യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ എന്നും യാക്കോബിന്റെ സഹോദരനായ യൂദാ എന്നും പ്രതിപാദിക്കുന്നു.
എ.ഡി. 66-ൽ യൂദാശ്ലീഹാ പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ യൂദാശ്ലീഹായെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു.
ഇതിനു വഴങ്ങാതിരുന്ന യൂദാശ്ലീഹായെ അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ യൂദാശ്ലീഹായോട് ആവശ്യപ്പെട്ടു.
എന്നാൽ ജനതയെ നശിപ്പിച്ചിട്ട് ഞാൻ രക്ഷപെടുന്നില്ലെന്നു അദ്ദേഹം ദൂതനെ അറിയിക്കുകയും രക്തസാക്ഷിത്തം വരിക്കുകയും ചെയ്തു. യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. യൂദായെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി കണക്കാക്കുന്നു.