ഫാ. ജയ്സൺ കുന്നേൽ mcbs
ഭരണങ്ങാനത്തിന്റെ സൂര്യതേജസ്സായി വിളങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മ, ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധയായി ലോകമെമ്പാടും ആദരിക്കപ്പെടുന്നു. കേരളത്തിലെ കുടമാളൂരിൽ 1910 ആഗസ്റ്റുമാസം 19-ന് ജനിച്ച അന്നക്കുട്ടി എന്ന ബാലിക വേദനകളും കഷ്ടപ്പാടുകളും വീരോചിതമായി സഹിച്ച്, ദൈവസ്നേഹത്തിൻ്റെ മുദ്രപതിപ്പിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാൽ വിശുദ്ധിയുടെ ഉന്നതിയിലെത്തി.
അവളുടെ നാമം കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രാർത്ഥനയുടെ നിലാവെളിച്ചം പടരുന്നു. ഭരണങ്ങാനത്തെ കബറിടപ്പള്ളിയിൽ എത്തിയാൽ അറിയാതെതന്നെ ആരും പ്രാർത്ഥിച്ചുപോകും. മതവിഭാഗങ്ങളുടെ അതിരുകൾക്കപ്പുറം, സർവ്വരുടെയും വിശുദ്ധയായി അൽഫോൻസാമ്മ ഇന്ന് ഉദിച്ചുനിൽക്കുന്നു.
കുരിശിന്റെ ചുവട്ടിലെ സന്യാസിനിയായി, ക്ലാരസഭയുടെ അഭിമാനമായി ജീവിച്ച അമ്മ, ലൗകീക സുഖങ്ങളെ നിരസിച്ച് സഹനങ്ങളിൽ സന്തോഷം കണ്ടെത്തി. വിശുദ്ധ കുർബാനയോടുള്ള അഗാധമായ ഭക്തിയും, ഈശോയിലുള്ള അചഞ്ചലമായ വിശ്വാസവും, സമ്പൂർണ്ണമായ ദൈവസമർപ്പണവും അവളുടെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു.
1946 ജൂലൈ 28-ന് മർത്യലോകം വിട്ട് ഈശോയുടെ കൈകളിൽ ആത്മാവിനെ സമർപ്പിച്ച അൽഫോൻസാമ്മ, ഇന്ന് സ്വർഗ്ഗത്തിൽനിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കുന്നു. അൽഫോൻസാമ്മ വാക്കുകളിലൂടെ പറയാതെ പറഞ്ഞ അഷ്ടഭാഗ്യങ്ങൾ ഇന്നും നമുക്ക് പ്രകാശവും മാർഗദർശനവും നൽകുന്നു.
1.കുരിശിന്റെ ഭാഗ്യം
ജീവിതത്തിലെ വേദനകളും പരീക്ഷണങ്ങളും ക്രിസ്തീയ വിശ്വാസിയെ ദൈവത്തിൽനിന്ന് അകറ്റുന്നതിനുപകരം അടുപ്പിക്കുന്ന അനുഗ്രഹങ്ങളാണ്. കഷ്ടതകളിലും ദുരിതങ്ങളിലും ക്രിസ്തുവിനോട് കൂറുപുലർത്തുന്നവർക്ക് അനന്തമായ ആനന്ദം കാത്തിരിക്കുന്നു എന്നു അൽഫോൻസാമ്മ പഠിപ്പിക്കുന്നു. ” കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തിൽ എന്നെ ഉറപ്പിച്ചു നിർത്തിയത് കുരിശിന്റെ ചുവട്ടിലെ സ്ത്രീയാണ്. കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത്. സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്; സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.”
2.വിശുദ്ധിയുടെ ഭാഗ്യം
പാപത്തിനെതിരായ പോരാട്ടത്തിൽ അചഞ്ചലമായി നിലകൊള്ളുന്നതാണ് വിശുദ്ധി എന്ന മഹത്തായ ഭാഗ്യം. മനുഷ്യഹൃദയത്തിൽ ദൈവത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ട സ്ഥാനത്ത് മറ്റൊന്നും വരാൻ അനുവദിക്കാത്ത ദൃഢതയാണത്. ലൗകിക പ്രലോഭനങ്ങൾക്കും മായാജാലങ്ങൾക്കും മുന്നിൽ കീഴടങ്ങാത്ത ആത്മാവിന്റെ മഹത്വം. വിശുദ്ധിയുടെ വഴിയിലൂടെ മാത്രമേ ദൈവദർശനത്തിന്റെ പരമമായ സുഖം ലഭിക്കുകയുള്ളൂ എന്നു അൽഫോൻസാമ്മയുടെ ജീവിതം നമുക്കു കാണിച്ചുതരുന്നു. അമ്മ പറയുന്നു: “മനസ്സറിവോടെ ഒരു നിസ്സാരപാപം പോലും ചെയ്ത് ദൈവത്തെ ഉപദ്രവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം. മാമ്മോദീസായിൽ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രദാനം ചെയ്തു.”
3.പരിശുദ്ധ കുർബാനയുടെ ഭാഗ്യം
പരിശുദ്ധ കുർബാനയുടെ ദിവ്യരഹസ്യത്തിൽ മുഴുകിയിരിക്കുന്ന ഹൃദയങ്ങൾ സ്വർഗ്ഗീയ ആനന്ദത്തിന്റെ സൗകുമാര്യം ഈ ഭൂമിയിൽത്തന്നെ അനുഭവിക്കുന്നു. അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുന്നു: ” എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുർബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിവ്യനാഥൻ എന്റെ ഉള്ളിൽ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാൻ അനുഭവിക്കുന്നു.”
4.സമർപ്പണത്തിന്റെ ഭാഗ്യം
ദൈവത്തിന്റെ പദ്ധതികളോട് സമ്പൂർണ്ണമായി കീഴടങ്ങുന്ന ആത്മാവിന് എല്ലായ്‌പ്പോഴും സമാധാനവും ആനന്ദവും ലഭിക്കുന്നു. സ്വയം വിട്ടുകൊടുക്കുന്നതിലൂടെ മനുഷ്യൻ ദൈവത്തിന്റെ അന്തമായ സ്നേഹത്തിനു അവകാശിയാകുന്നു. സമർപ്പണത്തിന്റെ വഴിയിലൂടെ മനുഷ്യൻ ദൈവത്തിന്റെ സഹപ്രവർത്തകനായി ഉയർന്നു നിൽക്കുന്നു. ഈ മനോഭാവം അൽഫോൻസാമ്മയിലും നിഴലിച്ചിരുന്നു.: “എന്നെ മുഴുവനും ഞാൻ കർത്താവിന് വിട്ടു കൊടുത്തിരിക്കുകയാണ്; അവിടുന്ന് ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ. എന്നെ മുഴുവനും സ്നേഹത്തിന്റെയും പരിഹാരത്തിന്റെയും ഒരു ബലിവസ്തുവായി ഈശോയ്ക്ക് സമർപ്പിക്കുന്നു. ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കർത്താവിനു കാഴ്ച കൊടുക്കണം.”
5.സന്തോഷത്തിന്റെ ഭാഗ്യം
കഷ്ടതകളുടെയും പ്രതിസന്ധികളുടെയും നടുവിലും മുഖത്ത് പുഞ്ചിരിയും ഹൃദയത്തിൽ സന്തോഷവും നിലനിർത്തുന്ന അനുഗ്രഹമാണിത്. ദൈവത്തിലുള്ള വിശ്വാസത്തിൽനിന്ന് ഉദ്ഭവിക്കുന്ന ആത്മീയ ആനന്ദം ലൗകിക സന്തോഷങ്ങളെക്കാൾ ശ്രേഷ്ഠമാണ്. ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന ആനന്ദം ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ശക്തി നൽകുന്നു. കർത്താവിൽ നിരന്തരം സന്തോഷം കണ്ടെത്തിയ അൽഫോൻസാമ്മ കുറിക്കുന്നു:” പുഞ്ചിരി ഒരു തിരിവെട്ടമാണ്; സങ്കടപെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും. എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുമ്പോൾ കൈവരുന്ന സന്തോഷം എത്രയോ വലുതാണ്. ഒന്നും ഓർത്തു നമ്മൾ ദുഖിക്കേണ്ടതില്ല; കർത്താവ് ഇപ്പോഴും നമ്മോടുകൂടെയുണ്ട്.”
6.എളിമയെന്ന ഭാഗ്യം
തന്റെ ദൗർബല്യങ്ങളും പരിമിതികളും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ കാരുണ്യത്തിൽ പൂർണ്ണമായി ആശ്രയിക്കാൻ എളിമയുള്ളവർക്കേ കഴിയു. എളിമയുള്ള ഹൃദയങ്ങളിലാണ് ദൈവം തന്റെ വാസസ്ഥാനം സ്ഥാപിക്കുന്നത്. അഹങ്കാരത്തിന്റെ ശത്രുത്വത്തിൽനിന്ന് മോചിതമായ ആത്മാവ് ദൈവത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ യോഗ്യമാകുന്നു. എളിമഎന്ന ഭാഗ്യത്തെക്കുറിച്ചുള്ള അൽഫോൻസാമ്മയുടെ ബോധ്യം താഴെകാണുന്ന വാക്യങ്ങളിൽ മനസ്സിലാക്കാവുന്നതാണ്.”എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി; എളിമപ്പെടാൻ ലഭിക്കുന്ന എതൊരവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരിൽനിന്നു ഞാൻ ഓടിയകലും.”
7.പശ്ചാത്താപത്തിന്റെ ഭാഗ്യം
പാപത്തിന്റെ ഭാരത്താൽ ഞെരുങ്ങിയവൻ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചുവരുന്നതാണ് പ്രായശ്ചിത്തം. അനുതാപത്തിന്റെ കണ്ണുനീരിലൂടെ ആത്മാവ് പുതിയ ജീവിതത്തിലേക്ക് പുനർജനിക്കുന്നു. ദൈവത്തിന്റെ അനന്തമായ കാരുണ്യം പശ്ചാത്താപിക്കുന്ന പാപിയെ സ്വീകരിക്കാൻ എപ്പോഴും തയ്യാറാണ്. അൽഫോൻസാമ്മ എഴുതുന്നു:” തെറ്റിൽ ഉൾപ്പെടുന്ന ഓരോ പ്രാവശ്യവും തെറ്റ് എത്ര ലഘുവായിരുന്നാൽ പോലും എന്തെങ്കിലും പ്രായശ്ചിത്തം ഞാൻ സ്വമേധയ ചെയ്യും; ഇതാണ് തെറ്റിൽനിന്നു പിന്തിരിയാനുള്ള എളുപ്പവഴി. ലുബ്ധൻ പണം ചെലവാക്കുന്നതിനെക്കാൾ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകൾ ഉപയോഗിക്കുക.
8.ദിവ്യസ്നേഹത്തിന്റെ ഭാഗ്യം
ഈശോയിൽ വേരൂന്നിയ അചഞ്ചലമായ പ്രേമവും വിശ്വാസവും ജീവിതത്തിന്റെ പരമമായ ലക്ഷ്യമാണ്. ദൈവത്തോടുള്ള സ്നേഹം മനുഷ്യഹൃദയത്തിലെ എല്ലാ ശൂന്യതകളും നിറയ്ക്കുന്നു. ഈശോയോടുള്ള പ്രേമത്തിൽ മുഴുകിയിരിക്കുന്ന ആത്മാവ് ഈ ലോകത്തിൽ തന്നെ സ്വർഗ്ഗീയ സുഖം അനുഭവിക്കുന്നു. ദിവ്യസ്നേഹത്തിന്റെ അഗ്നി ആത്മാവിലെ എല്ലാ അശുദ്ധികളെയും ദഹിപ്പിച്ച് പരിശുദ്ധമാക്കുന്നു. ദൈവസ്നേഹത്തിന് ജീവിതംകൊണ്ട് ഈണം പകർന്ന അൽഫോൻസാമ്മ പറയുന്നു: “ദൈവസ്നേഹം ഉണ്ടെങ്കിൽ പരസ്നേഹവും ഉണ്ട്. പൂവും പൂമ്പൊടിയും എന്നപോലെ. ഈശോ എന്നാ തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിനു ഏറെ മധുരമാണ്. എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്ക് വേണ്ട. കർത്താവിനോട് ഇപ്പോഴും വിശ്വസ്തയായിരിക്കാൻ ഞാൻ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു. വാക്കുമാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം. സ്നേഹത്തെ പ്രതി ദുരിതങ്ങൾ സഹിക്കുക; അതിൽ സന്തോഷിക്കുകയും ചെയ്യുക. എന്റെ കർത്താവ് അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.”
വിശുദ്ധ അൽഫോൻസാമ്മയുടെ ഈ അഷ്ടഭാഗ്യങ്ങൾ കേവലം ചരിത്രപരമായ ഓർമ്മകളല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ട ആത്മീയ മാർഗ്ഗനിർദ്ദേശങ്ങളാണ്. അമ്മ തന്റെ കഷ്ടതകളിൽ കണ്ടെത്തിയ സന്തോഷവും, വേദനകളിൽ കണ്ടെത്തിയ സമാധാനവും, നമുക്കും ലഭ്യമാകട്ടെ.
നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറുകിട കുരിശുകളെ സ്നേഹത്തോടെ സ്വീകരിക്കാനും, എല്ലാ വേദനകളിലും ഈശോയുടെ സാന്നിധ്യം അനുഭവിക്കാനും അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. അമ്മയുടെ എളിമയും വിനയവും, കുർബാനയിലുള്ള അഗാധമായ സ്നേഹവും, പാപത്തിനെതിരായ അചഞ്ചലമായ നിലപാടും നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കട്ടെ.
ഭൗതികവാദം സകല മേഖലകളെയും ഗ്രസിച്ചിരിക്കുന്ന ഇന്നത്തെ ലോകത്തിൽ, അൽഫോൻസാമ്മയുടെ ആത്മീയ മൂല്യങ്ങൾ പുതിയ പ്രസക്തി കൈവരിക്കുന്നു. അമ്മയുടെ “എനിക്ക് എന്റെ ഈശോയെ മാത്രം മതി” എന്ന ഉദ്‌ഘോഷണം നമ്മുടെ ഹൃദയത്തിലും മുഴങ്ങട്ടെ.
വിശുദ്ധ അൽഫോൻസാമ്മയുടെ ഈ അഷ്ടഭാഗ്യങ്ങൾ നമ്മുടെ പ്രാർത്ഥനയിലും ധ്യാനത്തിലും ഉൾപ്പെടുത്തി, അമ്മയുടെ പാദചിഹ്നങ്ങൾ പിന്തുടർന്ന് വിശുദ്ധിയുടെ പാതയിലൂടെ നടക്കാൻ നമുക്കു കഴിയട്ടെ. അമ്മയുടെ മാധ്യസ്ഥതയിലൂടെ നമുക്കും മാനസാന്തരത്തിന്റെയും ദൈവസ്നേഹത്തിന്റെയും അനുഗ്രഹം ലഭിക്കട്ടെ.
വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!അമ്മയുടെ അഷ്ടഭാഗ്യങ്ങളുടെ പാതയിൽ ഞങ്ങളെ നടത്തണമേ!