കൊച്ചി: ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. ‘The STAR from Heaven’ -എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്.
നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ ഫാ. വിപിന്‍ കുരിശുതറ സിഎംഐ, ഫാ. വിനില്‍ കുരിശുതറ (സിഎംഎഫ്) എന്നിവരുള്‍പ്പെടെ 6 വൈദികരും, ഒരു ഡീക്കനും, ബ്രദറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഫാ. ജോസ് കോട്ടയ്ക്കകത്ത്, ഫാ. വിനീത് മാളിയേക്കൽ, ഫാ. വിജില്‍ കിഴക്കരക്കാട്ട് ഒ.പ്രേം, ഫാ. ബിബിന്‍ വല്ലവശ്ശേരില്‍ ഒ.പ്രേം എന്നിവര്‍ക്കൊപ്പം ബ്രദര്‍ ആല്‍ബിന്‍ ഷാജി (ആര്‍.സി.ജെ), ഡീക്കന്‍ സച്ചിന്‍ ബേബി (ഒഎഫ്എം ക്യാപ്) എന്നിവരും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഫാ. അനീഷ് കരിമാലൂര്‍ ഒ.പ്രേം ആണ് ഗാനത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ഫാ. സിന്റോ ചിറമേലും ഓര്‍ക്കസ്ട്രേഷന്‍ ഫ്രാന്‍സിസ് സാബുവും കൈകാര്യം ചെയ്തിരിക്കുന്നു. കോറസ് എആര്‍ ബാന്‍ഡ് കൊച്ചിന്‍. മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ – നിഖില്‍ കാക്കോച്ചന്‍.
കൊച്ചിയിലെ ഫ്രെഡീസ് എ. വി. ജി. സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് വിപിന്‍ -ഡി. എം ഡാന്‍സ് സ്റ്റുഡിയോയും ഡിസൈന്‍ ആസ്ട്രായും ആണ്.
ഛായാഗ്രഹണം ജോജോ ജോസും, എഡിറ്റിങ്ങ് ഗോഡ്സണും, കളറിസ്റ്റ് ബെന്‍ കാച്ചപ്പിള്ളിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. നോര്‍ബെര്‍ട്ടൈയിൻ വൈദിക വിദ്യാര്‍ഥികള്‍ക്കൊപ്പം, എയ്താന്‍ ക്ലിന്റോ, ധീരജ് വി. ദേവസ്യ, ജീതു ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വയനാട്ടിലെ മാനന്തവാടിയിൽ ആണ് വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത്.