Pope's Message Reader's Blog

മാനവിക സുസ്ഥിരത ഏറെ ആവശ്യമാണ്: ഫ്രാൻസിസ് മാർപാപ്പാ

മാനവിക വികസനത്തിനും, സുസ്ഥിരതയ്ക്കും അടിസ്ഥാനമിടുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന, മനുഷ്യ സാമ്പത്തിക ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.

‘ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തിന്മേലാണ് റോമിൽ ഡിസംബർ മാസം 10, 11 തീയതികളിലായി സമ്മേളനം നടക്കുന്നത്. മാനുഷിക സുസ്ഥിരത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന എന്ന നിലയിൽ, അതിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ രേഖപ്പെടുത്തി.

തന്റെ സന്ദേശത്തിൽ, സുസ്ഥിരവും സമഗ്രവുമായ മാനവവികസനത്തിനായുള്ള അന്വേഷണം സാർവത്രിക പൊതുനന്മയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിർണ്ണായകമാണെന്നു പാപ്പാ എടുത്തു പറഞ്ഞു.

അതിനാൽ എല്ലാവരുടെയും താത്പര്യങ്ങളുടെയും, പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മനുഷ്യവ്യക്തിയെ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും, ദാരിദ്ര്യത്തിനെതിരെ പോരാടിക്കൊണ്ട് സമൂഹത്തിൽ തഴയപ്പെടുന്നവരുടെ അന്തസ്സ് വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വവും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.

സ്വയം പര്യാപ്തമായ സാമ്പത്തിക സംവിധാനങ്ങൾ കാലക്രമേണ ഉറപ്പുവരുത്തുന്നതിന് ഇത്തരത്തിലുള്ള മനുഷ്യവികസനോന്മുഖമായ പദ്ധതികൾ ഏറെ ഫലപ്രദമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

മനുഷ്യജീവിതത്തിന്റെ പവിത്രതയെക്കുറിച്ചുള്ള അവബോധത്തെ അടിസ്ഥാനമാക്കിയുള്ളതും മെച്ചപ്പെട്ട ഒരു ലോകത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിക്കുന്നതുമായ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പാപ്പാ ആശംസകൾ അർപ്പിക്കുകയും, കൂടുതൽ വിശാലമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു.