Reader's Blog Social Media

ഒരു കന്യാസ്ത്രീയെ കല്ലെറിയും മുൻപ്…

സി. സോണിയ തെരേസ്

എന്തിനാണ് ഇക്കാമാരേ, നിങ്ങൾ ആ പാവപ്പെട്ട കന്യാസ്ത്രീയോട് ഇത്രയും വലിയ ക്രൂരത ചെയ്തത്…?

നിലത്ത് വീണുകിടന്ന ഒരു കുട്ടിയെ ഒരു കന്യാസ്ത്രീ കാലുകൊണ്ട് ചവിട്ടുകയും, “നീ ചത്തില്ലേ?” എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന ആരോപണം അതേപടി കണ്ണുംപൂട്ടി വിശ്വസിച്ചവരും, അല്ലെങ്കിൽ വിശ്വസിച്ചുവെന്ന് നടിച്ചവരും.

കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുക്കുന്ന നമ്മുടെ മാധ്യമസംസ്കാരം വീണ്ടും ഒരു നിരപരാധിയെ നിഷ്കരുണം വിചാരണ ചെയ്തപ്പോൾ തകർന്നത് നിഷ്കളങ്കയായ ഒരു കന്യാസ്ത്രീയുടെ ആത്മാഭിമാനമാണ്. ഈ പെരുംകള്ളത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു നുണ പടച്ചുവിടുന്നത് പാപമായി തോന്നിയിരിക്കില്ല. പക്ഷേ, ഈ സംഭവത്തിന്റെ പിന്നിലെ സത്യം തിരിച്ചറിയുമ്പോൾ, മനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിയുടെയും ഉള്ളിൽ എന്നും ലിന്റാ എന്ന സിസ്റ്ററിന്റെ മുഖം ഒരു നീറ്റലായി അവശേഷിക്കും.

നിലത്ത് വീണുകിടന്ന ഒരു കുട്ടിയോട് ഒരു കന്യാസ്ത്രീ ക്രൂരമായി പെരുമാറി എന്ന് കേട്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് തോന്നി. ഇതിന് പിന്നിലെ സത്യാവസ്ഥ ഒന്ന് അന്വേഷിച്ചറിയണം എന്ന് ഉറപ്പിച്ച് പലരെയും വിളിച്ച് സംസാരിച്ചു. കാരണം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവ സന്യസ്തർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങൾ ഉയർന്നുവരുകയും, അവയ്ക്ക് വലിയ വാർത്താപ്രാധാന്യവും പ്രതിഷേധങ്ങളും കോലാഹലങ്ങളും ചൂടേറിയ ചാനൽ ചർച്ചകളും ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

എന്നത്തെ പോലെ ഇപ്പോഴും ക്രൈസ്തവ സന്യസ്തരെ കഴിവതും തേജോവധം ചെയ്ത്, നിന്ദനങ്ങളുടെ ചെളി ആവോളം വാരിയെറിഞ്ഞതിന് ശേഷമാണ് സത്യം പതിയെ പുറത്തുവരുന്നത്. എന്നാൽ, കോലാഹലങ്ങൾ എല്ലാം അടങ്ങിയുകഴിഞ്ഞ് പുറത്തുവരുന്ന യഥാർത്ഥ സത്യങ്ങൾക്ക് ആരും ചെവി കൊടുക്കില്ല എങ്കിലും, സത്യമറിയാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഞങ്ങൾക്ക് ചുറ്റുമുള്ളതിനാൽ, സത്യം അന്വേഷിച്ച് നടത്തിയ യാത്രയിൽ മനസ്സിലാക്കാൻ സാധിച്ചത്, കഴിഞ്ഞ ഏതാനും വർഷങ്ങളായി കാസർഗോഡും വയനാടും തിരുവനന്തപുരവും കോഴിക്കോടും മൂവാറ്റുപുഴയും എറണാകുളവും കേന്ദ്രീകരിച്ച് അരങ്ങേറിയ ചില വിവാദങ്ങളുടെ ആവർത്തനം തന്നെയാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കുന്നോത്ത് സെന്റ് ജോസഫ് സ്കൂളിലും അരങ്ങേറിയത് എന്നതാണ്.

പക്ഷേ, ഇത്തവണ വിഷയം മറ്റൊരു രൂപത്തിലായിരുന്നു എന്ന് മാത്രം. അതായത് ഈ പ്രാവശ്യം ഹിജാബ് ഒന്ന് മാറ്റി പിടിച്ചു എന്നുമാത്രം. നിസ്‌കരിക്കാനുള്ള സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും നാളുകൾക്ക് മുമ്പ് കുന്നോത്ത് സെന്റ് ജോസഫ് ഹൈസ്കൂളിൽ കയറിയിറങ്ങി നിരാശരായി മടങ്ങേണ്ടിവന്ന ചിലരുടെ പകപോക്കലായിരുന്നു കഴിഞ്ഞ ദിവസം കുന്നോത്ത് നിന്ന് ഉയർന്നുവന്ന ഈ മനുഷ്യത്വരഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ.

സ്വന്തം മകളെ കഴുത്തറുത്തും സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞും കൊല്ലുന്ന അമ്മമാരുള്ള കേരളത്തിൽ, ഞങ്ങൾ ക്രൈസ്തവ സന്യസ്തരും സ്ത്രീകൾ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറില്ലെങ്കിലും, ആത്മീയ മാതൃത്വം ഉള്ളിൽ പേറുന്നവരാണ് ഞങ്ങൾ. ആശുപത്രികളുടെ വരാന്തകളിലും അമ്മത്തൊട്ടിലുകളിലും ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകുന്ന ധാരാളം പെറ്റമ്മമാരുള്ള ഈ കേരളത്തിൽ, പെറ്റമ്മയെക്കാൾ നന്നായി കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളെയും നിങ്ങൾക്ക് കാണാം. വെറുതെ പറയുന്നതല്ല. കേരളത്തിന്റെ വിവിധ കോണുകളിൽ അനാഥരായ കുഞ്ഞുങ്ങളെ തോളിലേറ്റി നടക്കുന്ന ധാരാളം കന്യാസ്ത്രീകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. ഒന്ന് കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ മാത്രം മതി.

സിസ്റ്റർ ലിന്റാ ജോസിനെക്കുറിച്ച്!
ആരോപണവിധേയയായ സിസ്റ്റർ ലിന്റാ ജോസിനെക്കുറിച്ച് ആ പ്രദേശത്തുള്ളവരോടും അവർ മുമ്പ് പഠിപ്പിച്ചിരുന്ന മറ്റൊരു സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളോടും സഹാധ്യാപകരോടും ഒക്കെ അന്വേഷിച്ചു. പക്ഷേ, അവരാരും ആ സിസ്റ്ററിനെക്കുറിച്ച് ഒരു വാക്കുപോലും മോശമായി പറഞ്ഞില്ല. കാരണം, ലിന്റാ സിസ്റ്റർ അവരുടെയെല്ലാം പ്രിയപ്പെട്ടവളാണ്. 2021 മുതൽ തോട്ടട സെന്റ് ഫ്രാൻസിസ് ICSE നഴ്സറി സ്കൂളിന്റെ പ്രിൻസിപ്പലായി സേവനം ചെയ്തിരുന്ന സി. ലിന്റാ, 2026 സെപ്റ്റംബർ 2 മുതൽ കുന്നോത്ത് സെന്റ് ജോസഫ് ഹൈസ്കൂളിൽ താൽക്കാലിക അധ്യാപികയായി നിയമിതയായി.

സെപ്റ്റംബർ എട്ടാം തീയതി കുന്നോത്ത് സെന്റ് ജോസഫ് സ്കൂളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

സെപ്റ്റംബർ 2-ാം തീയതിക്കും സംഭവം നടന്നതായി പറയപ്പെടുന്ന സെപ്റ്റംബർ 8-ാം തീയതിക്കും ഇടയിൽ, ഈ സ്കൂളിലെ തന്റെ നാലാമത്തെ വർക്കിംഗ് ഡേ ആയ സെപ്റ്റംബർ 8-ന്, ഉച്ചകഴിഞ്ഞുള്ള ആറാമത്തെ പിരീഡിൽ ആറാം ക്ലാസിലെ E ഡിവിഷനിൽ പഠിപ്പിക്കാനായി പോകുന്നതിനിടെയാണ് സിസ്റ്റർ ലിന്റാ തന്റെ ക്ലാസ് ടീച്ചറായി ചുമതലയുള്ള ആറാം ക്ലാസ് C ഡിവിഷനിൽ കുട്ടികൾ വട്ടംകൂടി നിൽക്കുന്നത് കണ്ടത്. മറ്റൊരു ക്ലാസിലേക്ക് പോവുകയായിരുന്നു എങ്കിലും, സിസ്റ്റർ ലിന്റാ വേഗത്തിൽ തന്റെ ക്ലാസിൽ കയറി നോക്കിയപ്പോൾ ഒരു കുട്ടി നിലത്ത് ഇരിക്കുന്നതായി കണ്ടു. കാര്യം അന്വേഷിച്ചപ്പോൾ, ഒരു കുട്ടി ഡെസ്കിൽ കയറി ഇരിക്കാൻ ശ്രമിക്കുന്ന സമയത്ത് താഴേക്ക് വീണുപോയതാണെന്ന് മറ്റ് കുട്ടികൾ പറഞ്ഞു.

സിസ്റ്റർ ഉടൻ തന്നെ കുട്ടിയെ നിലത്തുനിന്ന് പിടിച്ചെഴുന്നേൽപ്പിച്ച് ബെഞ്ചിൽ ഇരുത്തി. അതിനുശേഷം, അടുത്ത ടീച്ചർ വരുന്നതുവരെ കുരുത്തക്കേടൊന്നും കാണിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ശേഷം, തനിക്ക് ക്ലാസെടുക്കേണ്ട ക്ലാസിലേക്ക് സിസ്റ്റർ ലിന്റാ വേഗത്തിൽ പോയി. ആ പിരീഡ് കഴിഞ്ഞ് തിരികെ വരുമ്പോൾ സിസ്റ്റർ വീണ്ടും ക്ലാസിൽ കയറി കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ചു. ഉമ്മയെ വിളിക്കണോ, വീട്ടിൽ പോകണമോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് കുട്ടി പറഞ്ഞു. എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ സ്റ്റാഫ് റൂമിലേക്ക് വരണമെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ, താൻ വരുന്നില്ലെന്ന് കുട്ടി പറഞ്ഞു. തുടർന്ന് ആ കുട്ടി ക്ലാസിൽ തന്നെ ഇരുന്നു.

കുട്ടിക്ക് കുടിക്കാൻ വെള്ളം കൊടുക്കാൻ സിസ്റ്റർ മറ്റ് കുട്ടികളോട് പറഞ്ഞപ്പോൾ, ആരുടെയും കൈയിൽ വെള്ളമില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് രണ്ട് കുട്ടികളെ പറഞ്ഞയച്ച് വെള്ളം കൊണ്ടുവന്ന് വീണ കുട്ടിക്ക് കൊടുക്കാൻ ആവശ്യപ്പെട്ട ശേഷം സിസ്റ്റർ ലിന്റാ സ്റ്റാഫ് റൂമിലേക്ക് പോയി. വീണ്ടും അടുത്ത പിരീഡിൽ മറ്റൊരു ക്ലാസിലേക്ക് പഠിപ്പിക്കാൻ പോകുന്ന വഴിയിൽ, തന്റെ ക്ലാസിലെ രണ്ട് കുട്ടികളെ വിളിച്ച് വീണ കുട്ടിയെ പഴയ ക്ലാസ് ടീച്ചറിൻ്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ പറഞ്ഞിട്ട് സിസ്റ്റർ ലിന്റാ അടുത്ത ക്ലാസിനായി പോയി.

പിന്നീട് സിസ്റ്റർ ലിന്റാ പഴയ ക്ലാസ് ടീച്ചറിനെ കണ്ടപ്പോൾ, ആ കുട്ടി സ്റ്റാഫ് റൂമിൽ വന്നിരുന്നുവെന്നും കുട്ടിയുടെ ഉമ്മയെ വിളിച്ചിരുന്നുവെന്നും ടീച്ചർ പറഞ്ഞു. ഉമ്മയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിലേക്ക് വരാൻ ബുദ്ധിമുട്ടുള്ളതിനാൽ, സാധാരണപോലെ സ്കൂൾവണ്ടിയിൽ കയറ്റി വിട്ടാൽ മതിയെന്ന് ഉമ്മ പറഞ്ഞതായും ആ ടീച്ചർ അറിയിച്ചു. അതിനനുസരിച്ച് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് കുട്ടിയെ സാധാരണപോലെ വീട്ടിലേക്ക് തിരിച്ചയച്ചു. സെപ്റ്റംബർ എട്ടാം തീയതി, അങ്ങനെ യാതൊരു പ്രശ്നവും ഉണ്ടായതായി അന്നത്തെ സാഹചര്യത്തിൽ തോന്നിയിരുന്നില്ല.

പിന്നീട് സംഭവിച്ചത് എന്തായിരുന്നു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ പല ചോദ്യങ്ങളും ഉയരുന്നത്!!!
ക്ലാസിൽ വീണ കുട്ടിക്കോ ആ കുട്ടിയുടെ മാതാപിതാക്കൾക്കോ അന്ന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, വീണ കുട്ടിയുടെ രണ്ട് കൂട്ടുകാർ സ്കൂളിൽ നടന്ന കാര്യങ്ങൾ വീട്ടിൽ വിവരിച്ചതിനെത്തുടർന്ന് വിഷയം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. ഒരു രാത്രി കൊണ്ട് വലിയ മനുഷ്യരുടെ തലയിലുദിച്ച പകരം വീട്ടലിൻ്റെയും പകപോക്കലിൻ്റെയും നാടകമാണ് പിന്നെ കേരളക്കര കണ്ടത്.

നാളുകൾ കുറെയായില്ലേ, നിങ്ങൾ ഞങ്ങൾ ക്രൈസ്തവ സന്യസ്തരെ ആക്രമിക്കാൻ തുടങ്ങിയിട്ട്? ഞങ്ങൾ നിങ്ങളോട് ചെയ്ത ദ്രോഹം എന്താണ്..? കന്യാസ്ത്രീകളെയും അവരുടെ സ്ഥാപനങ്ങളെയും വളഞ്ഞിട്ട് ആക്രമിച്ച് കുറച്ച് കോലാഹലങ്ങൾ സൃഷ്ടിച്ചാൽ ഞങ്ങൾ ഭയന്ന് അടുക്കളയിലും അങ്കണത്തിലും മാത്രമായി ഒതുങ്ങുമെന്ന് നിങ്ങൾ ധരിക്കുന്നുണ്ടെങ്കിൽ, അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

ഈ സന്യാസവസ്ത്രവും ശിരോവസ്ത്രവും ഞങ്ങൾ ധരിച്ചിരിക്കുന്നത് ആരെയും ഭയന്നല്ല; മറിച്ച് സമർപ്പണത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ധീരതയുടെയും പ്രതീകമായാണ്.
അതുകൊണ്ട്, ഓലപാമ്പ് കാണിച്ച് ഞങ്ങളെ ഒതുക്കാൻ ശ്രമിക്കരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്…

സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.

Leave a Reply

Your email address will not be published. Required fields are marked *