Daily Saints Reader's Blog

ടൂർസിലെ വിശുദ്ധ മാർട്ടിൻ: നവംബർ 11

എ.ഡി 316-ൽ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായിൽ ബെനഡിക്റ്റൻ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സിൽ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങൾ സ്വായത്തമാക്കുകയും ചെയ്തു.

പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധൻ സൈന്യത്തിൽ ചേരുകയും കോൺസ്റ്റാന്റിയൂസ്, ജൂലിയൻ തുടങ്ങിയ ചക്രവർത്തിമാർക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുമ്പോൾ മാർട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രണ്ട് വർഷം കൂടി സൈന്യത്തിൽ ജോലി ചെയ്തു.

പിന്നീട് സൈനിക ജോലി ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ ജൂലിയൻ ചക്രവർത്തി ഇദ്ദേഹത്തെ ഭീരുവെന്ന് മുദ്രകുത്തി ആക്ഷേപിച്ചു. അപ്പോൾ കുരിശടയാളം വരച്ചുകൊണ്ട് വിശുദ്ധൻ ചക്രവർത്തിയോട് ഇപ്രകാരം പറഞ്ഞു ”വാളും പരിചയെക്കാളുമധികം ശത്രു സൈന്യനിരകളെ തകർക്കുവാൻ എനിക്ക് ഈ കുരിശടയാളം കൊണ്ട് സാധിക്കും.”

സൈന്യത്തിൽ നിന്നും പിന്മാറിയ വിശുദ്ധൻ പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് ടൂർസിലെ മെത്രാനായി വാഴിക്കപ്പെട്ടു. നഗരത്തിന് അടുത്തുതന്നെയായി അദ്ദേഹം ഒരു ആശ്രമം പണികഴിപ്പിക്കുകയും ഈ ആശ്രമത്തിൽ പതിനെട്ട് സന്യാസിമാരോടൊപ്പം ഏറ്റവും വിശുദ്ധിയോട് കൂടിയ സന്യാസജീവിതം ആരംഭിക്കുകയും ചെയ്തു.

പിശാചുക്കളെ ഒഴിപ്പിക്കുന്നതിനുള്ള ദൈവീക വരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മരിച്ചവരായ മൂന്ന് ആളുകളെ അദ്ദേഹം ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നതായി പറയപ്പെടുന്നു. തന്റെ മരണത്തിന് തൊട്ടുമുൻപ് പൈശാചിക ആത്മാവിനെ കണ്ട വിശുദ്ധൻ കോപാകുലനായി.

“നിനക്ക് എന്താണ് വേണ്ടത് ഭീകര ജന്തു? നിനക്ക് എന്നിൽ നിന്നും നിന്റേതായ ഒന്നും തന്നെ കാണുവാൻ സാധിക്കുകയില്ല” എന്ന് ആക്രോശിച്ചു കൊണ്ട് വിശുദ്ധൻ അന്ത്യശ്വാസം വലിച്ചു. തന്റെ 81-മത്തെ വയസ്സിൽ 397 നവംബർ 11നാണ് വിശുദ്ധൻ മരിച്ചത്.