ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ് A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു.
ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്.
വിശുദ്ധ സാറ്റര്‍ണിനൂസ് ടൌലോസില്‍ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ് തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി ധാരാളം വിഗ്രഹാരാധകരെ മതപരിവര്‍ത്തനം ചെയ്തു.
വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക് അറിവായിട്ടുള്ളത്. വിശുദ്ധന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ് വിവരിച്ചിട്ടുള്ളത്.
ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ വിശുദ്ധന്‍ തന്റെ ജനതയെ നഗരത്തിലുള്ള ഒരു ചെറിയ ദേവാലയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. ഇതായിരുന്നു ആ നഗരത്തിലെ മുഖ്യ ദേവാലയം, ഈ ദേവാലയത്തിനും വിശുദ്ധന്റെ താമസ സ്ഥലത്തിനും ഇടക്കായിരുന്നു നഗരം.
ഈ ദേവാലയത്തില്‍ വെച്ചായിരുന്നു പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ഒരിക്കല്‍ വിശുദ്ധന്‍ കടന്നു പോകുന്ന വഴിയില്‍ വച്ച് പിശാചുക്കള്‍ ഒരു ഊമയെ വിശുദ്ധന്റെ രൂപത്തില്‍ ആക്രമിച്ചു. വിഗ്രാഹാരധകരായ പുരോഹിതര്‍ ഇത് കാണുകയും ഇതേപ്പറ്റി അധികാരികള്‍ സമക്ഷം ഒറ്റികൊടുക്കുകയും ചെയ്തു.
ഒരു ദിവസം വിശുദ്ധന്‍ സ്ഥിരമായി പോകുന്ന വഴിയില്‍ വച്ച് അവര്‍ അദ്ദേഹത്തെ പിടികൂടി ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയും താന്‍ അപമാനിച്ച മൂര്‍ത്തികള്‍ക്ക് ബലിയര്‍പ്പിക്കുക വഴി അവരെ ശാന്തരാക്കുവാനും അല്ലെങ്കില്‍ താന്‍ ചെയ്ത കുറ്റത്തിന് തന്റെ ചോരയാല്‍ പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധ സാറ്റര്‍ണിനൂസാകട്ടെ യാതൊരു ഭയവും കൂടാതെ വളരെ ഉറച്ച ശബ്ദത്തില്‍ ആ വിഗ്രഹാരധകര്‍ക്ക് ഇപ്രകാരം മറുപടി കൊടുത്തു.
“ഞാന്‍ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ. ആ ദൈവത്തെ മാത്രമേ ഞാന്‍ പുകഴ്ത്തുകയും ബലിയര്‍പ്പിക്കുകയും ചെയ്യുകയുള്ളൂ. നിങ്ങളുടെ ദൈവങ്ങള്‍ പിശാച്ചുക്കള്‍ ആണ്, അവര്‍ നിങ്ങളുടെ കാളകളെക്കാളും നിങ്ങളുടെ ആത്മാക്കളുടെ ബലിയിലാണ് സന്തോഷിക്കുക.
നിങ്ങള്‍ പറയുന്നത് പോലെ ക്രിസ്ത്യാനികളുടെ മുന്‍പില്‍ വിറക്കുന്ന അവയെ ഞാനെന്തിനു ഭയക്കണം?” ആ വിഗ്രഹാരാധകര്‍ ആദേഹത്തിന്റെ മറുപടിയില്‍ കോപംകൊണ്ടു പുകയുകയും പിശാചിന്റെ പ്രലോഭനത്താല്‍ തങ്ങള്‍ക്കാവും വിധം വിശുദ്ധനു നേരെ അസഭ്യവര്‍ഷം കൊണ്ട് മൂടി.
പലതരത്തിലുള്ള അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം അവര്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ ബലികഴിക്കുവാന്‍ കൊണ്ട് വന്ന ഒരു കാട്ടു പോത്തിന്റെ ശരീരവുമായി ബന്ധിക്കുകയും ആ കാട്ടു മൃഗത്തെ ദേവാലയത്തില്‍ നിന്നും ഓടിക്കുകയും ചെയ്തു.
കുന്നിനു മുകളില്‍ നിന്നും താഴേക്ക് വളരെ വേഗത്തില്‍ കാട്ടു പോത്ത് ഓടിയത് മൂലം വിശുദ്ധന്റെ തലയോട്ടി പിളരുകയും തലച്ചോര്‍ പുറത്തേക്ക് ചിന്നിചിതറുകയും ചെയ്തു. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷപൂര്‍വ്വം ശാന്തിയുടെയും മഹത്വത്തിന്റെയും സ്വര്‍ഗ്ഗീയ വസതിയിലേക്ക് പറന്നു.
ആ കാട്ടു മൃഗമാകട്ടെ വിശുദ്ധന്റെ വിശുദ്ധ ശരീരം വലിച്ചിഴക്കല്‍ തുടര്‍ന്നു. മാംസവും രക്തവും ചിതറി തെറിച്ചു. ബന്ധിച്ചിട്ടുള്ള കയറ് പൊട്ടുന്നത് വരെ ഈ പ്രക്രിയ തുടര്‍ന്നു. അവശേഷിച്ച ശരീര ഭാഗങ്ങള്‍ കവാടമില്ലാത്ത നഗരത്തിന്റെ സമതല പ്രദേശങ്ങളില്‍ ചിതറി കിടന്നു.
ദൈവഭക്തകളായ രണ്ടു സ്ത്രീകള്‍ ഇവയെല്ലാം ശേഖരിച്ചു കൂടുതലായി നശിപ്പിക്കപ്പെടാതിരിക്കുവാന്‍ ഒരു ആഴമുള്ള കുഴിയില്‍ ഒളിപ്പിച്ചു വച്ചു. മഹാനായ കോണ്‍സ്റ്റന്റൈനിന്റെ ഭരണം വരെ ഇത് അവിടെ ഒരു മരപ്പലക കൊണ്ടുള്ള ശവപ്പെട്ടിയില്‍ സൂക്ഷിച്ചു.
പിന്നീട് ടൌലോസിലെ മെത്രാനായ ഹിലരി ഇതിനു മുകളിലായി ഒരു ചെറിയ പള്ളി പണിതു. ആ നഗരത്തിലെ മെത്രാനായിരുന്ന സില്‍വിയൂസ് നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രക്തസാക്ഷിയായ വിശുദ്ധ സാറ്റര്‍ണിനൂസിന്റെ ആദരണാര്‍ത്ഥം ഒരു മനോഹരമായ ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ എക്സുപെരിയൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സമര്‍പ്പണം നടത്തുകയും ചെയ്തു.
വളരെയേറെ ഭക്തിയോടും ആഘോഷത്തോടും കൂടി വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഈ ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം വരെ അമൂല്യമായ ഈ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം അവിടെ സൂക്ഷിച്ചിരിക്കുന്നു. ഒരു പക്ഷെ 257-ല്‍ വലേരിയന്റെ ഭരണകാലത്തായിരിക്കാം ഈ വിശുദ്ധന്റെ രക്തസാക്ഷിത്വം സംഭവിച്ചിരിക്കുക. നവംബർ 29 നാണ് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നത്.