എളിമയുള്ളവരാകാം..

മത്തായി 8 : 5 – 13
ഞാനെന്ന ഭാവംവെടിയാം.

“വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു.

ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്.

ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ മുമ്പാകെ നിരത്തുന്നു.

യേശുവിനെ സ്വഭവനത്തിൽ സ്വീകരിക്കുകയെന്ന, ഏറെയാളുകൾ ആഗ്രഹിച്ചു കാത്തിരുന്ന മഹാഭാഗ്യം, യേശു അവനായി വച്ചുനീട്ടുമ്പോഴും, സ്വന്തം അയോഗ്യതകളെ, അവൻ മറക്കുന്നില്ല, മറയ്ക്കുന്നില്ല.

ഇങ്ങനെ നമുക്ക് കഴിയുമോ? ഇന്ന് നമ്മിലെ അയോഗ്യതകളെക്കൂടി, യോഗ്യതകളാക്കി ചിത്രീകരിക്കുന്ന കാലഘട്ടമാണ്.

അവനവന്റെ ജീവിതത്തെക്കുറിച്ച്, ആർക്കും ഒരു ബോദ്ധ്യമോ കാഴ്ചപ്പാടുകളോ ഇല്ല. പലപ്പോഴും, സ്വയം തിരിച്ചറിവിൽനിന്നുമാണ്, അത്ഭുതങ്ങൾ പിറക്കുന്നത് എന്നത് നാം മറക്കുന്നു.

താൻ ബലഹീനനും പാപിയുമാണെന്നുള്ള തിരിച്ചറിവിൽനിന്നുമാണ്, ഒരുവൻ ദൈവസഹായത്തിനായി കരങ്ങൾ നീട്ടുന്നത്. തന്റെ കഴിവുകളിൽ അമിതമായി അഹങ്കരിക്കുന്ന ഒരുവന്, പരസഹായത്തിന്റെ ആവശ്യമില്ല.

നാമാരും പൂർണ്ണരല്ല, സമൂഹജീവിയെന്ന നിലയ്ക്ക്, മറ്റുള്ളവരുടെ സഹായംകൂടാതെ, നമുക്ക് ഈ സമൂഹത്തിൽ ജീവിക്കാനെ കഴിയില്ല എന്നതാണ് സത്യം.

സമ്പന്നതയുടെ നെറുകയിൽ കഴിയുന്ന ഒരുവൻപോലും, ഒരുനേരം ഭക്ഷണം കഴിക്കണമെങ്കിൽ, കൃഷീവലന്മാരുടെ വിയർപ്പൊഴുകണം. ആയതിനാൽ, പരസ്പരസഹായമനോഭാവം, നമ്മിൽ വളർത്തിയെടുക്കാൻ, ഞാനെന്ന ഭാവത്തെ നമ്മിൽനിന്നും പിഴുതെറിയാം.

പരസ്പരം കരുതലുള്ള രണ്ട് വ്യക്തിത്വങ്ങളാണ്, യേശുവും ശതാധിപനും. കാരണം, യഹൂദനിയമവശങ്ങളൊക്കെ മറന്നുകൊണ്ട്, അവനെ സഹായിക്കാൻ യേശു തയ്യാറാക്കുമ്പോൾ, താൻമൂലം, അവന് ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന് ചിന്തിക്കുന്ന ശതാധിപൻ.

ഉപകാരം ചെയ്യുന്നവനെ, തിരികെപോകുംവഴി എങ്ങനെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന, തലമുറയിലാണ് നാം ഇന്നുള്ളത്.

സ്വാർത്ഥതയും, അസൂയയും, അഹങ്കാരവുമൊക്കെ അരങ്ങുവാഴുന്നകാലം. അപരനോട് കരുതലും, കരുണയും, സ്നേഹവും കാണിക്കാൻ, നാം ഒരുപാട് വിയർപ്പൊഴുക്കേണ്ടിവരും, നമ്മെ പരിവർത്തനത്തിന്റെ മൂശയിൽ നന്നായി കടയേണ്ടിവരും.

മരപ്പണിക്കാരനീശോയുടെ ആലയിൽ, അവന്റെ കരങ്ങളിൽ, നമ്മെ സമർപ്പിക്കാം. അവൻ നമ്മെ കടഞ്ഞെടുക്കട്ടെ, അവന്റെ ഹിതംപോലെ….

error: Content is protected !!