ്റ്റിലായ വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!