Meditations Reader's Blog

ഉത്ഥിതനായ ഈശോ കൂടെ ഉണ്ടെങ്കിൽ ദുഃഖങ്ങളും സന്തോഷമായി മാറും

യോഹന്നാൻ 16:16-24
ജീവിതപ്രതീക്ഷ.

“അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.” തൻ്റെ കുരിശുമരണവും ഉത്ഥാനവുമാണ് ഇതിലൂടെ ഈശോ ശിഷ്യർക്ക് വെളിപ്പെടുത്തുന്നത്. അവൻ്റെ വാക്കുകൾ മനസിലാകാത്ത ശിഷ്യന്മാർക്ക് മുന്നിൽ ഈശോ തൻ്റേതായ ശൈലിയിൽ വിശദീകരണം നല്കുകയാണ്.

അവൻ്റെ വേർപാടിൽ അവർ അത്യന്തം ദു:ഖിതരാകുന്നുണ്ട്, ആ ദു:ഖം മനസിലാക്കിത്തന്നെ ഈശോ അവരോട് പറയുകയാണ്, ഞാൻ എന്നേക്കുമായി പോവുകയല്ല ,ഞാൻ മടങ്ങി വരും എന്ന്. താൻ ഉപേക്ഷിക്കയില്ല, കൂടെയുണ്ടാവും എന്ന ഉറപ്പ് അവർക്ക് നൽകുകയാണവൻ.”മരണം” വേദനിപ്പിക്കുന്ന വേർപാട് ആണെങ്കിൽ “ഉത്ഥാനം” പ്രതീക്ഷയുടെ തിരിച്ചുവരവാണ്.

ഈശോ വീണ്ടും പറയുന്നു, “നിങ്ങൾ കരയുകയും വിലപിക്കയും ചെയ്യും, എന്നാൽ ലോകം സന്തോഷിക്കും” കാരണം, ലോകം അവനെ അറിഞ്ഞിരുന്നില്ല, അറിയാത്ത ഒന്നിനെ നഷ്ടമായാൽ,വേദന ഉളവാകില്ല. എന്നാൽ സ്നേഹിച്ചതിനെ നഷ്ടമാകുന്നിടത്താണ് വേദനയുടെ നൊമ്പരം.

ശിഷ്യർ അവനെ അറിഞ്ഞിരുന്നു, സ്നേഹിച്ചിരുന്നു,ആയതിനാൽ അവർക്ക് സഹിക്കാനാവതല്ല ഈ വേർപാട്. യേശുവീണ്ടും പറയുകയാണ്, “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും ” തൻ്റെ ഉത്ഥാനത്തിന്റെ സന്തോഷത്തിൽ അവൻ അവരെ ഉൾച്ചേർക്കുന്നു. നമ്മുടെ ജീവിതനഷ്ടങ്ങൾ ഓരോന്നിലും പ്രതീക്ഷയുടെ ഉത്ഥാനം സന്തോഷമായി കടന്നു വരുമെന്ന് മരപ്പണിക്കാരനീശോ ഓർമ്മിപ്പിക്കുന്നു.

വീണ്ടും നിങ്ങളെന്നെ കാണുമ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും, ആ സന്തോഷം നിങ്ങളിൽ നിന്നും ആരും എടുത്തുകളയുകയില്ല, എന്നതിലൂടെ ശിഷ്യന്മാർക്ക് യേശു ശാശ്വതമായ സന്തോഷം ആശംസിക്കയാണ്.മരണത്തെ തോല്പിച്ചവൻ,ഉത്ഥാനം ചെയ്തവൻ,നിത്യം കൂടെ വസിക്കുന്നു എന്നതാണ് നിലനിൽക്കുന്ന സന്തോഷം.

മനുഷ്യ ജീവിതം സുഖദു:ഖങ്ങൾ ഇടകലർന്നതാണ്. എന്നാൽ, ഉത്ഥിതൻ കൂടെയുണ്ടെങ്കിൽ നിത്യമായ സന്തോഷം നമുക്കനുഭവവേദ്യമാകും. അവനോട് ചേർന്നു നിന്നാൽ വേദനകളിൽ പോലും സന്തോഷിക്കാനാവും.

മരണത്തിൽ നിന്നും ഉത്ഥാനത്തിലേയ്ക്കുള്ള ദൂരമാണ് പ്രത്യാശ. ഏതു വേദനയ്ക്കും ദുഃഖങ്ങൾക്കും ഇടയിൽ പ്രത്യാശയുടെയും സന്തോഷത്തിന്റെയും ഉത്ഥാനം കടന്നു വരും എന്നുള്ള വിശ്വാസത്തിൽ വളരാൻ, ഈശോ നമ്മെ സഹായിക്കട്ടെ.