News Reader's Blog Social Media

വയനാട് ദുരന്തം: പുറംലോകത്തെ അറിയിച്ച നീതു കണ്ണീരോർമ്മ…

വയനാട്: ചൂരൽമലയിൽ ഉണ്ടായ ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ തനിക്കും മറ്റ് നിരവധി പേർക്കും സഹായം അഭ്യർത്ഥിച്ച നീതുവിൻ്റെ കോൾ “ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്‌കൂളിന് പുറകിലാണ് ഞാൻ താമസിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ ആരെയെങ്കിലും അയക്കാമോ?” ഇതൊരപേക്ഷയായിരുന്നു.

നീതുവിന്റെ ആ കോൾ നീതുവിന് രക്ഷയായില്ലെങ്കിലും അനേകർക്ക് രക്ഷയായി. പിന്നെ ആരും നീതുവിന്റെ ശബ്‌ദം കേട്ടിട്ടില്ല. ഇനി കേൾക്കുകയുമില്ല. ആ മലവെള്ളപ്പാച്ചിലിൽ പൊള്ളുന്ന ഓർമ്മയായി നീതുവും നീതുവിന്റെ ആ കോൾ റെക്കോഡിങ്ങും.

താൻ ജോലി ചെയ്തിരുന്ന ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സ്റ്റാഫിനെ വിളിക്കുന്നതിന് മുമ്പ് പലരോടും എമർജൻസി കോളുകൾ വിളിച്ചിരുന്നതായും നീതു ജീവനക്കാരോട് പറഞ്ഞിരുന്നു. സമീപത്ത് താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ തൻ്റെ വീട്ടിൽ അഭയം തേടിയതായി നീതു പറയുന്നുണ്ട് .

ജീവനക്കാർ അവരിൽ നിന്ന് എല്ലാ വിശദാംശങ്ങളും ആരായുകയും രക്ഷാപ്രവർത്തകർ വരുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഉടൻ തന്നെ പോലീസിനെ അറിയിക്കുകയും ആശുപത്രിയിൽ നിന്ന് ആംബുലൻസ് ചൂരൽമലയിലേക്ക് പുറപ്പെടുകയും ചെയ്തു.

എന്നാൽ, മരങ്ങൾ കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസ് ഡ്രൈവറും മറ്റൊരു ജീവനക്കാരനും അവരുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും രണ്ടാമത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ബന്ധം നഷ്ടപ്പെട്ടു. ചൂരൽമല പാലം ഒലിച്ചുപോയതിനാൽ ആംബുലൻസുകൾക്കും മറ്റ് രക്ഷാപ്രവർത്തകർക്കും പെട്ടന്ന് നീതുവിൻ്റെ അടുത്തെത്താനായില്ല.

നീതുവിൻ്റെ ഭർത്താവ് ജോജുവും ഒപ്പമുണ്ടായിരുന്നവരും പരമാവധി ആൾക്കാരെ മറുകരയെത്തിച്ചു. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ഭീമൻ പാറകൂട്ടങ്ങൾ വീടിന്റെ ഒരു ഭാഗം തകർത്തു. ആ മുറിയിൽ ഉണ്ടായിട്ടിരുന്ന നീതുവും 3 അയൽക്കാരും ആ മലവെള്ളത്തിൽ ഒഴുകിപ്പോയി.

പലരെയും ദുരിതക്കയത്തിൽനിന്നു രക്ഷപ്പെടുത്തിയ ജോജോയ്ക്ക് ആ സമയത്തിനുള്ളിൽ തന്റെ ജീവന്റെ പാതിയെ നഷ്ടമായിരുന്നു. നാലുവയസുകാരൻ മകൻ അമ്മയെ കാത്തിരിക്കുകയാണ്. ദിവസങ്ങൾക്കു ശേഷമാണ് നീതുവിന്റെ മൃതദേഹം ചാലിയാറിൽനിന്നു ലഭിച്ചത്. ധരിച്ചിരുന്ന ആഭരണങ്ങൾ കണ്ടാണ് നീതുവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മേപ്പാടി സിഎച്ച്സിയിലെത്തിച്ച മൃതദേഹം ഭർത്താവ് ജോജോ ഏറ്റുവാങ്ങി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാരം നടത്തി.

“ഇടവകയിലെത്തന്നെ വളരെ ആക്ടീവായിട്ടുള്ള കുട്ടിയായിരുന്നു നീതു. നീതു അറിയിച്ചതനുസരിച്ച് നിരവധി ആൾക്കാരെ രക്ഷപ്പെടുത്താനും ദുരന്തത്തിന്റെ ഭീകരത പുറം ലോകത്തെ അറിയിക്കാനും കഴിഞ്ഞു. പലരെയും രക്ഷിച്ചെങ്കിലും നീതുവിനും കുറച്ചുപേർക്കും രക്ഷപെടാൻ സാധിച്ചില്ല. നീതുവുണ്ടായിരുന്ന മുറി ഉൾപ്പെടെ മലവെള്ളപ്പാച്ചിൽ കൊണ്ടുപോയി”-ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജിബിൻ വട്ടുകുളം പറയുന്നു.

ഭർത്താവ് ജോജോയുടെ കയ്യിൽ നിന്നാണ് നീതു വഴുതിപ്പോയത്. നീതുവിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർമ്മയായി അവശേഷിക്കുന്നു. എന്ന് മാലാഖമാരോടൊപ്പം ദൈവസന്നിധിയിൽ നീതുവുമുണ്ട്. നീതുവിന്റെയും മരണമടഞ്ഞവരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.