മൂന്നാം നൂറ്റാണ്ടിൽ ലെബനാനിൽ ഒരു കുലീന കുടുംബത്തിൽ ക്രിസ്റ്റീന ജനിച്ചു. സൽസ്വഭാവിയും സൗന്ദര്യവതിയുമായിരുന്നു ക്രിസ്റ്റീനയുടെ പിതാവ് ഉർബെയിൻ ഒരു വിജാതീയനായിരുന്നു. ക്രിസ്‌തുവിനെക്കുറിച്ച് ക്രിസ്റ്റീന എങ്ങനെയോ അറിയാനിടയാകുകയും ആ വിശ്വാസത്തെ അവൾ മുറുകെപ്പിടിക്കുകയും ചെയ്തു.
വിഗ്രഹാരാധനക്കായി പിതാവ് ധാരാളം സ്വർണവിഗ്രഹങ്ങൾ ശേഖരിച്ചിരുന്നു. ക്രിസ്റ്റീന അവയിൽ ചിലത് ദരിദ്രർക്ക് ദാനം നൽകി. ഈ വിവരമറിഞ്ഞ ഉർബെയിൻ അവളെ കഠിനമായി മർദ്ദിക്കുകയും അവസാനം തുറുങ്കിലടക്കുവാനായി വിട്ടു കൊടുക്കുകയും ചെയ്തു. തുറുങ്കിലും അതികഠിനമായി പീഡിപ്പിക്കപ്പെട്ടു.
എങ്കിലും, ക്രൈസ്‌തവവിശ്വാസം അംഗീകരിക്കപ്പെടാത്ത അക്കാലത്ത് വിശ്വാസം ഉപേക്ഷിക്കുവാൻ ക്രിസ്റ്റീന തയ്യാറായില്ല. പീഡകർ ക്രിസ്റ്റീനയുടെ മേനിയിൽ കൊളുത്തിട്ട് മാംസം വലിച്ചുകീറുകയും മർദ്ദനയന്ത്രത്തിൽ കിടത്തി അടിയിൽ തീവയ്ക്കുകയും ചെയ്തു.
എന്നാൽ ക്രിസ്റ്റീനയുടെ വിശുദ്ധിയുടെ അംഗീകാരമെന്നവണ്ണം അത്ഭുതം സംഭവിച്ചു. അഗ്നിജ്വാലകൾ പെട്ടെന്ന് പീഡകർക്കുനേരെ തിരിഞ്ഞു. തന്മൂലം അവർ ആ പീഡനം അവസാനിപ്പിച്ചു. പിന്നീടും അവർ മറ്റു തരത്തിൽ പീഡനങ്ങൾ തുടർന്നു.
ക്രിസ്റ്റീനയുടെ കഴുത്തിൽ കല്ല് കെട്ടി ബാൾസേനയിലെ ഒരു തടാകത്തിലേക്കെറിഞ്ഞു. എന്നാൽ അവിടെയും വെള്ളത്തിൽ മുങ്ങാതെ ക്രിസ്റ്റീന അത്ഭുതകരമായി ഇടപെട്ടു. മാലാഖയാലാണ് വെള്ളത്തിൽ മുങ്ങാതെ രക്ഷപെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
തുടർന്ന് അധികം വൈകാതെ ക്രിസ്റ്റീനയുടെ പിതാവ് മരണമടഞ്ഞു. അദ്ദേഹം ഒരിക്കലും മാനസാന്തരപ്പെട്ടില്ലല്ലോ എന്നോർത്ത് ക്രിസ്റ്റീന വേദനിച്ചിരുന്നു. എന്നാൽ, ക്രിസ്റ്റീനയ്ക്കെതിരെയുള്ള പീഡകൾ കഠിനമായി വീണ്ടും തുടർന്നു.
അടുത്തതായി ക്രിസ്റ്റീനയെ പീഡകർ ഒരു കത്തിയെരിയുന്ന ചൂളയിലേക്ക് വലിച്ചെറിഞ്ഞു. അവിടെയും അവൾ അപകടമൊന്നും സംഭവിക്കാതെ അഞ്ചു ദിവസം കഴിഞ്ഞു. ഈ പീഡയിൽ നിന്നും ക്രിസ്റ്റീന രക്ഷപെട്ടെങ്കിലും വീണ്ടും അവളെ സർപ്പങ്ങളുടെ മധ്യത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടെയും നിർഭയയായി കഴിഞ്ഞ ക്രിസ്റ്റീന പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.
വീണ്ടും ക്രൂരമായ പീഡകളിൽ അവർ ക്രിസ്റ്റീനയുടെ നാവ് ഛേദിച്ചു. തുടർന്ന് ടൈർ നഗരത്തിൽ വച്ച് ശരീരമാസകലം അമ്പുകളേറ്റ് ക്രിസ്റ്റീന രക്തസാക്ഷിത്വം വരിച്ചു. ഏകദേശം പതിനാലാം വയസ്സിലാണ് ക്രിസ്റ്റീനയുടെ മരണം സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.