പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്.
പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു.
സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു.
ഉടനെ ഒരു മറുപടി കേട്ടു: ‘ആബട്ട് സോസിമൂസ്, ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് ധരിക്കാന്‍ അങ്ങയുടെ മേലങ്കി എറിഞ്ഞുതരിക. എന്നിട്ട് അങ്ങേക്ക് അടുത്തുവരാം.’
അങ്ങനെ അവള്‍ അടുത്തെത്തിയപ്പോള്‍ നല്കിയ ആത്മകഥ ഇങ്ങനെ സംക്ഷേപിക്കാം: ‘എന്റെ സ്വദേശം ഈജിപ്ത്താണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഇഷ്ടംപോലെ ജീവിക്കാന്‍ വേണ്ടി മാതാപിതാക്കന്മാരുടെ അനുവാദം കൂടാതെ ഞാന്‍ അലക്‌സാന്‍ട്രിയായിലേക്കു പോയി.
17 കൊല്ലം ഒരു വേശ്യയായി ജീവിച്ചു. 29-ാമത്തെ വയസ്സില്‍ ഞാന്‍ ജെറുസലേമിലേക്കു പോയിരുന്ന തീര്‍ത്ഥകരോടുകൂടെ കപ്പല്‍ കയറി. തീര്‍ത്ഥകരെയെല്ലാം ഞാന്‍ പാപത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടിരുന്നു.
വിശുദ്ധ കുരിശു വച്ചിരുന്ന ദൈവാലയത്തിലേക്ക് ജനക്കൂട്ടത്തിലൂടെ കടക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഒരു അദൃശ്യശക്തി എന്നെ തടഞ്ഞു.
മൂന്നു നാലു പ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഒരു മൂലയില്‍ ഇരുന്ന് ഞാന്‍ കരഞ്ഞുപോയി. എന്റെ പാപങ്ങളാണ് ഈ അനുഭവത്തിന് കാരണമാക്കിയതെന്ന് കരുതി ഞാന്‍ നെഞ്ചിലിടിച്ചു നിലവിളിച്ചു.
പാപിയായ എന്നെ അനുഗ്രഹിക്കണമെയെന്ന് അപേക്ഷിച്ചിട്ട് ദൈവാലയത്തിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒരു തടസ്സവും കൂടാതെ എനിക്ക് അകത്തു കടക്കാന്‍ കഴിഞ്ഞു.
ദൈവമാതാവിനോട് നന്ദി പറഞ്ഞ് ഞാന്‍ ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ താമസിച്ചുകൊണ്ടിരിക്കയാണ്.’അന്ന് ആബട്ട് സോസിമൂസിന്റെ കരങ്ങളില്‍ നിന്ന് മറിയം ദിവ്യകാരുണ്യം സ്വീകരിച്ചു. അടുത്ത നോമ്പുകാലത്ത് തന്നെ വന്നുകാണണമെന്ന് സോസിമൂസിനോട് ആവശ്യപ്പെട്ടുകൊണ്ട് അവര്‍ പിരിഞ്ഞു.
പിറ്റേവര്‍ഷം സോസിമൂസ് ആ സ്ഥലത്ത് മടങ്ങിച്ചെന്നപ്പോള്‍ അവളുടെ ശരീരം മാത്രം അവിടെ കിടപ്പുണ്ടായിരുന്നു; മറിയം എന്നൊരു ഉല്ലേഖനവും. സോസിമൂസ് അവളുടെ സംസ്കാരം നടത്തി.