News Reader's Blog

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം

പാലാ : മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു വേദിയാകുന്ന പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സും ഇടയന്മാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി.

ഇന്നു വൈകിട്ടു തുടങ്ങുന്ന അസംബ്ലി 25ന് ആണു സമാപിക്കുക. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് വേദിയായ ആദ്യ മഹാസമ്മേളനം പത്തുവർഷം മുൻപു നടന്ന സിബിസിഐ സിന‍ഡാണ്.

പിന്നീടു കാരിത്താസ് ഇന്ത്യയുടെ വൻ സമ്മേളനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷിയായി. ഇതിനു സമീപമുള്ള സെന്റ് തോമസ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് (ബിഷപ് വയലിൽ അസംബ്ലി ഹാൾ) അസംബ്ലി നടക്കുന്നത്.

താമസം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫഷനൽ രീതിയിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിലെ വിദ്യാർഥികളാണ്. ഇവിടെനിന്ന് അസംബ്ലി ഹാളിലേക്ക് മഴ നനയാതെ പോകാൻ പ്രത്യേക നടപ്പന്തൽ നിർമിച്ചിട്ടുണ്ട്.

സിറോ മലബാർ സഭയുടെ ഒരു കൊച്ചുപതിപ്പാണ് അസംബ്ലിക്കെത്തുന്നതെന്നും അവർക്കു വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസ് തറപ്പേൽ പറഞ്ഞു.

സ്പോർട്സ് കോംപ്ലക്സിൽ കൂറ്റൻ എൽഇഡി വോൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് എത്തുന്ന അതിഥികളുടെയെല്ലാം പ്രൊഫൈലുകൾ വിഡിയോ ദൃശ്യങ്ങളായി അവതരിപ്പിക്കും.

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികളാണു പ്രവർത്തിക്കുന്നത്.

മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽമാരായ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, ചാൻസലർ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കൽ, പ്രൊക്യുറേറ്റർ ഫാ. ഡോ. ജോസഫ് മുത്തനാട്ട്,

ഫാ. ജോസ് തറപ്പേൽ, ഫാ. ജയിംസ് പനച്ചിക്കൽകരോട്ട്, ഫാ. തോമസ് മണ്ണൂർ, ഫാ. മാത്യു പുല്ലുകാലായിൽ എന്നിവരാണു വിവിധ കമ്മിറ്റികളുടെ കൺവീനർമാർ. ബിഷപ് ഉൾപ്പെടെ ജോസഫ് നാമധാരികളാണ് കൂടുതലും നേതൃനിരയിൽ എന്ന കൗതുകവുമുണ്ട്.

രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. കെ.കെ.ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യൻ എന്നിവരും അസംബ്ലി നടത്തിപ്പിനു നേതൃത്വം നൽകുന്നു. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി ഫാ. ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലിയുടെ റിപ്പോർട്ടിങ്,

സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ഗ്രൂപ്പ്‌ ചർച്ചയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അസംബ്ലി കൺവീനർ മാർ പോളി കണ്ണൂക്കാടനും നൽകുമെന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി കോഓർഡിനേറ്ററും രൂപതാ മുഖ്യ വികാരി ജനറലുമായ മോൺ. ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.