Meditations Reader's Blog

ഉത്ഥിതനായ യേശുവിൽ പ്രത്യാശയർപ്പിക്കാം..

മത്തായി 22 : 23 – 33
പുനരുത്ഥാനം.

സദുക്കായരുടെ യേശുവിനെതിരെയുള്ള മതപരവും വിശ്വാസപരവുമായ വാദമാണ് വചനഭാഗം. പുനരുത്ഥാനമാണ് പ്രധാനവിഷയം. അവർ അതിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഒരു സാങ്കൽപ്പിക കഥയുമായി അവർ യേശുവിനെ സമീപിക്കുന്നു.

പുനരുത്ഥാനത്തിൽ ഓരോരുത്തരും പുതിയ സൃഷ്ടികളാണ് എന്ന സത്യം ഈശോ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അമർത്യതയിൽ വിവാഹമോ, സന്താനോൽപ്പാദനമോ ആവശ്യമില്ല. ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോഴും, പുതു സൃഷ്ടികളായതിനാൽ, സ്വർഗ്ഗീയദൂതർക്ക് സമാനമാണവർ. അവിടെ വിവാഹം എന്ന ചിന്തയെ ജനിക്കുന്നില്ല.

ദൈവത്തിൽ വിശ്വാസമർപ്പിച്ചവർ ഒരിക്കലും നശിച്ചു പോയിട്ടില്ല. കാരണം, അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഇതിലൂടെ പുനരുത്ഥാനത്തെക്കുറിച്ചു വ്യക്തമായ ഒരു കാഴ്ചപ്പാട് അവൻ ആളുകൾക്ക് നൽകി.

പുനരുത്ഥാനവിശ്വാസത്തോടെ, ഉത്ഥിതനിൽ അഭയം തേടാൻ നമുക്കാവട്ടെ. ആകുലതകൾക്കും ആശങ്കകൾക്കും വിട നൽകി, ഉത്ഥിതനിൽ പ്രത്യാശയർപ്പിക്കാൻ നമുക്കിടയാവട്ടെ.