Faith Reader's Blog Social Media

സന്തോഷ് കുളങ്ങര വെളിപ്പെടുത്തിയ ദൈവീക സത്യം…

ജോസഫ് ദാസൻ

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു അദ്ദേഹത്തിന്റെ ദൈവ നിഷേധ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുന്നത് ഒരു രസമാണ്. ദൈവത്തെ അന്വേഷിച്ചു, യാത്ര ചെയ്യാത്ത, എങ്ങും പോകാതെ ഏകാന്തതയിൽ ഇരുന്ന, മനുഷ്യരുടെ അടുത്തേക്കാണ് ഇന്നുവരെ ആളുകൾ പോയിട്ടുള്ളത്!

ലോകം മുഴുവൻ കണ്ടു നടക്കുന്നവനല്ല തന്നിലേക്ക് തന്നെ നോക്കാൻ ശ്രമിക്കുന്നവനാണ് ദൈവത്തെ കണ്ടെത്തുക എന്ന് അനാദി കാലം മുതൽ മനുഷ്യൻ അറിഞ്ഞത് സത്യമെന്നു സഹോദരൻ സന്തോഷ് തന്റെ കുഞ്ഞു ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. അല്ലയോ മഹാനുഭാവ!

അങ്ങ് ഇത്രത്തോളം അലഞ്ഞുനടന്നതു ലോകം മുഴുവൻ അലഞ്ഞു നടന്നാലും ദൈവത്തെക്കുറിച്ചു ഒരു ‘വാഴക്കായും’ അറിയാൻ കഴിയില്ല എന്ന് ഞങ്ങളെ പഠിപ്പിക്കുവാൻ ആയിരുന്നോ?


പ്രിയ സന്തോഷ് ജീ, ലോകം മുഴുവൻ നേടിയാലും ഒരാൾക്ക് ആത്മാവ് നഷ്ടപ്പെടും എന്ന് പറഞ്ഞ ഒരു ആചാര്യന്റെ പരമ്പരയിലാണല്ലോ അങ്ങ് പിറന്നത്! എങ്കിലും അങ്ങേയ്ക്കു അത് പറയാനുള്ള അവകാശത്തെയും മനുഷ്യന് ദൈവത്തെപ്പോലും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ദൈവം നൽകിയിട്ടുണ്ട് എന്ന സത്യത്തെയും ഞാൻ മാനിക്കുന്നു.

അതിനാൽ തന്നെ ആദരവൊന്നും നഷ്ടപ്പെടുത്താതെ എങ്ങനെ ഒരു വിയോജന കുറിപ്പെഴുതാം എന്ന ചിന്തയിലാണ് ഞാൻ ജ്ഞാനവും അറിവും രണ്ടാണ്. ഒരുവൻ ദൈവം സൃഷ്ടിച്ച ലോകത്തെ അവന്റെ കണ്ണുകൾ കൊണ്ട് കാണുന്നതും സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്നതാണ് അറിവ്.

എന്നാൽ ഒരു കാര്യത്തെ ദൈവം എങ്ങനെ കാണുന്നു എന്ന ബോധമാണ് ജ്ഞാനം. അങ്ങ് അറിവുള്ളവനാണ്. പക്ഷെ അങ്ങയുടെ മണ്ഡലമല്ലാത്ത ജ്ഞാനത്തിൽ അങ്ങ് കൈവച്ചു. ഇത്രയും യാത്ര ചെയ്തിട്ടും ജപ്പാനിലെ റോഡും ചൈനയിലെ വീടും കണ്ടിട്ടും അവയൊക്കെ വര്ണിച്ചിട്ടും ഈ ലോകത്തിലെ അതി സങ്കീർണമായ സൃഷ്ടിയുടെ സാങ്കേതികത്വത്തെയും അതിനു പിന്നിലെ ബുദ്ധി വൈഭവത്തെയും അങ്ങ് കണ്ടില്ല.


ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അതിനു സാമൂഹികവും വ്യക്തിപരവുമായ മാനങ്ങൾ ഉണ്ടെന്നും അങ്ങറിഞ്ഞില്ല. എന്റെ തൊട്ടടുത്ത് വന്നു നിന്നാൽ പോലും ഞാൻ ആർക്കു വോട്ടു ചെയ്യണം എന്ന് കർശനമായി പറയാൻ നരേന്ദ്ര മോദിക്ക് ആകില്ല. ആലപ്പുഴയിൽ നടക്കുന്ന അക്രമത്തിൽ ഒരു പ്രതിയെ അറസ്റുചെയ്യണമെന്നു പറയാനും അദ്ദേഹത്തിനാകില്ല.

കാരണം എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും കേരളത്തിലെ ആഭ്യന്തര മന്ത്രിക്കു സമൂഹ ക്രമത്തിൽ ലഭിച്ച അധികാരത്തിലും കൈവക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോലും ആകില്ല. അങ്ങനെ എന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചാൽ ഇന്ത്യയിൽ നമ്മുടെ സ്വാതന്ത്ര്യം പൂർണമായി നഷ്ടപ്പെടും.

ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യം അത് ഉറപ്പുവരുത്താൻ അധികാരമുള്ളവനെ ഇടപെടാൻ അനുവദിക്കാത്ത സാഹചര്യമാണ് ഞാൻ പറഞ്ഞത്. ജനാധിപത്യത്തിൽ മൗനിയായി നിന്നുപോകുന്ന ഒരു രാഷ്ട്രത്തിന്റെ പരമാധികാരി നിശബ്ദ സാക്ഷിയായി തീരുന്ന ദൈവത്തിന്റെ പാഠപുസ്തകമാണ്.

ലോകക്കാഴ്ചകളെ ധ്യാനിച്ച അങ്ങ് സ്വാതന്ത്ര്യത്തെക്കുറിച്ചും ദൈവം നൽകിയിരിക്കുന്ന സ്വതന്ത്ര ഇച്ഛ എന്ന ആന്ദകരമായ അവസ്ഥയെക്കുറിച്ചും ധ്യാനിച്ചില്ല. അതുകൊണ്ടാണ് പുറത്തു നോക്കുമ്പോഴല്ല അകത്തു നോക്കുമ്പോഴാണ് ദൈവത്തെ മനസ്സിലാകുക എന്ന് ജ്ഞാനികൾ പറഞ്ഞത്ദൈവത്തിന്റെ മൗനത്തിനു ഒരു കാരണമുണ്ട് മാഷെ!

ഇവിടുത്തെ പ്രശ്നങ്ങൾ ക്ഷണികമാണ് എന്ന സത്യം. അങ്ങയുടെ സ്‌കൂളിന്റെ ഹോസ്റ്റൽ മുറിയിലെ ബന്ധനം ഒരു കുഞ്ഞിന് പ്രശ്നമാകാത്തതു പുറത്തു കാത്തിരിക്കുന്ന വിജയകരമായ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയല്ലേ ? ആ കുട്ടികളുടെ ഉള്ളിലേക്കെങ്കിലും അങ്ങ് നോക്കിയിട്ടുണ്ടോ?

വരാനിരിക്കുന്ന ലോകം, അഥവാ സ്വർഗം അതുതന്നെയാണ് നിശ്ശബ്ദനായിരിക്കുന്ന ദൈവത്തോട് പരിഭവിക്കാതിരിക്കാൻ ജ്ഞാനികളെ പ്രേരിപ്പിക്കുന്നത്. ആ ഉത്തരത്തിൽ കൈ വച്ചുകൊണ്ടാണ് അങ്ങ് സംസാരിച്ചുതുടങ്ങിയത്. ആ ഒറ്റ കാരണത്താൽ അങ്ങയുടെ വാക്കുകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു കൗശലക്കാരനെ ആ കണ്ണുകളുടെ പിന്നിൽ ഞാൻ കണ്ടതുപോലെ തോന്നി.


അങ്ങ് ദർശിച്ച അമേരിക്കയിലും യൂറോപ്പിലും തെറ്റ് ചെയ്യുന്ന കുട്ടികളെ
അപ്പോൾ തന്നെ ശിക്ഷിക്കുമോ മാഷെ? ഈ ദേശങ്ങളെ പിടിച്ചു കുലുക്കിയ കാൾ റോജേഴ്സിന്റെയും വാട്സന്റെയും പുസ്തകങ്ങൾ അങ്ങ് വായിച്ചിട്ടില്ലേ? ഒരു കുട്ടി സ്വയം നല്ലവനായി ഉരുത്തിരിയുന്ന ശിക്ഷകളില്ലാത്ത പേഴ്സൺ സെൻട്രേഡ് അപ്പ്രോച്ച് എന്ന ചിന്താഗതിയെക്കുറിച്ചു അങ്ങേക്ക് വിയോജിപ്പുണ്ടോ?

ഈ മഹാ ചിന്തകന്മാരെക്കാൾ വിലകുറഞ്ഞു അന്ധകാര യുഗത്തിലെ ചക്രവർത്തിമാരെ പോലെ പ്രവർത്തിക്കണം എന്ന് ദൈവത്തെ വെല്ലുവിളിക്കാനാണ് അങ്ങ് ലോകം മുഴുവൻ പോയതെന്ന് അറിയുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. യഥാർത്ഥത്തിൽ അങ്ങ് വിമർശിക്കുന്ന മതഭീകരതയുടെ ഉറവിടം അങ്ങുയർത്തിയ ചോദ്യത്തിന് മനുഷ്യർ നൽകുന്ന വികലമായ ഉത്തരമല്ലേ ?


മറ്റൊരു വീഡിയോയിൽ അനുയായികളുടെ വീരസ്യം സാധാരണക്കാരെ ദൈവമനുഷ്യരാക്കി എന്ന് പറയുന്നത് കേട്ടു. വീട്ടിൽ ബൈബിൾ ഉണ്ടെങ്കിൽ അതൊന്നു വായിക്കണം. അത് വായിച്ചിരുന്നെങ്കിൽ, ഞങ്ങളുടെ ദൈവം ഭൂമിയിൽ പരാജയപ്പെട്ട പീഡനം അനുഭവിച്ചു മരിച്ച ഒരു തച്ചനാണെന്നും ദൈവമെന്നു പേരുകേട്ട അവനെ രക്ഷിക്കാൻ കൈക്കുഞ്ഞായിരുന്നപ്പോൾ മാതാപിതാക്കൾ നെട്ടോട്ടമോടിയെന്നും ഒരു വിഷമവും കൂടാതെ പറയുന്ന കുറച്ചു അനുയായികളെ അങ്ങേക്ക് കാണാൻ പറ്റും.

മനുഷ്യനായി തീർന്ന ദൈവത്തെ കൊല്ലാൻ പറ്റും എന്ന് ആദ്യമായി പറഞ്ഞ കുറച്ചു മനുഷ്യർ. പക്ഷെ അങ്ങ് അത് മനസിരുത്തി വായിച്ചിട്ടുണ്ടാകില്ല. വായിച്ചിരുന്നെങ്കിൽ ഇത്രയും അതിശയം തോന്നാവുന്ന ആ സത്യത്തിന്റെ പൊരുൾ അന്വേഷിച്ചു അങ്ങ് എന്നേ ഒരു യാത്ര തുടങ്ങുമായിരുന്നു. അത് ഇനിയും ആകാം. ഞങ്ങൾ പ്രാർത്ഥിക്കാം.
ഒത്തിരി സ്നേഹത്തോടെ, ജോസഫ് ദാസൻ.