Daily Saints Reader's Blog

വിശുദ്ധ ആഗ്നസ് : ജനുവരി 21

ജിൽസ ജോയ്

ഇന്ന് ഒരു കന്യകയുടെ തിരുന്നാൾ ആണ് – അവളുടെ ചാരിത്ര്യശുദ്ധി നമുക്കനുകരിക്കാം… ഇന്ന് ഒരു രക്തസാക്ഷിയുടെ തിരുന്നാളാണ് – നമ്മളെയും ഒരു ബലിയായി നമുക്കർപ്പിക്കാം. വിശുദ്ധആഗ്നസിന്റെ തിരുന്നാൾ ആണിന്ന്.

അവളുടെ പന്ത്രണ്ടാം വയസ്സിൽ അവൾ രക്തസാക്ഷിയായതായി പറയപ്പെടുന്നു. അത്രക്കും ചെറിയ കുഞ്ഞിനെ പോലും വെറുതെ വിടാതിരുന്ന ക്രൂരത എത്രയധികമാണോ അതിലും വലുതായിരുന്നു അത്ര ചെറിയ പ്രായത്തിൽ പോലും അങ്ങനെയൊരു സാക്ഷിയെ കണ്ടെത്തിയ വിശ്വാസത്തിന്റെ ശക്തി”..

AD 375 ൽ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ദിവസത്തിൽ വിശുദ്ധ അംബ്രോസ്‌ നടത്തിയ പ്രഭാഷണമായിരുന്നു ഇത്. മറ്റനേകം പിതാക്കന്മാരും അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് അവളെ പ്രശംസിച്ചു.

AD 304 ൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ ക്രൂര മതപീഡനകാലത്താണ് വിശുദ്ധ ആഗ്നസ് മരിച്ചത്. ലത്തീൻ ആരാധനക്രമത്തിൽ പരാമർശിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ ആണ് അവൾ. പണ്ട് മുതലേ അവൾ പ്രായം കുറഞ്ഞവരുടെ മധ്യസ്ഥ ആയി, പീഡനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ ക്രിസ്തുവിനോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ചവൾ ആയി വണങ്ങപ്പെടുന്നു.

നമ്മുടെ ഹൃദയം തൊടുന്നതെന്താണെന്ന് വെച്ചാൽ, ആ പ്രായത്തിലും ന്യായത്തിന്റെ കൂടെ നിൽക്കാനുള്ള അവളുടെ പക്വത, സത്യവിശ്വാസത്തെ എന്ത് വില കൊടുത്തും കാത്തുസൂക്ഷിക്കാനുള്ള ദൃഡത, പീഡകരുടെ മുൻപിലും അവൾ കാണിച്ച ധൈര്യം.. ഇതൊക്കെയാണ്.

ആഗ്നസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം തന്നെ ആട്ടിൻകുട്ടി എന്നാണ്. ‘നിർമ്മലം ‘ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ ‘agne’ എന്ന വാക്കിൽ നിന്നാണ് അതിന്റെ ഉത്ഭവം. അവളുടെ പേര് അവളെ എത്ര മനോഹരമായി വരച്ചുകാണിക്കുന്നു! ദൈവത്തിന് സമർപ്പിക്കപ്പെട്ട നിർമ്മല കന്യകയായി, ബലിയായി അർപ്പിക്കപ്പെടാൻ സ്വയം ഒരുങ്ങിയ ആട്ടിൻകുട്ടിയെപ്പോലെ അവൾ രക്തസാക്ഷിത്വത്തെ പുൽകി.

ആഗ്നസ് തന്റെ കന്യാത്വം ക്രിസ്തുവിന് നേർന്നതിൽ അസൂയ തോന്നിയ ഒരു പ്രീഫക്ടിന്റെ മകൻ, അവൾ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ച് അവളെ പിതാവിന്റെ അരമനയിൽ പിടിച്ചുകൊണ്ടു വന്നു. മറ്റു ദൈവങ്ങൾക്ക് ബലിയർപ്പിച്ചാൽ സമ്പത്തും സ്ഥാനമാനങ്ങളും തരാമെന്നുള്ള പ്രലോഭനമൊന്നും അവളുടെ അടുത്ത് വിലപോയില്ല. ക്രിസ്തു അവളുടെ ജീവനാണെന്നും അവൻ മാത്രമേ അവളുടെ മണവാളൻ ആകൂ എന്നും അവൾ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ക്രൂരമായി പീഡിപ്പിക്കപ്പെടുമെന്നുള്ള അവരുടെ ഭീഷണിക്കും അവളെ വശംവദയാക്കാൻ കഴിഞ്ഞില്ല. അവളുടെ ചാരിത്യത്തെ അവൾ എത്ര വിലമതിക്കുന്നെന്നറിയാമായിരുന്ന പ്രിഫെക്ട് അവളെ ഒരു വേശ്യാലയത്തിലാക്കി. അവളെ സമീപിക്കാൻ ശ്രമിച്ച ആൾ അന്ധനായെങ്കിലും അവളുടെ പ്രാർത്ഥനയാൽ കാഴ്ചശക്തി തിരിച്ചുകിട്ടി.

മരണത്തിന് വിധിക്കപ്പെട്ട അവൾ ഒരു ചെറിയ പ്രാർത്ഥനക്കു ശേഷം നിഷ്കളങ്കയായ ഒരു ആട്ടിൻകുട്ടിയെപ്പോലെ കഴുത്തു നീട്ടി കൊടുത്തു ഛേദിക്കപ്പെടാനായി. Divine Office ൽ വിശുദ്ധ ആഗ്നസിനെ അനുസ്മരിക്കുന്നിടത്ത് അവളുടെ മരണവേളയിലെ ചില സംഭാഷണങ്ങൾ കാണാം.

“താങ്കൾ പറയുന്നത് ഞാൻ മാനിക്കുന്നെന്ന് വന്നാൽ എന്റെ മണവാളന് അതൊരു അപമാനമായിരിക്കും. എന്നെ ആദ്യം തിരഞ്ഞെടുത്തവന്റേതായിരിക്കണം ഞാൻ. എന്തിനാണ് വൈകുന്നത് ആരാച്ചാരെ? ഞാനാഗ്രഹിക്കാത്ത കണ്ണുകൾ സ്നേഹിച്ചുകൊണ്ടിരിക്കുന്ന എന്റെ ഈ ശരീരം നശിക്കട്ടെ. എന്റെ നാഥനായ ഈശോമിശിഹാ എന്റെ വിരലിൽ മോതിരമണിയിച്ചിട്ടുണ്ട്, കിരീടം ധരിച്ച വധുവിനെപ്പോലെ അവനെന്നെ അലങ്കരിച്ചിരിക്കുന്നു.

മാലാഖമാരുടെ നാഥനുമായാണ് എന്റെ വിവാഹവാഗ്ദാനം കഴിഞ്ഞിരിക്കുന്നത്. സൂര്യനും ചന്ദ്രനും അവന്റെ തേജസ്സ് പ്രതീഫലിപ്പിക്കുന്നു”… നമ്മളോട് ഈ വിശുദ്ധ ഇപ്പോൾ പറയുന്നത് ഇതായിരിക്കാം.”ഞാൻ കാണാൻ ആഗ്രഹിച്ചത് ഞാനിപ്പോൾ കാണുന്നു. ഞാൻ പ്രതീക്ഷിച്ചത് ഞാൻ സ്വന്തമാക്കി. ഞാൻ ഭൂമിയിൽ സ്നേഹിച്ചവനുമായി ഞാൻ സ്വർഗ്ഗത്തിൽ നന്നായിരിക്കുന്നു”.

സഭ നമ്മളെ ഓരോരുത്തരെയും ഇന്ന് ക്ഷണിക്കുന്നു ‘ആഗ്നസിന്റെ തിരുന്നാൾ ആഘോഷിക്കുമ്പോൾ നമുക്ക് അവൾ കടന്നുപോയ സഹനം അനുസ്മരിക്കാം. യുവത്വത്തിൽ അവൾ മരണത്തെ വരിച്ച് നിത്യജീവൻ പ്രാപിച്ചു’
തന്റെ യുവത്വത്തിൽ, ഏറ്റെടുക്കേണ്ടി വന്ന ഭീകര സഹനങ്ങളെ ഒന്നും നഷ്ടപ്പെടുത്താതെ, എല്ലാം ചങ്കിൽ സ്വീകരിച്ച്, ആത്മാക്കളെ ഒരുപാട് നേടി, ഈശോയെ കുറേ കുറേ സ്നേഹിച്ചു കടന്നുപോയ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ആശംസകൾ.