എളിമപ്പെടാം; ശിശുവിനെപ്പോലെ നിഷ്കളങ്കരായിത്തീരാം…

മർക്കോസ് 9 : 33 – 41
മാറ്റണം നാം നമ്മെത്തന്നെ

തങ്ങളിൽ വലിയവൻ ആര് ? എന്ന ചോദ്യം ശിഷ്യരിലുയരുന്നു. രോഗസൗഖ്യം നൽകുന്നതിൽ പരാജയപ്പെട്ടിട്ടും, ദിശാബോധം നിറഞ്ഞ പ്രാർത്ഥന ഇല്ലാതിരുന്നിട്ടും, അവന്റെ പീഡാനുഭവവിവരണം അവരിൽ ഭയം ജനിപ്പിച്ചിട്ടും, തങ്ങളിൽ വലിയവൻ ആരെന്ന ഭാവത്തിനുമാത്രം, ഒരു കോട്ടവും തട്ടിയില്ല.

ദൈവരാജ്യത്തിലെ വലുപ്പം, ത്യാഗപൂർണ്ണമായ ശുശ്രൂഷയാണെന്നു അവൻ അവരെ പഠിപ്പിക്കുന്നു. ആഗ്രഹം തെറ്റല്ല. എന്നാൽ, സ്വയം ചെറുതാകളിലെ വലുപ്പമാണ് പ്രധാനം.

സ്വാർത്ഥതാമനോഭാവത്തിൽനിന്നും, നിസ്വാർത്ഥ സേവനത്തിലേക്ക് മനസ്സും ശരീരവും തിരിയണം. സഹോദര നന്മക്ക് മുൻതൂക്കം നൽകണം. ചുരുക്കത്തിൽ, നിസ്സാരതയുടെ ശിശുമനോഭാവം നാം ഉള്ളിൽ പേറണം. സ്ഥാനമാനങ്ങൾക്കായുള്ള തർക്കങ്ങളേക്കാൾ, ആത്മീയതയുടെ ശിശുഭാവത്തിനായി അവനോട് പ്രാർത്ഥിക്കാം.

സ്ഥാനമോഹങ്ങൾ നമ്മിൽ സ്ഥലകാലബോധം കെടുത്തിക്കളയും. ആയതിനാലകണം, ഈയൊരു വിഷയം, ശിഷ്യർക്കിടയിൽ, പൊതുവഴികലഹം സൃഷ്ടിക്കുന്നത്. നമ്മിലെ വിനയമാണ് നമ്മുടെ വലുപ്പത്തിന്റെ അടയാളം. അങ്ങനെയുള്ളവർക്കെ, നിസ്സഹായരിലേക്ക് കരങ്ങൾ നീട്ടാൻ കഴിയൂ. വെല്ലുവിളിയുടെ ഈ ശുശ്രൂഷമനോഭാവം, പ്രാവർത്തികമാക്കാൻ കഴിയൂ. തുടർന്ന്, വിഭാഗീയത അവരിൽ ഉടലെടുക്കുന്നു.

യേശു അധികാരം നൽകിയിട്ടും, പലതും ചെയ്യാൻ കഴിയാത്തതിലുള്ള നിരാശയും, തങ്ങളിൽ പെടാത്ത ഒരുവൻ ചെയ്യുന്ന, അത്ഭുതങ്ങൾ അവരിൽ അവനോടുള്ള അമർഷം ഉളവാക്കുന്നു. അധികാരനിയുക്തരായ തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത്, മറ്റൊരുവൻ ചെയ്യാൻ പാടില്ലായെന്ന, ഈ ശിഷ്യത്വമനോഭാവം, നമ്മിൽ ഒരുപാട് ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.

തങ്ങളുടെ കൂട്ടത്തിൽ പെടാത്തവനെ, ഒരിക്കലും ശത്രുവായി കണക്കാക്കരുത്. തങ്ങൾക്ക് അവൻ എതിരല്ലെങ്കിൽ, അവൻ നമ്മുടെ പക്ഷത്തുതന്നെ. നന്മയുടെ അതിരുകളെ വേലികെട്ടി തിരിക്കേണ്ടതില്ല. അത് വിശാലമായി വ്യാപരിക്കട്ടെ.

നാം മാറേണ്ടതും മാറ്റേണ്ടതും, നമ്മിലെ മനോഭാവത്തെയാണ്. പ്രാർത്ഥിക്കാം…തിരുത്താം..വളരാം..അവന്റെ മനോഭാവങ്ങളിലേക്ക്…അവനിൽ നാം വിലയം പ്രാപിക്കുംവരെ……

error: Content is protected !!