സന്തോഷ് ചുങ്കത്ത്, ജിൻസി സന്തോഷ്
സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: ‘ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!’
നമ്മള് വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം! ”എന്റെ ശത്രുക്കളുടെ മുന്പില് അവന് എനിക്ക് വിരുന്നൊരുക്കി”. ”എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി”.
തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് കേവലം സൗഖ്യമല്ല, അവന്റെ ആത്മാഭിമാനത്തെ കൂടി വീണ്ടെടുക്കലാണ്. അവനെ പൂര്‍ണ്ണമായും പുനരുദ്ധരിക്കലാണ്.
നമ്മളൊക്കെ എത്രയിടങ്ങളില്‍ തോറ്റുപോയവരാണ്! മത്സരങ്ങളില്‍ ഏറെ പിറകിലായി പോയവര്‍! പക്ഷെ നമ്മുടെ ആമയോട്ടങ്ങളിലും മുയലുറക്കത്തിലും അവന് കൂട്ടുണ്ടായിരുന്നു. പ്രഭാഷകന്റെ പുസ്തകത്തില്‍ നമ്മള് ഇങ്ങനെ വായിക്കുന്നുണ്ട്:
”ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്. കാലാപ്പെറുക്കുന്നവനെ പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിറകിലായിപോയി; എന്നാല്‍ കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി” (പ്രഭാഷകന്‍ 33: 16-17).
‘Sinner man attitude’ എന്നത് പാപിയുടെ മനോഭാവം എന്ന് വിവര്‍ത്തനം ചെയ്താല്‍ വലിയ പിശകായിപോകും. ‘പശ്ചാത്തപിക്കുന്നവന്റെ മനസ്സ്’ എന്നെഴുതുമ്പോഴോ, അതില്‍ പ്രതീക്ഷയുണ്ട്, പ്രത്യാശയുണ്ട്, തിരിച്ചുവരാനുള്ള ആഗ്രഹമുണ്ട്. പ്രത്യാശ എന്ന പദം ഒരുപാട് ഉറക്കെ പറയേണ്ടുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട ജനത ജീവിച്ചിരിക്കുമ്പോഴേ മരിച്ചവരാണ്.
വചനം പറയുന്നു: ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.” തിരിച്ചുവരാന്‍ ആവാത്ത വിധം, വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഒന്നുമൊന്നും നഷ്ടമായിട്ടില്ല, വിദൂരമായിട്ടില്ല. പലപ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും വലയില്‍ കുരുക്കി അന്ധകാരം നമ്മെ തകര്‍ത്തു കളയും.
”രക്ഷിക്കാനാകാത്തവിധം കര്‍ത്താവിന്റെ കരങ്ങള്‍ കുറുകിപോയിട്ടില്ല. കേള്‍ക്കാനാകാത്ത വിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല” എന്ന വചനം എത്രയാവര്‍ത്തി നമ്മള് ഇനിയും വായി ക്കണം. നിന്റെ പാപങ്ങള്‍ കടും ചെമപ്പായിരുന്നാലും, എന്റെ സ്നേഹം നിന്നെ കൈവിടുകയില്ല എന്ന പ്രത്യാശയുടെ വചനങ്ങളാകട്ടെ ഇനിയുള്ള കാലം നമുക്ക് ഊന്നുവടിയും ദണ്ഡുമാകേണ്ടത്.
വീണുപോയപ്പോള്‍ ദൈവത്തില്‍ നിന്ന് മറഞ്ഞിരുന്ന ആദിമ മനുഷ്യരേപോലെ നമ്മള് കബളിപ്പിക്കപ്പെടരുത്. ‘രക്ഷയുടെ കൂടാരത്തെ പ്രത്യാശാപൂര്‍വ്വം നമുക്ക് സമീപിക്കാം. നമ്മുടെ പാപങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍, അവന്റെ കൃപയെക്കുറിച്ചുള്ള ചിന്തയാണ് അതിന് മുകളില്‍ ചിറകു വിരിച്ച് നില്‍ക്കേണ്ടത്. സക്കെവൂസ് ചെയ്തതും അതാണ്. തന്റെ അയോഗ്യതകളെയല്ല, അവന്റെ കാരുണ്യത്തെയാണ് അയാള്‍ പ്രത്യാശാപൂര്‍വ്വം സമീപിച്ചത്.
സിക്കമൂര്‍ എന്ന വാക്കിന്, തളിര്‍ക്കുക, രൂപാന്തരം പ്രാപിയ്ക്കുക എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. തന്റെ ജഡപ്രായമായ ആത്മാവിനെ ക്രിസ്തുവിന്റെ സന്നിധിയില്‍ രൂപാന്തരം പ്രാപിക്കാനാണ് സക്കെവൂസ് സമര്‍പ്പിയ്ക്കുന്നത്. തന്റെ കുറവുകളിലെക്ക് മാത്രം പിന്തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ അയാള്‍ക്കൊരിക്കലും ക്രിസ്തുവിലേക്ക് നോട്ടമയയ് ക്കാന്‍ സാധിക്കുമായിരുന്നില്ല.
പഴയനിയമത്തിലെ ഹാഗറിനെ പോലെ നിരാശയിലും സങ്കടത്തിലും കണ്ണ് നിറഞ്ഞ് സമീപത്തെ നീരുറവ കാണാതെ പോകുമ്പോള്‍, ഇസ്മായേലിന്റെ ജീവിതം ബെര്‍ഷേബാ മരുഭൂമിയില്‍ തീരുമായിരുന്നു. കര്‍ത്താവ് ഹാഗറിനോടു തിരിഞ്ഞു നോക്കാന്‍ പറയുന്നുണ്ട്.
അപ്പോള്‍, സക്കേവൂസിനെപോലെ നമുക്കും ക്രിസ്തുവിനെ കാണാന്‍ ആവും വിധമുള്ള ഉയരങ്ങളിലേക്ക് കൂട് മാറ്റാം. ആ പ്രായ ത്തില്‍ മരംകേറാനുള്ള ബുദ്ധിമുട്ടും കണ്ടുപിടിക്കപെട്ടാല്‍ അപഹസിക്കപ്പെടാനുള്ള സാധ്യതകളുമുണ്ടായിട്ടും സ്നേഹത്താല്‍ നിര്ബന്ധിയ്ക്കപെട്ട് അയാള്‍ ആ സാഹസത്തിന് തുനിയുന്നു. ഹൃദയങ്ങള്‍ അറിയുന്നവന് നമ്മള് ഒളിച്ചിരിക്കുന്ന മരങ്ങള്‍ക്ക് കീഴെ വന്ന് നില്ക്കും, സ്നേഹത്തോടെ വിളിക്കും, ”ഇറങ്ങിവാ എനിക്കിന്ന് നിന്റെകൂടെ പാര്‍ക്കേണ്ടിയിരിക്കുന്നു”. പിന്നെ, സ്നേഹത്തിന്റെ, ഏറ്റുപറച്ചിലിന്റെ, വിട്ട് കൊടുക്കലിന്റെ ഉത്സവമാണ്. അതല്ലെങ്കിലും അങ്ങനെയാണ്.
മരപ്പണിക്കാരനായ അയാള്‍ വന്ന് കഴിഞ്ഞാല്‍, നമുക്ക് ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പോ, നാളെയുടെ ഭീതിയോ ഒന്നുമില്ല, പൂര്‍ണ്ണമായ ആനന്ദം മാത്രമേയുള്ളൂ. മാറ്റിനിർത്തപ്പെടുന്നവരെ മധ്യത്തിൽ നിർത്തുന്ന ഒരു ദൈവമാണ് നമുക്കുള്ളത്.
മരക്കൊമ്പുകൾക്കിടയിൽ.മറഞ്ഞിരുന്നവനെയും പേരു ചൊല്ലി അരികിലെയ്ക്കു വിളിച്ചിറക്കിയതു പോലെ, ലോക സുഖങ്ങളുടെയും ജീവിത വ്യഗ്രതകളുടെയും പരക്കംപാച്ചിലിലും ദൈവത്തിന്റെ ദൃഷ്ടിപഥത്തിനുള്ളിലായിരിക്കുക എന്നത് വലിയൊരു കൃപയാണ്.