Faith Reader's Blog Social Media

അനുതാപം ഭയത്തിൽ നിന്നോ നിരാശയിൽ നിന്നോ ഉണ്ടാകേണ്ട ഒന്നല്ല…

മാത്യു ചെമ്പുകണ്ടത്തിൽ

കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം “വിഭൂതിത്തിരുനാൾ” (Ash Wednesday) വലിയ നോമ്പിൻ്റെ (Lent) ആരംഭത്തെ കുറിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ലൂഥറൻസ്, ആംഗ്ലിക്കൻസ്, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻസ് തുടങ്ങിയ പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങളും വിഭൂതി തിരുനാൾ ആചരിക്കുന്നുണ്ട്.

ഈ ദിവസത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ നെറ്റിയിൽ ചാരം പൂശുന്നതാണ്. തലേവർഷത്തെ ഓശാന ഞായറിൽ ഉപയോഗിച്ച കുരുത്തോലകൾ കത്തിച്ചുണ്ടാക്കുന്ന ചാരമാണ് ഇതിനായി ഉപയോഗിക്കുന്നത്.

വിഭൂതിയാചരണത്തിൻ്റെ ഭാഗമായി നെറ്റിയിൽ ചാരം പൂശുമ്പോൾ കേരളത്തിലെ സഭകളിൽ ഇപ്പോൾ പതിവായി കേൾക്കുന്ന ഒരു ഗാനമുണ്ട്. “മനുഷ്യാ നീ മണ്ണാകുന്നു…മണിലേക്കു മടങ്ങും നൂനം” ആബേൽ അച്ചൻ എഴുതി കെ.കെ. ആൻ്റണി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം മലയാളി ക്രൈസ്തവലോകത്ത് ഏറെ പ്രസിദ്ധമാണ്.

മനുഷ്യജീവിതത്തിൻ്റെ നശ്വരതയെയും അനുതാപത്തിൻ്റെ ആവശ്യകതയും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണിത്. എന്നാൽ, ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഈ വരികൾ വിശ്വാസത്തിൻ്റെ പൂർണ്ണരൂപമല്ല. പഴയനിയമത്തിലെ “നീ പൊടിയാകുന്നു, പൊടിയിലേക്ക് മടങ്ങും” (ഉല്പത്തി 3:19) എന്ന ശാപവചനത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഈ വരികൾ. ഇതു ക്രിസ്തുവിൻ്റെ കാൽവരി യാഗത്തെയും അതിൻ്റെ ഫലമായി നമുക്കു ലഭ്യമാകുന്ന പുനഃരുത്ഥാനത്തെയും വിസ്മരിക്കുന്നു.

വിശുദ്ധ പൗലോസ് അപ്പോസ്തലൻ പഠിപ്പിക്കുന്നത്: ​”…. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്‌ക്കപ്പെടുന്നു; ശക്‌തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. (1 കൊരി 15:42-43). മണ്ണിലേക്കു മടങ്ങുന്ന ഓരോ ക്രിസ്തു ഭക്തൻ്റെയും ഭൗതികശരീരം അക്ഷയതയിൽ ഉയിർപ്പിക്കപ്പെടേണ്ടതിന് മണ്ണിൽ വിതയ്ക്കുകയാണ്. ക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഓരോ ശരീരത്തിൻ്റെയും മഹത്വം പ്രകടമാക്കുന്നതാണ് ഈ വചനം.

എന്നാൽ മനുഷ്യൻ കേവലം മണ്ണിലേക്ക് മടങ്ങുന്നവൻ മാത്രമാണെന്നു വിഭൂതി ദിനത്തിൽ പാടുമ്പോൾ, ക്രിസ്തുസംഭവങ്ങളുടെ മഹത്വത്തെ വിസ്മരിക്കയും അതിനെ കുറച്ചു കാണുകയുമാണു ചെയ്യുന്നത്.

യേശുക്രിസ്തുവിൻ്റെ കാൽവരി മരണം പാപപരിഹാരം മാത്രമായിരുന്നില്ല, മരണത്തിന്മേലുള്ള വിജയവുമായിരുന്നു അത്. “മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച്‌ മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാ”യിരുന്നു.

(ഹെബ്രായര്‍ 2 : 15). അതിനാൽ പൗലോസ് സ്ലീഹാ ചോദിക്കുന്നു: “മരണമേ, നിൻ്റെ വിജയം എവിടെ?” പാപപരിഹാരത്തിനായി കണ്ണുനീർ വീഴ്ത്തുന്നത് നല്ലതാണെങ്കിലും, അത് ക്രിസ്തു നൽകിയ നിത്യരക്ഷയുടെ സന്തോഷത്തെ വിസ്മരിച്ചുകൊണ്ടാകരുത്. ക്രിസ്ത്യാനിയുടെ ജീവിതാന്ത്യം ഒരു വിലാപമായിട്ടല്ല, പുനഃരുത്ഥാന പ്രത്യാശയോടെയുള്ള കടന്നു പോക്കായിട്ടാണ് തിരുവചനത്തിലൂടെ മനസ്സിലാക്കുന്നത്. പ്രത്യാശയുടെ തടവുകാരാണ് നമ്മൾ (സഖ 9:12).

നിഖ്യാ വിശ്വാസപ്രമാണം ചെല്ലുമ്പോൾ ഓരോ പ്രാവശ്യവും നമ്മൾ ഉറക്കെ പ്രഖ്യാപിക്കുന്നത് “ശരീരത്തിൻ്റെ പുനഃരുത്ഥാനത്തിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു” എന്നാണ്. നമ്മുടെ ശരീരങ്ങൾ എന്നെന്നേക്കുമായി മണ്ണായി തീരാനുള്ളതല്ല. അന്ത്യനാളിൽ ക്രിസ്തുവിൻ്റെ മഹത്വത്തിന് സദൃശമായി ഉയിർപ്പിക്കപ്പെടാനുള്ളതാണ്. ഈ വലിയ സത്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഗാനങ്ങൾ വിശ്വാസികളെ ആത്മീയമായി പിന്നോട്ട് നയിക്കാനേ ഉപകരിക്കൂ.

പുതിയ നിയമം നൽകുന്ന ഉറപ്പ് ഇതാണ്:

​യോഹന്നാൻ 11:25: “ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” ​റോമാ സഭയ്ക്കുള്ള ലേഖനത്തിൽ പൗലോസ് സ്ളീഹാ ഈ വിശ്വസത്തോടെ എഴുതി 6:4: അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ സ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു.

ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.
(റോമാ 6 : 4). അനുതാപം എന്നത് ഭയത്തിൽ നിന്നോ നിരാശയിൽ നിന്നോ ഉണ്ടാകേണ്ട ഒന്നല്ല, അതു ദൈവത്തിൻ്റെ സ്നേഹത്തിലേക്കും മഹിമയിലേക്കും തിരികെ പോകാനുള്ള നമ്മുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് ഉണ്ടാകേണ്ടത്.

“മനുഷ്യാ നീ മണ്ണാകുന്നു” എന്ന വിലാപത്തേക്കാൾ, “മനുഷ്യാ നീ ദൈവപുത്രനാണ്, ക്രിസ്തുവിലൂടെ നീ നിത്യതയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു, അവൻ്റെ തിരുശ്ശരീരത്തിലും തിരുരക്തത്തിലുമുള്ള പങ്കാളിത്തം നിന്നെ അതിനു അർഹനാക്കുന്നു” എന്ന സത്യമാണ് പുതിയ നിയമ ക്രൈസ്തവൻ്റെ ഹൃദയത്തിൽ മുഴങ്ങേണ്ടത്.

മണ്ണ് ശരീരത്തിൻ്റെ താൽക്കാലികമായ വിശ്രമസ്ഥലം മാത്രമാണ്, ശരീരത്തിൻ്റെ ഉയിർപ്പിൽ വിശ്വസിക്കുന്നവരുടെ കൂട്ടമാണ് സഭ. ” ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. (1 കോറി 15 :23). നമ്മുടെ ലക്ഷ്യം മണ്ണല്ല, ദൈവപുത്രനോടൊപ്പമുള്ള നിത്യതയാണ്.

വിഭൂതിയാചരണത്തിൽ നെറ്റിയിൽ പൂശുന്ന ചാരം മണ്ണിലേക്കുള്ള നമ്മുടെ താൽക്കാലികമായ മടക്കത്ത ഓർമ്മിപ്പിക്കുമ്പോൾ ക്രിസ്തുവിൻ്റെ പുനഃരുത്ഥാനം നമ്മുടെ ശരീരത്തിൻ്റെ പുനഃരുത്ഥാനവും നിത്യതയും ഉറപ്പുനൽകുന്നു.