യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ് ശ്ലീഹാ. മറ്റൊരു അപ്പസ്തോലനായ പത്രോസ് ശ്ലീഹായുടെ സഹോദരനാണ് ഇദ്ദേഹം. യേശു ആദ്യമായി വിളിച്ചു ചേർത്ത അപ്പസ്തോലൻ ഇദ്ദേഹമാണ്. അതിനാൽ ആദിമസഭയുടെ പാരമ്പര്യത്തിൽ ‘ആദ്യം വിളിക്കപ്പെട്ടവൻ’ എന്ന അർത്ഥത്തിൽ ഇദ്ദേഹത്തെ പ്രോട്ടക്ലെറ്റോസ് എന്ന് പരാമർശിച്ചിരുന്നു.
അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ ജനിച്ചു. യോന എന്നായിരുന്നു പിതാവിന്റെ പേര്. ‘അന്ത്രയോസ്’ എന്നത് യഹൂദന്മാർ ഉപയോഗിച്ചു വന്ന ഗ്രീക്ക് പേരാണ്. തിബര്യാസ് എന്നു കൂടി അറിയപ്പെടുന്ന ഗലീല കടൽത്തീരത്ത് താമസിച്ചിരുന്ന യഹൂദരിൽ ഗ്രീക്ക് സ്വാധീനം പ്രകടമായിരുന്നു.
സ്നാപക യോഹന്നാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ്. യേശുവിന്റെ ശിഷ്യനാകുന്നതിനു മുൻപ് ഇദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും സഹോദരനായിരുന്ന പത്രോസിനൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
ഇതാ ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദെവത്തിന്റെ കുഞ്ഞാട് എന്ന് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് വിശേഷണം നൽകിയപ്പോൾ മുതൽ അന്ത്രയോസ് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നു.
യേശുവിനോടൊപ്പം ഒരു ദിവസം താമസിച്ച ശേഷം അന്ത്രയോസ് പത്രോസിന്റെയടുത്തെത്തി അദ്ദേഹത്തെ യേശുവിന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. വരൂ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുദ്ധരിച്ചു കൊണ്ട് യേശു തന്റെ പ്രഥമ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ അന്ത്രയോസും അവരോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
അഞ്ചപ്പത്താൽ യേശു അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവത്തിൽ ജനക്കൂട്ടത്തിൽ ഒരു ബാലന്റെ പക്കൽ അപ്പമുണ്ടെന്ന് യേശുവിനോടറിയിക്കുന്നത് അന്ത്രയോസാണ്. കൂടാതെ ബൈബിളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പം കാണപ്പെട്ടു.
യേശുവിന്റെ കുരിശുമരണത്തിനു ശേഷം അന്ത്രയോസ് ജെറുസലേമിൽ പത്രോസിനൊപ്പം വസിച്ചിരുന്നു. പിന്നീട് അദ്ദേഹം അറേബ്യ, ലബനോൻ, ജോർദാൻ, തുർക്കി, റഷ്യ തുടങ്ങിയ ദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടു.
മൂന്നാംനൂറ്റാണ്ടിൽ രചിക്കപ്പെട്ട ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ എന്ന ഗ്രന്ഥത്തിൽ നിക്കോമേദിയാ എന്ന ദേശത്ത് അദ്ദേഹം മെത്രാന്മാരെ നിയോഗിച്ചതായി പറയുന്നു. ഗ്രീസിലെ അഖായിലുള്ള പത്രാസ് എന്ന സ്ഥലത്ത് വെച്ച് അന്ത്രയോസിനെ കുരിശിൽ തറച്ചു കൊന്നുവെന്ന് കരുതപ്പെടുന്നു.
ഇദ്ദേഹത്തെ X-ആകൃതിയിലുള്ള കുരിശിലാണ് തറച്ചത് എന്ന് വിശ്വസിക്കുന്നു.അതിനാൽ ഈ ആകൃതിയിലുള്ള കുരിശിനെ സെന്റ്. ആന്റ്ഡ്രൂസ് കുരിശ് എന്ന് പറഞ്ഞു വരുന്നു. റഷ്യയിലുള്ള സ്കീതിയ എന്ന സ്ഥലത്തു വച്ചാണ് ഇദ്ദേഹത്തെ കുരിശിൽ തറച്ച് കൊന്നതെന്ന മറ്റൊരു അഭിപ്രായവുമുണ്ട്. നവംബർ 30-ന് അന്ത്രയോസിന്റെ ഓർമ്മയാചരിക്കുന്നു.