യേശു പാപികളെ തേടി വന്നവനാണ്…

കടന്നുപോക്ക്
ലൂക്കാ 19 : 1 – 10

വി.ഗ്രന്ഥത്തിലെ കടന്നുപോക്കെല്ലാം, പ്രത്യേകത നിറഞ്ഞതാണ്, അതെല്ലാം രക്ഷാകരമാണ്. പെസഹാ, രക്ഷാകരമായ ഒരു കടന്നുപോക്കായിരുന്നതുപോലെ, യേശുവിന്റെ ജെറീക്കോയിൽകൂടിയുള്ള കടന്നുപോക്ക്, സക്കേവൂസിന്റെ ജീവിതത്തേയും രക്ഷകരമാക്കി മാറ്റി. നമ്മുടെ ജീവിതത്തിലൂടെയും അവന് കടന്നുപോകാൻ ഇടം നൽകണം.

വചനത്തിന്റെ ജീവനും, രക്ഷയുടെ ദൂതുമായാണവൻ കടന്ന് വരുന്നത്. അവനെ ജീവിതത്തിലേക്ക് സ്വീകരിച്ചവർക്കെല്ലാം, സൗഖ്യവും, ജീവനും, പാപമോചനവും, ദൈവകൃപയും ലഭിച്ചു. അവന്റെ ഉയിർപ്പും പിതാവിങ്കലേക്കുള്ള ഒരു കടന്ന് പോക്കായതിനാൽ, അവന്റെ രക്ഷാകര രഹസ്യത്തിൽ പങ്കുചേരുന്ന നാമും, ഈ കടന്നുപോക്കിൽ പങ്കാളികളാകും.

ചുങ്കക്കാരുടെ നേതാവെന്ന പേരിനാൽത്തന്നെ, സമൂഹഭ്രഷ്ടനായും, പാപിയായും മുദ്രകുത്തപ്പെട്ടവനായിരുന്നു സക്കേവൂസ്. ഇവയും, മറ്റ് പല കുറവുകളും, യേശുവിനെ നേരിൽ കാണുകയെന്ന അവന്റെ ഉള്ളിലെ ആഗ്രഹത്തിന്, തടസ്സമായി നിലകൊണ്ടു. എന്നാൽ, അതിലൊന്നും നിരാശനാകാതെ, കൗശലത്തിന്റെ കുറുക്കുവഴികൾ അവൻ സ്വയം കണ്ടെത്തി. യേശു, അവനേയും അവന്റെ ആഗ്രഹത്തേയും പരിശ്രമത്തേയും കണ്ടു. അങ്ങനെ അപ്രതീക്ഷിത സംഭവങ്ങൾ, സക്കേയുടെ ജീവിതത്തിൽ അരങ്ങേറി.

പലപ്പോഴും, നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങൾ എത്രമാത്രം തീവ്രമാണോ, അതനുസരിച്ചായിരിക്കും നമ്മിൽ ദൈവാനുഭവം ഉണ്ടാകുന്നത്. ഉള്ളറിയുന്നവന്റെ മുമ്പിൽ, നമുക്കുള്ളതും, നമ്മേയും തുറന്ന് വയ്ക്കാം. എന്നാൽ, അപ്രതീക്ഷിതസംഭവങ്ങൾ നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാകും.

യേശുവിന്റെ വിളിയിൽ അവൻ ഉടൻ പ്രത്യുത്തരിച്ചു. “തിടുക്കത്തിൽ” അവൻ എല്ലാം ചെയ്തുതുടങ്ങി. ദൈവവിളിയിൽ മന്ദതയല്ല, ഈ ചടുലതയാണ്‌ നമുക്കാവശ്യം. കാരണം, ഈ വിളിയിൽ ഒരിക്കലും, നമ്മിലെ പഴയ ഉത്തരവാദിത്വനിർവ്വഹണത്തിന്റെയും, കടമകളുടേയും ചുമതലകളില്ല,യോഗ്യതകളുടെ പട്ടികയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അങ്ങനെ ചെയ്യാൻ തുനിഞ്ഞവർക്കെല്ലാം ഈ വിളി നഷ്ടമായതും, എല്ലാം മറന്ന് വിളി സ്വീകരിച്ചവരെല്ലാം സ്വീകൃതരായതും വി.ഗ്രന്ഥത്തിൽത്തന്നെ ഉദാഹരണസഹിതം നാം കണ്ടെത്തുന്നുണ്ട്. നമുക്കും അവന്റെ വിളിയിൽ, മറ്റെല്ലാം മറന്ന് അവനോട് തിടുക്കത്തിൽ,കാലവിളംബം കൂടാതെ പ്രത്യുത്തരിക്കാം. ഒരിക്കലും നാളേക്ക് മാറ്റിവെയ്ക്കേണ്ടതല്ല അവന്റെ വിളി.

രക്ഷയുടെ സന്തോഷം സക്കായി അനുഭവിക്കുമ്പോൾ, ചുറ്റുമുള്ളവർ അസൂയയോടെ പിറുപിറുക്കുന്നു. പലപ്പോഴും, ഈയൊരു മനോഭാവം നമ്മിലുമുണ്ട്. അപരന്റെ സന്തോഷത്തിൽ, അവന്റെ വിരുന്നിൽ പങ്കുചേരുമ്പോഴും, അവന് ഒരു നന്മ കൈവന്നാൽ,നമ്മിൽ അസൂയയുടെ കണ്ണുകൾ താനേ തുറക്കും. ഇങ്ങനെയുള്ള മനോഭാവംനിറഞ്ഞ ആളുകളുടെ പട്ടികയിൽനിന്നും, നാം മാറിനിൽക്കേണ്ട സമയം അതിക്രമിച്ചില്ലേ? നമ്മുടെ ഭാഗത്തുനിന്നും അതിനായി കഠിനപരിശ്രമം കൂടിയേമതിയാകൂ.

യേശുവിനെ കണ്ടതിനുശേഷമുള്ളസക്കേവൂസിന്റെ ഓരോ പ്രവർത്തികളും, ഒരു തുറന്ന കുമ്പസാരമായിരുന്നു. ഒടുവിലവൻ സ്വയം പ്രാശ്ചിത്ത പ്രവർത്തികളിൽ മുഴുകുന്നു. നിയമങ്ങൾ അനുശാസിക്കുന്നതിന്റെ ഇരട്ടി, അവൻ പ്രാശ്ചിത്തമായി നൽകുന്നു. നിത്യജീവൻ അവകാശമാക്കാൻ വന്ന്, നിരാശനായി മടങ്ങിയ ധനികനെപ്പോലെയല്ല സക്കായി. പരിഹാരവും, പ്രാശ്ചിത്തവും, ദാനധർമ്മവും, അവൻ ജീവിതമുഖമുദ്രയാക്കി.അങ്ങനെയവൻ, അബ്രാഹത്തിന്റെ പുത്രനായി ഉയർത്തപ്പെട്ടു.

യേശു പാപികളെ തേടി വന്നവനാണ്. നഷ്ടപ്പെട്ടത്തിനെ തേടി അന്വേഷിച്ചു പോകുന്നവൻ. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും മാറ്റിനിർത്തപ്പെട്ടവരെ, വേർതിരിവിന്റെ വേലിക്കെട്ടുകൾ പൊളിച്ചു, അവൻ ജീവിതത്തിലും സമൂഹത്തിലും, അവരെ മുൻനിരയിൽ നിർത്തി. എന്നാൽ, ഇതിന്റെയൊക്കെ അടിസ്ഥാനം ഹൃദയപരിവർത്തനമാണ്. യേശുവിനെ വെറുതെ ഒന്ന് കാണാൻ ആഗ്രഹിച്ച സക്കായി, യേശുവിലൂടെ സ്വജീവിതത്തെതന്നെ കണ്ടു. നമുക്കും അവനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാം. അങ്ങനെ ഈ നോമ്പുകാലത്ത്, നമ്മുടെ ജീവിതത്തിൽകൂടെയുള്ള അവന്റെ “കടന്നുപോക്ക്” രക്ഷാകരമാക്കി മാറ്റാം.

error: Content is protected !!