തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവ് : മേയ് 1

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലും ഉപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്.

വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത്വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു.

ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തേക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമായിരിക്കാം വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ യാതനയുടെ ഈ നിമിഷത്തില്‍ വിശുദ്ധ യൗസേപ്പ് തന്റെ മഹത്വം പ്രകടമാക്കി.

യൗസേപ്പ് പിതാവിന്റെ സഹനങ്ങളും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പില്‍ കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. കന്യകയില്‍ നിന്നുമുള്ള മിശിഹായുടെ ദൈവീക ജനനത്തിനു എല്ലാക്കാലത്തേക്കും അദ്ദേഹം ഒരു വിശ്വസ്ത സാക്ഷിയായിരുന്നു.

വിശുദ്ധ യൗസേപ്പിന്റെ മരണത്തേക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നും തന്നെ പറയുന്നില്ല, എന്നിരുന്നാലും യേശുവിന്റെ പരസ്യ ജീവിതത്തിനു മുന്‍പായി അദ്ദേഹം മരണമടഞ്ഞിരിക്കാം. യേശുവിന്റേയും മാതാവിന്റേയും കൈകളില്‍ കിടന്നു കൊണ്ടുള്ള ഒരു മനോഹരമായ മരണമായിരിന്നു അദ്ദേഹത്തിന്റേതെന്ന് ചരിത്രകാരന്മാർ പറയുന്നു.

എളിമയോടും, ആരാലും അറിയപ്പെടാതേയും നസറത്തില്‍ ജീവിച്ചു, ഒടുവിൽ നിശബ്ദനായി അദ്ദേഹം മരണപെട്ടപ്പോഴും, സഭാ ചരിത്ര താളുകളുടെ പിൻതാളുകളിൽ മാത്രമായി അദ്ദേഹം ഒതുങ്ങി. പതിനഞ്ചാം നൂറ്റാണ്ട് മുതലാണ്‌ യൗസേപ്പ് പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ്‌ നല്‍കപ്പെട്ടത്. ഇതിനു ശേഷമുള്ള കാലങ്ങളിലാണ് വലിയ രീതിയിലുള്ള ആദരവ്‌ അദ്ദേഹത്തിന് നല്‍കപ്പെട്ടു തുടങ്ങിയത്.

സീഡനിലെ വിശുദ്ധ ബ്രിജിഡും, സിയന്നായിലെ ബെര്‍ണാഡിനും, വിശുദ്ധ തെരേസായും അദ്ദേഹത്തോടുള്ള വണക്കം പ്രചരിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തു.

ആഗോള കത്തോലിക്ക സഭ, യൗസേപ്പ് പിതാവിന്റെ ആദരണാര്‍ത്ഥം രണ്ട്‌ വലിയ തിരുനാളുകള്‍ ആഘോഷിക്കപ്പെടുന്നു. ഒന്നാമത്തേത് മാര്‍ച്ച് 19നാണ്. ഈ ദിവസത്തെ തിരുനാളില്‍ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പ് പ്രക്രിയയില്‍ വിശുദ്ധനുള്ള പങ്കിനെപ്പറ്റി നാം അനുസ്മരിക്കുന്നു.

മെയ്‌ 1ന് ആഘോഷിക്കപ്പെടുന്ന രണ്ടാമത്തെ തിരുനാളില്‍ ലോകം മുഴുവനുമുള്ള തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനെ അനുസ്മരിക്കുകയും, സാമൂഹ്യ വ്യവസ്ഥതിയില്‍ മാനുഷിക അവകാശങ്ങളെയും, കടമകളെയും പക്ഷപാതരഹിതമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അദ്ദേഹത്തോട് മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു. ആഗോള സഭയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പ് പിതാവ്.

അദ്ദേഹം മരിക്കുമ്പോള്‍ യേശുവും, മറിയവും മരണ കിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്. കൂടാതെ പിതാക്കന്‍മാരുടേയും, മരപ്പണിക്കാരുടേയും, സാമൂഹ്യ നീതിയുടേയും മദ്ധ്യസ്ഥനായി അദ്ദേഹത്തെ കണക്കാക്കുന്നു.

സംശയം, മടി മുതലായവ അടിമപെട്ടവര്‍, മരാശാരിമാര്‍, കരകൗശലക്കാര്‍, മരണശയ്യയില്‍ കിടക്കുന്നവര്‍, അന്യദേശത്ത് താമസിക്കുന്നവര്‍, എഞ്ചിനീയര്‍മാര്‍, ഗര്‍ഭിണികളുടെയും കുടുംബങ്ങളുടെയും പിതാക്കന്‍മാര്‍, യോഗ്യമായ മരണത്തിന്, വിശുദ്ധ മരണത്തിന്, ഭവനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, തൊഴിലാളികള്‍, ആശയക്കുഴപ്പത്തിലുള്ളവര്‍, തിരുസഭയുടെ സംരക്ഷണത്തിന്, സാമൂഹ്യ നീതി, യാത്ര ചെയ്യുന്നവര്‍, ആഗോള സഭ അങ്ങിനെ ഒത്തിരി വിഭാഗങ്ങൾക്ക് മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്.

error: Content is protected !!