Daily Prayers

സ്വർഗ്ഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന നിധിപോലെയാണ്..

മത്തായി 13 : 44 – 52
ഉപമകളിലെ സത്യം.

വയലിൽ നിധി ഒളിഞ്ഞിരിക്കുന്ന സമയം എന്നത്, യുദ്ധവും കലാപങ്ങളും നിറഞ്ഞിരുന്ന ഒരു കാലഘട്ടമാണ്. ശത്രുകരങ്ങളിൽ നിന്നും തങ്ങളുടെ സമ്പാദ്യം മണ്ണിൽ മറച്ചു, ഓടി മറയുന്നവർ ഒരുപക്ഷേ തിരിച്ചു വരാറില്ല. വന്നാൽ തന്നെ നിധി ഒളിപ്പിച്ച സ്ഥലം കണ്ടെത്തണമെന്നുമില്ല.

ഇവിടെ വയലിൽ നിധി കണ്ടെത്തിയ ഒരുവൻ, വിവേകപൂർവ്വം തനിക്കുള്ളത് മുഴുവൻ വിറ്റ്, ആ വയൽ സ്വന്തമാക്കുന്നു. സ്വർഗ്ഗരാജ്യം കണ്ടെത്തിയവനും ഇതുപോലെതന്നെ. എന്നാൽ അത് ഏറെ ശ്രമകരമാണ്. ഈ നിധി സ്വന്തമാക്കാനാണ് തനിക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കാൻ യേശു ധനികനായ യുവാവിനോട് പറഞ്ഞത്.

പക്ഷെ സ്വർഗ്ഗരാജ്യമാകുന്ന ഈ നിധി കണ്ടെത്താൻ അവന് കഴിയാതെപോയി. രത്നങ്ങളുടെ ഉപമയും ഇതുതന്നെയാണ് അർത്ഥമാക്കുന്നത്. ഇതിലെല്ലാം പൊതുവായി ഉള്ള തത്വം, നിധി കണ്ടെത്തുമ്പോൾ ഉള്ള സന്തോഷവും, അത് സ്വന്തമാക്കാനുള്ള തീരുമാനവുമാണ്.

വലയുടെ ഉപമയിൽ, എല്ലാത്തരം മത്സ്യങ്ങളേയും ഉൾക്കൊള്ളാൻ തക്കവിധം വല വലുതെങ്കിലും, കരയ്ക്കെത്തിയാൽ വേർതിരിവിന്റെ ഒരു സമയമുണ്ട്. ഭക്ഷണയോഗ്യവും അല്ലാത്തതും, ചെറുതും വലുതും, സ്വർഗ്ഗരാജ്യമാകുന്ന ഈ വലിയ വലയും എല്ലാവരേയും ഉൾക്കൊള്ളുന്നതാണ്.

എന്നാൽ വേർതിരിവിന്റെ ഒരു കാലം വരും. അപ്പോൾ ദുഷ്ടരും ശിഷ്ടരും വേർതിരിക്കപ്പെടും. മോശമായവയെല്ലാം പുറത്തേക്ക് വലിച്ചെറിയപ്പെടും. അതാണ് അവർക്കുള്ള ശിക്ഷയും. തുടർന്ന് അവൻ പഴയനിയമസംഹിതകളേയും പുതിയനിയമത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നു.

പഴയതിന്റെ പൂർത്തീകരണമാണ്‌ പുതിയത്. രണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണ നമ്മിൽ അവൻ ജനിപ്പിക്കുന്നു. പഴയ – പുതിയ നിയമങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവാണ് നമ്മുടെ നിക്ഷേപം. അറിവിന്റേയും ജ്ഞാനത്തിന്റേയും ആത്മാവ് നമ്മിൽ നിറയട്ടെ, വിജ്ഞാനവും വിവേകവും എന്നും നമ്മിൽ പുലരട്ടെ.