Daily Saints Reader's Blog

വിശുദ്ധ ദമാസൂസ് ഒന്നാമൻ: ഡിസംബർ 11

ദമാസൂസിന്റെ ജനനം 305-ൽ റോമിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കോൺസ്റ്റാൻഷ്യസ് ചക്രവർത്തി ലൈബീരിയസ് മാർപ്പാപ്പയെ നാടുകടത്തിയപ്പോൾ ഡീക്കൻ ആയിരുന്ന ദമാസൂസ് അദ്ദേഹത്തെ അനുഗമിച്ചു.

ലൈബീരിയസിനു പകരം ഫെലിക്സിനെ മാർപ്പാപ്പയാക്കാൻ നടത്തിയ നീക്കത്തെ ദമാസൂസ് പിന്തുണച്ചു. ഫെലിക്സിന്റെ മരണശേഷം ദമാസൂസ് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ ഒരു ചെറിയ വിഭാഗം വൈദികർ മറ്റൊരു ഡീക്കൻ ആയ ഉർസിനസ്സിനെ മാർപ്പാപ്പയാക്കുവാൻ ശ്രമിച്ചു. തുടർന്നു കലാപങ്ങൾ ഉണ്ടായെങ്കിലും ഭൂരിപക്ഷം വൈദികരുടേയും വലന്റിനിയൻ ഒന്നാമൻ ചക്രവർത്തിയുടേയും പിന്തുണയോടെ ദമാസൂസ് മാർപ്പാപ്പയായി സ്ഥാനമേറ്റു.

മാർപ്പാപ്പ എന്ന നിലയിൽ ദമാസൂസ് നേരിട്ട പ്രധാന പ്രശ്നം ഏരിയൻ പാഷണ്ഡതയായിരുന്നു. ഏരിയൻ ചായ്വുള്ള ബിഷപ്പുമാരാണ് പല പ്രധാന അധികാരസ്ഥാനങ്ങളും വഹിച്ചിരുന്നത്. ഇവരിൽ പലരെയും നീക്കം ചെയ്തെങ്കിലും സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

യേശുക്രിസ്തുവിനു മനുഷ്യാത്മാവ് ഇല്ലെന്നു വാദിക്കുന്ന ‘അപ്പോളിനാറിയനിസം’ എന്ന പാഷണ്ഡതയ്ക്ക് അംഗീകാരം നൽകുവാൻ ദമാസൂസ് തയ്യാറായില്ല. 377ൽ റോമിലെ സിനോദിൽ അപ്പോളിനാറിയസിന്റെ ശിഷ്യനായ വെറ്റാലിസ് ഇതിനായി നടത്തിയ അഭ്യർഥന ഇദ്ദേഹം നിരാകരിക്കുകയാണുണ്ടായത്. ഡൊണാറ്റിസം, മാസിഡോണിയനിസം, ലുസിഫെറിയനിസം തുടങ്ങിയ പാഷണ്ഡതകളേയും ദമാസൂസ് എതിർത്തു.

കത്തോലിക്കാ സഭയിൽ റോമിന്റെ പരമാധികാരം നിലനിർത്തുവാൻ ദമാസൂസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ആരാധനയ്ക്ക് ലത്തീൻ ഭാഷ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്. 384 ഡിസംബർ 11ന് ദമാസൂസ് കാലം ചെയ്തു. വിശുദ്ധ ദമാസൂസിന്റെ തിരുനാൾ ഡിസംബർ 11 നാണ് ആഘോഷിക്കുന്നത്.