ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്.
ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു.
50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.
ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ നടപടി ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. 50 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തിൽനിന്നു വിലക്കിയത്.