മത്തായി 18 : 15 – 20
യേശുവിന്റെ മനോഭാവം
നിൻ്റെ സഹോദരൻ തെറ്റ് ചെയ്യുകയാണെങ്കിൽ… നിന്നോട് തെറ്റ് ചെയ്തത് നിന്റെ സഹോദരനാണ്, വേറെ ആരുമല്ല എന്ന ബോധ്യം ആദ്യമുണ്ടാകണം. തെറ്റ് ചെയ്ത സഹോദരനെ തിരുത്തുക എന്നത് കടമയാണ്. പക്ഷെ, അതു വിവേകപൂർവ്വം ചെയ്യണം. അതിനു മൂന്നു ഘട്ടങ്ങളുണ്ട്.
സഹോദരന്റെ തെറ്റു തിരുത്തൽ എപ്പോഴും ഏറെ കരുതലും, ശ്രദ്ധയും, രഹസ്യാത്മകവുമായിരിക്കണമെന്ന് അവൻ ഓർമിപ്പിയ്ക്കുന്നു. തെറ്റ് ചെയ്തവൻ തനിച്ചായിരിക്കുമ്പോൾ തിരുത്തുന്നത് “രഹസ്യാത്മകം” ആണ്.
ഇതു ഫലം കാണുന്നില്ലെങ്കിൽ രണ്ട് സാക്ഷികളുടെ കൂടെ “കരുതലോടെ” ചെയ്യണം. അല്ലെങ്കിൽ ഒരു പക്ഷേ നീ തെറ്റുകാരൻ ആയി മാറാം. എന്നിട്ടും കഴിഞ്ഞില്ല എങ്കിൽ നീ അവനെ സഭാസമൂഹത്തിന്റെ “ശ്രദ്ധയിൽ” കൊണ്ടുവരിക.
എന്നിട്ട് മരപ്പണിക്കാരനീശോ പറയുന്നു; തെറ്റ് ചെയ്തവൻ ആരെയും വകവയ്ക്കുന്നില്ലയെങ്കിൽ, അവനോട് വിജാതീയനേപ്പോലെയോ ചുങ്കക്കാരനെപ്പോലെയോ കണ്ടു പെരുമാറുക. ഇവിടെയാണ് നമ്മൾ മരപ്പണിക്കാരനെ ശ്രദ്ധിക്കേണ്ടത്. അവന്റെ മനോഭാവം പഠിക്കേണ്ടത്.
അവൻ എങ്ങനെയായിരുന്നു വിജാതീയരോടും ചുങ്കക്കാരോടും പാപികളോടും പെരുമാറിയിരുന്നത്? അവൻ അവരോട് പെരുമാറിയിരുന്നത് കരുണയോടും ആർദ്രതയോടുമായിരുന്നു. അവന്റെ കരങ്ങൾ അവരെ ചേർത്തുനിർത്തി. ചുങ്കക്കാരോടും പാപികളോടുമൊപ്പം ഭക്ഷണം കഴിയ്ക്കുന്ന ആർദ്ര മനസ്സായിരുന്നു അവന്.
എങ്കിൽ നിന്നോട് തെറ്റ് ചെയ്ത സഹോദരനോടും നിനക്കും ആർദ്രതയോടെ പെരുമാറാൻ സാധിക്കണം. കുറ്റങ്ങളും കുറവുകളും മറന്ന് നേഞ്ചോടു ചേർക്കുന്ന നാഥനാണ് മരപ്പണിക്കാരൻ. നഷ്ടപ്പെടുത്താനല്ല; നേടാനാണവൻ വന്നിരിക്കുന്നത്. കാരണം നിനക്കെതിരെ നിൽക്കുന്നത് ഒരു ശത്രുവല്ല, നിന്റെ തന്നെ സഹോദരനാണ്.
നമുക്കെതിരുനിൽക്കുന്നവരെ ശത്രുവായി കണ്ട് മാറ്റിനിർത്താനല്ല, അവരെ കൂടുതൽ പരിഗണിച്ചു, ചേർത്തു നിർത്താനാണ് അവൻ തന്റെ ജീവിതമാതൃകകൊണ്ടു, നമ്മോട് ആവശ്യപ്പെടുന്നത്. സഹോദരനെ നേടുന്നതിനേക്കാൾ വലിയ കടമ വേറെ ഒന്നുമില്ല. ആ കടമ മറക്കാതെ പ്രാർത്ഥനയുടെ ബലത്തിൽ സഭയോട് ചേർന്നു നിന്ന് നമ്മുടെ ക്രൈസ്തവജീവിതം ഫലദായകമാക്കാം.