Meditations Reader's Blog

സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാം..

യോഹന്നാൻ 14:1-11
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “

തങ്ങളുടെ ഗുരുവിൻ്റെ വാക്കുകളിൽ ശിഷ്യർ വല്ലാതെ അസ്വസ്ഥരാകുന്നു. വരാനിരിക്കുന്ന വേദനകളും, തിക്താനുഭവങ്ങളും, കുരിശുമരണവും അവരുടെ ഹൃദയത്തിൽ വല്ലാതെ ദു:ഖവും ഭയവും ജനിപ്പിച്ചിരുന്നു. പാപത്തിന്മേൽ വിജയം നേടാൻ അവൻ മരണം വരിക്കേണ്ടത് അനിവാര്യമാണെന്നറിഞ്ഞിരുന്നിട്ടും ഇശോയെക്കുറിച്ച് അവർ അസ്വസ്ഥതപ്പെടുകയാണ്.

പാപവും മരണവും – മനുഷ്യനിൽ അസ്വസ്ഥത ഉളവാക്കുന്ന രണ്ട് യാഥാർഥ്യങ്ങളാണ്. അതുകൊണ്ട് തന്നെ മരണത്തിൻ്റെ വേർപാടിനേക്കാൾ ഉത്ഥാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഈശോ അവരെ പഠിപ്പിക്കുന്നു. മരണശേഷം താൻ ഉത്ഥിതനായി വീണ്ടും കൂടെയുണ്ടാകുമെന്ന് പറ പറഞ്ഞ് അവൻ അവരെ ആശ്വസിപ്പിക്കുന്നു.

ഈയൊരു ആശ്വസിപ്പിക്കൽ ശിഷ്യരുടെ കാര്യത്തിൽ അവന് എന്നും ഉണ്ടായിരുന്നു. അതു അവരുടെമേലുള്ള കരുതലായിരുന്നു. വഞ്ചി കൊടുങ്കാറ്റിൽ ഉലയുമ്പോഴും, വലയെറിഞ്ഞു നിരാശരായപ്പോഴും സമാശ്വാസമായി അവൻ അവരോട് ചേർന്നു നിന്നു. അപ്പോഴൊക്കെ അവൻ ആവശ്യപ്പെടുന്നത്, വിശ്വാസം ഒന്നു മാത്രമാണ്. ഒപ്പം അവനോടുള്ള സ്നേഹവും. എന്നാലേ ഉത്ഥാനം ചെയ്തവൻ അനുഭവവേദ്യമാകയുള്ളു.

ഈ അനുഭവത്തെ പങ്കുവയ്ക്കാതിരിക്കാൻ അവർക്കാവാതെ വരും. അതാണ് ഉയിർപ്പിന് ശേഷം നാം കാണുന്നത്. അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടതിനു ശേഷം, അവർ അവനെ പ്രഘോഷിക്കാനായി സധൈര്യം ഇറങ്ങിപ്പുറപ്പെടുകയാണ്.

ഉള്ളിൽ നിറയുന്ന ക്രിസ്തു സ്നേഹത്തെ ലോകത്തിനു പകർന്നു കൊടുക്കാൻ അവർ പ്രചോദിതരാവുകയാണ്. വഴിയും സത്യവും ജീവനുമായ അവൻ്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി, സത്യത്തിൻ്റെ പാതയിലൂടെ നടന്ന് നിത്യജീവൻ കണ്ടെത്തുകയാണ് പ്രിയശിഷ്യന്മാർ. ഇതാണ് നാമോരോരുത്തരോടും ഈശോ ആവശ്യപ്പെടുന്നത്.

അവനാണ് സത്യവഴിയും നിത്യസത്യവും നിത്യജീവനുമെന്ന് തിരിച്ചറിയുവാനും അങ്ങനെ അവൻ്റെ സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാനും. ഈശോ നമ്മെ അനുഗ്രഹിയ്ക്കട്ടെ.