വിശുദ്ധ ജിയന്ന ബെരേറ്റാ മോള : ഏപ്രിൽ 19

1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ ആൽബെർട്ടോയുടെയും മരിയ ബെറെറ്റയുടെയും 13 മക്കളിൽ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു.

അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി.

വിൻസെൻ്റ് ഡീപോൾ സൊസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും 1955 ൽ അവർ വിവാഹിതരാവുകയും ചെയതു.

1961 ൽ നാലാമത്തെ കുട്ടിയെ ഗർഭിണി ആയിരിക്കേ ജിയന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ പ്രത്യക്ഷമായി. ജീവൻ രക്ഷിക്കുന്നതിനു ഡോക്ടർമാർ മൂന്നു നിർദ്ദേശങ്ങൾ വച്ചു. ഒന്നാമതായി ഭ്രൂണത്തെ നശിപ്പിച്ചു മുഴ നീക്കം ചെയ്യുക. രണ്ട്, ഗർഭപാത്രം നീക്കം ചെയ്യുക. മൂന്ന്, ഗർഭ പാത്രത്തിലുള്ള മുഴ നീക്കത്തെ ചെയ്തുകൊണ്ട് കുഞ്ഞു പുറത്തുവരുന്നത് വരെ ചികിത്സ മാറ്റി വയ്ക്കുക.

ഇതു ഏറ്റവും സങ്കീർണ്ണവും അപകടകരവുമായിരുന്നു. പക്ഷേ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെ ജീവൻ സംരക്ഷിക്കാനായി ജിയന്ന തന്റെ ജീവിതത്തെ അപകടത്തിൽ ആക്കികൊണ്ട് മൂന്നാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു.

1962 ഏപ്രിൽ 21-ാം തീയതി ജിയന്ന തൻ്റെ നാലാമത്തെ കുഞ്ഞ് ഇമ്മാനുവേലയ്ക്ക് ജന്മം നൽകി. ഒരാഴ്ചയ്ക്കു ശേഷം ഏപ്രിൽ 28 -ാം തീയതി ജിയന്ന സ്വർഗ്ഗത്തിലേക്കു യാത്രയായി. ജീവിതകാലത്തു ഒരു നല്ല ക്രിസ്തീയ കുടുംബിനി ആയി ജീവിച്ച ജിയന്നയുടെ വാർത്ത പെട്ടന്നുതന്നെ ആദ്യം ഇറ്റലിയിലും പിന്നീടു ലോകം മുഴുവനിലും വ്യാപിച്ചു.

ജിയന്നയുടെ മദ്ധ്യസ്ഥതയിൽ ധാരാളം അത്ഭുതങ്ങൾ നടന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ 1994 ഏപ്രിൽ 24നു ജിയന്നയെ വാഴ്ത്തപ്പെട്ടവളായും 2004 മെയ് മാസം പതിനാറം തീയതി വിശുദ്ധയായും പ്രഖ്യാപിച്ചു. വിശുദ്ധ ജിയന്ന അമ്മമാരുടെയും സോക്ടർമാരുടെയും പിറക്കാതെ പോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയാണ്.

error: Content is protected !!