Faith News Reader's Blog Social Media

ശിരോവസ്ത്ര സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം…

സി. സോണിയ തെരേസ് ഡി. എസ്. ജെ.

ശിരോവസ്ത്രം ധരിക്കുന്ന ക്രൈസ്തവ സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം:
കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം മൂലം ക്രൈസ്തവരുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോട്, ഹിജാബും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും രണ്ടും രണ്ടാണ് എന്ന് ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഹിജാബിനെ അനുകൂലിക്കുന്നവർക്ക് ഒരു ചുരിദാറിൻ്റെ ഷാൾ അല്ലെങ്കിൽ ഒരു തുണിക്കഷണം എടുത്ത് തലയിലൂടെ ഇട്ടാൽ അത് തട്ടം അല്ലെങ്കിൽ ഹിജാബാക്കി മാറ്റാം.

മതം അനുശാസിക്കുന്നത് ആണെങ്കിൽ പോലും അത് ഒരു ചോയ്സ് വസ്ത്രമാണ്. എപ്പോൾ വേണമെങ്കിലും ഊരി മാറ്റി വയ്ക്കാം. എന്നാൽ ഒരു ക്രൈസ്തവ സന്യാസിനി അണിയുന്ന അവളുടെ ശിരോവസ്ത്രം ഒരു ചോയ്സ് വസ്ത്രമല്ല, മറിച്ച് അത് ഒരു റിലീജിയസ് വസ്ത്രമാണ്. വർഷങ്ങളുടെ പഠനത്തിനും പ്രാർത്ഥനകൾക്കും ധ്യാനത്തിനും ശേഷം പൂർണ്ണ അറിവോടും സ്വാതന്ത്ര്യത്തോടും കൂടി തിരഞ്ഞെടുക്കുന്ന ഒരു ജീവിതചര്യയുടെ ഭാഗമാണ് സന്യാസ വസ്ത്രവും ശിരോവസ്ത്രവും.


ഒരു സന്യാസിനി ആകണമെന്ന ആഗ്രഹത്തോടെ സന്യാസ ഭവനത്തിൻ്റെ പടികൾ കടന്നു വരുന്ന ഒരു യുവതി ഏറ്റവും കുറഞ്ഞത് 5 വർഷക്കാലം ഫോർമേഷനുവേണ്ടി (രൂപീകരണത്തിന്) മാറ്റി വയ്ക്കുന്നു. ആസ്പിരൻസി, പോസ്റ്റുലൻസി, സ്ട്രിക്റ്റ് നൊവിഷ്യേറ്റ്, റീജൻസി എന്നീ ഈ കാലഘട്ടങ്ങളിൽ എല്ലാം ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ സന്യാസം എന്താണ്, അത് എന്ന് തുടങ്ങി, എങ്ങനെ ജീവിക്കണം, ഒരു സന്യാസിനി സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, സ്വന്തം സന്യാസസഭ ഓരോ സന്യാസിനിക്കും നൽകുന്ന അവകാശങ്ങളും ചുമതലകളും, സന്യാസ സഭയുടെ വസ്ത്രധാരണം, ആ വസ്ത്രം എന്തിനാണ് ധരിക്കുന്നത്, എവിടെയെല്ലാം, എപ്പോഴൊക്കെ ധരിക്കണം എന്നെല്ലാം വ്യക്തമായി പഠിപ്പിക്കും.


ഓരോ കാലഘട്ടത്തിലും താൻ പഠിച്ച കാര്യങ്ങൾ തനിക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന് വ്യക്തമായ അവബോധം ഉണ്ടെങ്കിൽ മാത്രം സ്വതന്ത്രമായ മനസ്സോടെ, ഇനിയും തനിക്ക് മുന്നോട്ട് പോകാൻ താല്പര്യം ഉണ്ട് (ആരുടെയും നിർബന്ധം മൂലം അല്ല), എന്ന് ഒരു അർത്ഥിനി (സന്യാസിനി ആകാൻ വന്ന യുവതി) സഭാധികാരിയോട് സ്വന്തം കൈപ്പടയിൽ എഴുതി അനുവാദം ചോദിച്ചാൽ മാത്രമേ അവൾക്ക് സന്യാസിനി ആകണമെന്ന തൻ്റെ ലക്ഷ്യത്തിൽ എത്താൻ വേണ്ടിയുള്ള അടുത്ത ഘട്ടത്തിലേക്ക് പോകാൻ സാധിക്കൂ, അല്ലെങ്കിൽ അവൾക്ക് തിരികെ സ്വന്തം ഭവനത്തിലേക്ക് മടങ്ങാം.


സന്യാസ വസ്ത്രവും – ശിരോവസ്ത്രവും:
വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 -ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്. അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെ വരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. പലപ്പോഴും വിവിധ സന്യാസ സഭകൾ കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ മടി കാണിക്കാറില്ല.

ക്രൈസ്തവ സന്യസ്തർ ഒരിക്കലും തങ്ങളുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ഒരു ആഭരണം പോലെയല്ല (വല്ലപ്പോഴും എടുത്തണിയുന്ന ഒന്നുപോലെ) ഉപയോഗിക്കാറുള്ളത്. അതായത് ഒരു സന്യാസിനി പ്രഭാതം മുതൽ പ്രദോഷം വരെ (അതിരാവിലെ ഉണർന്ന് ഫ്രഷ് ആയി പ്രഭാത പ്രാർത്ഥനകൾക്ക് വേണ്ടി ചാപ്പലിലേക്ക് വരുമ്പോൾ മുതൽ), തൻ്റെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിച്ചാണ് അവൾ തൻ്റെ ഉത്തരവാദിത്വങ്ങൾ ഓരോന്നും നിറവേറ്റുന്നത്.

അതായത് ലോകത്തിലുള്ളവർ തൻ്റെ സൗന്ദര്യം കണ്ടാലോ എന്ന് ഭയന്നല്ല, ഒരു സന്യാസിനി അവളുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് അത് അവളുടെ ആത്മ സമർപ്പണത്തിൻ്റെ അടയാളമാണ്. അത് അവളുടെ ജീവനോടും ശരീരത്തോടും ഇഴുകി ചേർന്നിരിക്കുന്ന ഒന്നാണ്. അതായത് ആ വസ്ത്രം ഒരു സാക്ഷ്യമാണ്. ഒരു സന്യാസിനിയുടെ തിരുവസ്ത്രവും ശിരോവസ്ത്രവും തന്നോട് തന്നെയും സമൂഹത്തോടും പ്രഘോഷിക്കുന്നത് ദൈവത്തിനും ദൈവ ജനത്തിനുമായി താൻ സ്വയം സമർപ്പിച്ചു, ഇന്ന് മുതൽ ലോകം മുഴുവനെയും സ്വന്തമായി കാണേണ്ട ആത്മീയ മാതൃത്വത്തിന് താൻ ഉടമയായി മാറിയിരിക്കുന്നു എന്നാണ്.

ഒരു നവ സന്യാസിനി സന്യാസ വസ്ത്രവും ശിരോവസ്ത്രവും സ്വീകരിക്കുന്നത് ഒരു സമൂഹത്തെ സാക്ഷി നിർത്തിയാണ്. കൃത്യമായി പറഞ്ഞാൽ ഒരു സന്യാസിനി തൻ്റെ ജീവനും ജീവിതവും ദൈവത്തിനായി സമർപ്പിച്ചു എന്നതിൻ്റെ ബാഹ്യ അടയാളമായി, ആഘോഷമായ വിശുദ്ധ കുർബാനയ്ക്കിടെ തൻ്റെ പ്രിയപ്പെട്ടവരുടെയും സന്യാസ സഭയിലെ അധികാരികളുടെയും മറ്റ് സഹോദരിമാരുടെയും ദൈവജനത്തിൻ്റെയും-

-മുമ്പിൽ വച്ച് അവളുടെ മുടി മുറിച്ച് മാറ്റുകയും (ചില സന്യാസ സഭകൾ തിരുക്കർമ്മത്തിനിടയിൽ ഒരു മുറിയിൽ വച്ചാണ് ഈ കർമ്മം നടത്തുന്നത്), വെഞ്ചരിച്ച സന്യാസ വസ്ത്രവും ശിരോവസ്ത്രവും അവൾ സഭാധികാരികളിൽ നിന്ന് സ്വന്തം കൈകളിൽ ഏറ്റുവാങ്ങി, തിരുക്കർമ്മങ്ങൾക്കിടെ ഉള്ളിലുള്ള ഒരു മുറിയിൽ പോയി ലോകത്തിൻ്റേതായ (മണവാട്ടിയുടേതായ) വസ്ത്രം അഴിച്ചു മാറ്റി സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിച്ച് തിരികെ വന്നാണ് അവൾ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങൾ പാലിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നത്…

പ്രഥമ വ്രതവാഗ്ദാന ദിനമായ അന്നുമുതൽ ഒരു സന്യാസിനി തൻ്റെ കോൺവെൻ്റിലുള്ള സ്വന്തം സഹോദരിമാരുടെ മുമ്പിലോ, അല്ലെങ്കിൽ അവധിക്ക് സ്വന്തം ഭവനത്തിൽ പോകുമ്പോൾ മാതാപിതാക്കളുടെ മുമ്പിലോ, സ്വന്തം സഹോദരങ്ങളുടെ മുമ്പിൽ പോലുമോ, അവൾ തൻ്റെ ശിരോവസ്ത്രം നീക്കാറില്ല. രോഗാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന സാഹചര്യങ്ങളിൽ ഈ നിയമങ്ങൾക്ക് ഇളവുണ്ട് എന്നതും എടുത്ത് പറയാൻ ആഗ്രഹിക്കുന്നു.

പിന്നെ ചില സന്യാസ സഭകൾ വിവിധ മേഖലകളിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ സന്യാസിനികൾക്ക് ജോലി സംബന്ധമായി ഗവണ്മെൻ്റിൻ്റെ ഭാഗത്തു നിന്നോ, അല്ലെങ്കിൽ അവരുടെ സ്ഥാപനങ്ങളിൽ നിന്നോ, അനുശാസിക്കുന്ന ചില നിബന്ധനകൾ പാലിക്കുന്നതിൻ്റെ ഭാഗമായി സന്യാസ വസ്ത്രം മാറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കാറില്ല. ഉദാഹരണം ഓപ്പറേഷൻ തീയറ്റർ, കോടതി, സ്പോട്സ് ഫീൽഡ് തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്യുന്നവർ.


കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോളേജിലെ കുട്ടികൾക്ക് ഒപ്പം ഒരു ക്രൈസ്തവ സന്യാസിനി ഇരിക്കുന്ന ഫോട്ടോയും, “ഇവർക്ക് എന്താ നിയമം ബാധകമല്ലേ” എന്ന ടൈറ്റിലോടെ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. അതിനുള്ള മറുപടി ഇതാണ്: ക്രൈസ്തവ സന്യസ്തർ തങ്ങളുടെ സന്യാസ വസ്ത്രം സ്വീകരിക്കുന്നത് സ്കൂൾ പഠനത്തിന് ഇടയിൽ വച്ചല്ല. ഒരു സന്യാസിനിയാകാൻ ഏറ്റവും കുറഞ്ഞത് 20 വയസ് എങ്കിലും നിർബന്ധം ആണ്. +2 പഠനത്തിന് ശേഷമാണ് ഒരു യുവതി തൻ്റെ സന്യാസ പരിശീലനത്തിൻ്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നത്.

സന്യാസിനി ആയ ശേഷം ഡിഗ്രി പഠനത്തിനോ മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്കോ വേണ്ടി ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ, സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വെച്ചാൽ, സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഞങ്ങൾ ആരും ഒരിക്കലും വാശി പിടിക്കാറില്ല.

അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ല എങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ക്രൈസ്തവ സന്യസ്തർ സ്വീകരിക്കില്ല എന്ന ഓർമ്മപ്പെടുത്തലോടെ, -സി. സോണിയ തെരേസ് ഡി. എസ്. ജെ.